Quantcast

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ക്വാഡ് ചർച്ചകൾ; ഇന്തോ-പസഫിക്കിൽ വൻ മാറ്റം?

ഇറാൻ യുദ്ധം, റഷ്യ-യുക്രൈൻ സംഘർഷങ്ങൾ അടക്കമുള്ള ആഗോളപ്രശ്നങ്ങൾ, വ്യാപാര നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്വാഡ് അംഗങ്ങൾക്കിടയിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും, ഭിന്നതകളെല്ലാം പരിഹരിച്ച് ക്വാഡ് രാജ്യങ്ങൾ മുന്നോട്ട് പോകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

MediaOne Logo

Web Desk

  • Published:

    26 May 2026 12:03 PM IST

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ക്വാഡ് ചർച്ചകൾ; ഇന്തോ-പസഫിക്കിൽ വൻ മാറ്റം?
X

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷഭീതി തുടരുന്നതിനിടെ ക്വാഡ് യൂണിറ്റ് സജീവമാക്കാനുള്ള നീക്കവുമായി യുഎസ്. സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫിക് മേഖല ലക്ഷ്യമിട്ട്, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഡൽഹിയിൽ ആരംഭിക്കാനിരിക്കെയാണ് നീക്കം. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നിങ്ങനെ നാല് രാജ്യങ്ങളാണ് ക്വാഡ് കൂട്ടായ്മയിലുള്ളത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി മാർക്കോ റൂബിയോ സ്ഥാനമേറ്റതിന് പിന്നാലെയുള്ള ആദ്യ ക്വാഡ് കൂടിക്കാഴ്ചയാണിതെന്ന പ്രത്യേകതയും ഇത്തവണത്തെ കൂടിക്കാഴ്ചയ്ക്കുണ്ട്.

ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്, ജാപ്പനീസ് പ്രധാനമന്ത്രി തോഷിമിത്സു മൊട്ടേഗി എന്നിവരാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ക്വാഡ് യൂണിറ്റിനെ സജീവമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മറ്റ് രാജ്യങ്ങളുമായി മികച്ച പങ്കാളിത്തത്തോടെ മുന്നോട്ട് പോകുമെന്നും മാർക്കോ റൂബിയോ പറഞ്ഞു.

'ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷിതവും സുസ്ഥിരവുമായ ഭാവിക്ക് നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയുള്ള എന്‍റെ ആദ്യത്തെ ക്വാഡ് കൂടിക്കാഴ്ചയാണിത്. ഇനിയും നാം ഒരുമിച്ചുകൂടും'. റൂബിയോ ന്യൂഡൽഹിയിൽ പറഞ്ഞു.

നയതന്ത്രചർച്ചകൾക്കപ്പുറം സമുദ്രാതിർത്തികളിലെ സുരക്ഷ, വികസനകാര്യങ്ങളിലെ പരസ്പര സഹകരണം, നിർമിത ബുദ്ധി, നിർണായക ചരക്കുകളുടെ കയറ്റിറക്കങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലേക്കും അജണ്ട വികസിപ്പിക്കാൻ ക്വാഡ് പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറാൻ യുദ്ധം, റഷ്യ-യുക്രൈൻ സംഘർഷങ്ങൾ അടക്കമുള്ള ആഗോളപ്രശ്നങ്ങൾ, വ്യാപാര നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്വാഡ് അംഗങ്ങൾക്കിടയിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും, ഭിന്നതകളെല്ലാം പരിഹരിച്ച് ക്വാഡ് രാജ്യങ്ങൾ മുന്നോട്ട് പോകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തുകയെന്നതാണ് ഡൽഹിയിലെ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയാകുന്നത്. ദക്ഷിണമേഖലകളിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങൾ, സാങ്കേതിക വിദ്യകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലും ഉയർന്നുവരുന്ന മത്സരബുദ്ധി, നാല് രാജ്യങ്ങൾക്കിടയിലെ ചരക്ക് വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ പോലുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.

അതിർത്തിപ്രദേശങ്ങളിലെ സുസ്ഥിരവും സുരക്ഷിതവുമായ സാഹചര്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്വാഡ് യൂണിറ്റ് വ്യക്തമാക്കുമ്പോഴും, സൈനിക സഖ്യമെന്ന വിശേഷണത്തെ പാടെ തള്ളിക്കളയുകയാണ് അംഗങ്ങൾ. നാറ്റോ പോലൊരു സൈനിക സഖ്യമല്ല ക്വാഡെന്നാണ് ഇന്ത്യൻ നയതന്ത്രജ്ഞരുടെ നിലപാടെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.

യുഎസിനെ സംബന്ധിച്ചിടത്തോളം, ഏഷ്യൻ രാജ്യങ്ങളിൽ സംഘർഷത്തിന് വഴിതുറക്കാതെ ചൈനയുടെ വളർച്ചയെ പ്രതിരോധിക്കാനുള്ള നിരവധി പദ്ധതികളിലൊന്ന് മാത്രമാണ് ക്വാഡ് മുഖേനയുള്ള നീക്കങ്ങൾ. ചൈനയിൽ നിന്ന് ഉയർന്നുവന്നേക്കാവുന്ന ഭീഷണികളെ ഒരു പരിധിവരെ ചെറുക്കാനുള്ള ഉപാധികളിലൊന്നാണ് ക്വാഡെന്ന് മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ ജോൺ ഡാനിലോവ്സ്ക് പറഞ്ഞു.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ചേർന്നുള്ള പ്രധാനമായ കൂട്ടായ്മയാണ് ക്വാഡ്. ക്വാഡിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് എന്നതിന്‍റെ ചുരുക്കരൂപമാണിത്.

TAGS :

Next Story