Quantcast

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് പാകിസ്താനിലേക്ക്? സമാധാനശ്രമങ്ങൾ ഊർജിതമാക്കാൻ യുഎസ്

വെടിനിർത്തലുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരുരാജ്യങ്ങളും ധാരണയാകുകയാണെങ്കിൽ നേരിട്ടോ വിഡിയോ കോൺഫറൻസ് വഴിയോ ട്രംപ് ചർച്ചയിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-21 10:51:20.0

Published:

21 April 2026 4:18 PM IST

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് പാകിസ്താനിലേക്ക്? സമാധാനശ്രമങ്ങൾ ഊർജിതമാക്കാൻ യുഎസ്
X

വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നതിനിടെ ഇറാന്‍-യുഎസ് രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാകിസ്താനിലേക്കെന്ന് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരുരാജ്യങ്ങളും ധാരണയാകുകയാണെങ്കില്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ട്രംപ് ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള ന്യൂസ് ഏജന്‍സികള്‍ വ്യക്തമാക്കി. ഇസ്‌ലാമാബാദില്‍ വെച്ചുനടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് പാകിസ്താന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ആദ്യഘട്ട വെടിനിർത്തൽ കരാറിന് പിന്നാലെ ഇസ്‌ലാമാബാദിൽ വെച്ചുനടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.

ഇറാന്‍-യുഎസ് ഒന്നാംവട്ട വെടിനിര്‍ത്തല്‍ നാളെ അവസാനിക്കാനിരിക്കെ, ഇതിനിയും മുന്നോട്ട് നീട്ടിക്കൊണ്ടുപോകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. നേരത്തെ, ഇറാനിയന്‍ പതാകയുള്ള കപ്പല്‍ യുഎസ് പിടിച്ചെടുത്തതില്‍ ഇറാന്‍ കനത്ത പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് യുഎസ് അധികൃതരുടെ പ്രതികരണം. അതേസമയം, ഹോര്‍മുസില്‍ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇറാനെ അനുനയിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശത്രുരാജ്യങ്ങള്‍ വീണ്ടും സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ അതിശക്തവും ഉടനടിയുള്ളതുമായ തിരിച്ചടി നല്‍കുമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും മാനേജ്‌മെന്റിലും തങ്ങളുടെ ശക്തി നിര്‍ണായകമാണെന്നും ഇറാന്‍ സായുധ സേനയിലെ മുതിര്‍ന്ന കമാന്‍ഡര്‍ അലി അബ്ദുല്ലാഹി പ്രതികരിക്കുകയും ചെയ്തു.

ഫെബ്രുവരി 28-ന് യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാനില്‍ മാത്രമായി 3,000-ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 20,000-ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിലധികവും. യഥാര്‍ഥ കണക്കുകള്‍ അതില്‍ കൂടുതല്‍ വരും.

TAGS :

Next Story