ഇലോണ്‍ മസ്‌കിനെ നാടുകടത്തുമോ? പരിശോധിക്കാമെന്ന് ട്രംപ്
നികുതിയുമായി ബന്ധപ്പെട്ട 'ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ' മസ്കുമായി തർക്കം തുടരുന്നതിനിടെയാണ് നാടുകടത്തലും ട്രംപിന്റെ മറുപടികളിൽ വന്നത്.

ന്യൂയോര്‍ക്ക്: ടെസ്‌ല ചെയര്‍മാന്‍ ഇലോൺ മസ്കിനെ നാടുകടത്തുമോയെന്ന ചോദ്യങ്ങളെ തള്ളിക്കളയാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോണ്‍ മസ്‌കിനെ നാടു കടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് ഇപ്പോള്‍ അറിയില്ലെന്നും നമുക്ക് നോക്കാമെന്നും ട്രംപ് മറുപടി പറഞ്ഞു.
ഫ്ലോറിഡയിലേക്കുള്ള യാത്രയ്‌ക്കു മുൻപായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇലോൺ മസ്ക് ദക്ഷിണാഫ്രിക്കൻ വംശജനാണെന്ന് സൂചിപ്പിച്ച ട്രംപ്, കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
നികുതിയുമായി ബന്ധപ്പെട്ട 'ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ' മസ്കുമായി തർക്കം തുടരുന്നതിനിടെയാണ് നാടുകടത്തലും ട്രംപിന്റെ മറുപടികളില്‍ വന്നത്. കഴിഞ്ഞ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന സഹായിയായിരുന്നു മസ്‌ക്. പുതിയ സര്‍ക്കാര്‍ വന്നപ്പോഴും മസ്‌കിന് വലിയ പ്രാധാന്യം ലഭിച്ചു. കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) മേധാവിയായിട്ടായിരുന്നു നിയമനം. യുഎസ് സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും അതുമായി ബന്ധപ്പെട്ട പരിശോധനയുമൊക്കെയായിരുന്നു ഡോജിന്റെ പ്രവര്‍ത്തനം.
എന്നാല്‍, നികുതി സംബന്ധിച്ച ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫ്യുള്‍ ആക്ടോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതും അകലുന്നതും. പിന്നാലെ ഡോജ് സംവിധാനത്തിന്റെ മേധാവി ചുമതലയില്‍ നിന്നും അദ്ദേഹം രാജിവെച്ചു. അതേസമയം ട്രംപിന്റെ ബില്ല് തീർത്തും ഭ്രാന്താണെന്നും രാഷ്ട്രീയ ആത്മഹത്യയാണെന്നുമായിരുന്നു നേരത്തെ ഇലോൺ മസ്‌ക് വിശേഷിപ്പിച്ചത്. ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിരുന്നു.
Adjust Story Font
16

