ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതി സൈനികമേധാവി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
ശത്രുവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രായേല്‍ ചെയ്തതിന് പ്രതികാരം ചെയ്യുമെന്നും ഹൂതികള്‍

ഹൂതി സൈനിക കമാന്‍ഡര്‍ അബ്ദുൾ കരീം അൽ ഗമാരി Photo-AFP
സന്‍ആ: ഇസ്രായേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനിക കമാന്‍ഡര്‍ മുഹമ്മദ് അബ്ദുൾ കരീം അൽ ഗമാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ഹൂതികള്‍ മരണവിവരം പുറത്ത് അറിയിച്ചത്. അല്‍ ഗമാരിയുടെ 13 വയസ്സുള്ള മകനും കൊല്ലപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അല്‍ ഗമാരി കൊല്ലപ്പെട്ടതായി ഹൂതികള്‍ തന്നെയാണ് അറിയിച്ചത്. അല്‍ ഗമാരിക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സെപ്തംബര്‍ അവസാനം യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സന്‍ആയിലെ ഹൂതികളുടെ ജനറൽ സ്റ്റാഫ് ആസ്ഥാനമാണെന്ന് ഇസ്രയേൽ സൈന്യം മുന്‍പ് സൂചിപ്പിച്ചിരുന്നു. അതേസമയം ആഗസ്റ്റ് 28 ന് സന്‍ആയില്‍ നടന്ന വ്യോമാക്രമണത്തിലാണ് അൽ ഗമാരിക്ക് പരിക്കേറ്റതെന്നാണ് ഇസ്രായേൽ സേന വ്യക്തമാക്കുന്നത്. ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് റഹാവിയടക്കമുള്ള നേതാക്കള്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ശത്രുവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രായേല്‍ ചെയ്തതിന് പ്രതികാരം ചെയ്യുമെന്നും ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗസ്സക്ക് നേരെ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ് ശക്തമാക്കി അമേരിക്കയും ഇസ്രയേലും രംഗത്ത് എത്തി. ഗസ്സയിൽ ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘങ്ങളെ നേരിടുന്ന ഹമാസിനെതിരെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഗസ്സയിൽ ആളുകളെ വധിക്കുന്നത് നിർത്തിയില്ലെങ്കിൽ ഹമാസിനെ വധിക്കുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടാകില്ലെന്നാണാണ് ട്രംപ് നല്‍കുന്ന മുന്നറിയിപ്പ്.
Adjust Story Font
16

