Quantcast

സത്യപ്രതിജ്ഞക്ക് മംദാനി ഉപയോഗിച്ചത് ചരിത്രകാരന്‍ ആര്‍ട്ടുറോ ഷോംബര്‍ഗിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഖുര്‍ആന്‍

മാൻഹട്ടനിലെ ഡീകമ്മിഷൻ ചെയ്ത സബ്‌വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയർസ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിംകൂടിയാണ് ഇന്ത്യൻവംശജനായ മംദാനി.

MediaOne Logo
സത്യപ്രതിജ്ഞക്ക് മംദാനി ഉപയോഗിച്ചത് ചരിത്രകാരന്‍ ആര്‍ട്ടുറോ ഷോംബര്‍ഗിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഖുര്‍ആന്‍
X

വാഷിങ്ടണ്‍: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞക്കായി ഉപയോഗിച്ച ഖുര്‍ആനുകളിലൊന്ന് ഷോംബർഗ് സെന്റർ ഫോർ റിസർച്ച് ഇൻ ബ്ലാക്ക് കൾച്ചറിന്റെ ശേഖരത്തിൽ നിന്നുള്ളത്.

കറുത്തവര്‍ഗക്കാരനായ പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ ആര്‍ട്ടുറോ ഷോംബര്‍ഗിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഖുര്‍ആനാണിത്. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ നിന്നാണ് ഇത് ചടങ്ങിനായി എത്തിച്ചത്. ഷോംബർഗ് സെന്ററിലെ അമൂല്യമായ ശേഖരണ ഇനങ്ങളിൽ പ്രധാനപ്പെട്ടതാണിത്. അതേസമയം വരുന്ന ജനുവരി 6 ചൊവ്വാഴ്ച മുതൽ ന്യൂയോർക്ക് പബ്ലിക് ലൈബ്രറി, പൊതുജനങ്ങൾക്കായി ഈ ഖുർആൻ പ്രദർശിപ്പിക്കുന്നുണ്ട്. ഷോംബർഗ് സെന്റർ അതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് മേയർ അതിലെ ഖുര്‍ആന്‍ തന്നെ എടുക്കുന്നത്.

ആഫ്രോ-ലാറ്റിനോ വംശജനായ ഷോംബര്‍ഗ് ഒരു മുസ്‌ലിം ആയിരുന്നില്ല. എന്നാല്‍ കറുത്തവര്‍ഗക്കാരുടെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനായി അദ്ദേഹം തന്റെ ശേഖരത്തില്‍ ഖുര്‍ആനും ഉള്‍പ്പെടുത്തിയിരുന്നു. 18 -ാം നൂറ്റാണ്ടിൻ്റെ അന്ത്യപാതത്തിലോ 19 -ാം നൂറ്റാണ്ടിൻ്റെ ആദ്യപാതത്തിലോ അച്ചടിക്കപ്പെട്ട പോക്കറ്റ് വലിപ്പമാണ് ഇതിനുള്ളത്. കറുപ്പും ചുവപ്പും മഷിയിലാണ് എഴുതിയിരിക്കുന്നത്. ഓട്ടോമൻ സിറിയയിൽ നിർമ്മിച്ചതാണെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളും അതിലുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇത് ഷോംബര്‍ഗിന്റെ കയ്യിലെത്തിയത് എന്ന് വ്യക്തമല്ല.

"നമ്മുടെ നഗര ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണിത്, ലൈബ്രറിയുടെ ഖുർആനുകളിലൊന്ന് ഉപയോഗിച്ച് മേയർ മംദാനി സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ചതിൽ ഞങ്ങൾക്ക് അതിയായ ബഹുമാനമുണ്ട്" ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റും സിഇഒയുമായ ആന്റണി ഡബ്ല്യു. മാർക്സ് പറഞ്ഞു. അർതുറോ ഷോംബർഗ് സൂക്ഷിച്ച ഈ പ്രത്യേക ഖുർആൻ, മംദാനി ഉപയോഗിക്കുന്നതോടെ പ്രാതിനിധ്യത്തിന്റെയും പൗരബോധത്തിന്റെയും ഒരു മഹത്തായ കഥയെയാണ് ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാൻഹട്ടനിലെ ഡീകമ്മിഷൻ ചെയ്ത സബ്‌വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയർസ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിംകൂടിയാണ് ഇന്ത്യൻവംശജനായ മംദാനി.

TAGS :

Next Story