ഒടുവിൽ ഡൊണാൾഡ് ട്രംപിന് 'സമാധാനം'; എന്താണ് ഫിഫയുടെ സമാധാന പുരസ്‌കാരം?
ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നൽകുന്നത്

വാഷിംഗ്ടൺ ഡിസി: ഡിസംബർ 5 വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന 2026 ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിനിടെ പുതിയ 'സമാധാന' പുരസ്‌കാരം പ്രഖ്യാപിച്ച് ഫിഫ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഫിഫയുടെ ആദ്യ 'സമാധാന' പുരസ്‌കാര ജേതാവായത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാൻ വളരെക്കാലമായി താൽപര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഫിഫയുടെ പ്രഥമ പുരസ്‌കാരം നേടുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നതായി എപി റിപ്പോർട്ട് ചെയ്തു. ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ട്രംപിന്റെ ശ്രമങ്ങൾക്ക് നൊബേൽ ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപിന്റെ അടുത്ത അനുയായി കൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.
എന്താണ് ഫിഫയുടെ സമാധാന പുരസ്‌കാരം?
ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നൽകുന്നത്. ഈ പദ്ധതി കഴിഞ്ഞ നവംബറിലാണ് ലോക ഫുട്ബോൾ ഭരണസമിതി പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ട്രംപിന് അവാർഡ് നൽകിയത് എന്നും റിപ്പോർട്ടുണ്ട്.
ഫിഫ അവാർഡും വിവാദങ്ങളും
വെനിസ്വേലയ്ക്ക് ചുറ്റും വൻ യുഎസ് സൈനിക വിന്യാസം ആരംഭിച്ചതിനും മയക്കുമരുന്ന് കള്ളക്കടത്ത് ബോട്ടുകൾക്കെതിരെ എന്ന പേരിൽ മാരകമായ വ്യോമാക്രമണത്തിന് ഉത്തരവിട്ടതിനും ഡെമോക്രാറ്റുകളിൽ നിന്നും മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും വിമർശനം നേരിടുന്നതിനിടെയാണ് ട്രംപിന് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. കുടിയേറ്റത്തിനെതിരെ കർശനമായ നടപടികളും അദ്ദേഹം ഈ കാലയളവിൽ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ഈ അവാർഡ് നൽകുന്നതിനായി സ്വീകരിച്ച നോമിനികളുടെ പട്ടിക,വിധികർത്താക്കൾ, മാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ ആവശ്യപ്പെട്ട് ഫിഫയ്ക്ക് കത്തെഴുതിയതായും എന്നാൽ മറുപടി ലഭിച്ചിട്ടില്ലെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) പറഞ്ഞു.
Adjust Story Font
16

