Quantcast

ഫലസ്തീനികളുടെ മണ്ണ് ഇസ്രായേൽ പിടിച്ചെടുത്തു; ശക്തരായതുകൊണ്ട് എന്തും ചെയ്യാമെന്ന നിലപാടിലാണവർ: ഒബാമ

ഇസ്രായേലി പൗരന്മാർ ഭാവി തലമുറയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ഒബാമ ആവശ്യപ്പെട്ടു. നിങ്ങളുടെ മക്കളും പേരമക്കളും ഈ മേഖലയിൽ എങ്ങനെ ജീവിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ചുറ്റും മതിലുകൾ കെട്ടി എല്ലാവരെയും ഇല്ലാതാക്കി ജീവിക്കാനാണോ ഉദ്ദേശിക്കുന്നത്? അതോ സ്വയം പ്രതിരോധിക്കുന്നതിനൊപ്പം തന്നെ നീതിപൂർവവും ധാർമികവുമായ മാർഗം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

MediaOne Logo
ഫലസ്തീനികളുടെ മണ്ണ് ഇസ്രായേൽ പിടിച്ചെടുത്തു; ശക്തരായതുകൊണ്ട് എന്തും ചെയ്യാമെന്ന നിലപാടിലാണവർ: ഒബാമ
X

ബെൽഫാസ്റ്റ്: ഫലസ്തീൻ ജനതയുടെ ഭൂമി ഇസ്രായേൽ കയ്യേറിയെന്നും അവരുടെ മേൽ അതിക്രമങ്ങൾ കാട്ടിയെന്നും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇസ്രായേലിന്റെ രൂപീകരണ ചരിത്രം മുതൽ ഫലസ്തീനികളോട് കാട്ടിയ സമീപനങ്ങളെ പരാമർശിച്ചാണ് ഒബാമയുടെ വിമർശനം. പലസ്തീനികൾ തങ്ങളുടെ ഭൂമി തിരിച്ചുചോദിക്കുന്നത് സ്വാഭാവിക പ്രതികരണമാണെന്നും നിലവിലെ നീക്കങ്ങളിലൂടെ ഇസ്രായേൽ ധാർമികത കൈവിട്ടതായും അദ്ദേഹം വ്യക്തമാക്കി.

വടക്കൻ അയർലൻഡിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റിൽനിന്ന് ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തക സൂസൻ മക്കെയുമായി നടത്തിയ സംഭാഷണത്തിലാണ് പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ചും ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

സാംസ്‌കാരികമായും സൈനികമായും ജൂത ജനത ആധിപത്യം ഉറപ്പിച്ചപ്പോൾ, ഇതൊരു അനീതിയാണ്, തങ്ങൾക്ക് ഭൂമി തിരികെ വേണം എന്ന് ഫലസ്തീനികൾ പറഞ്ഞത് സ്വാഭാവികവും ന്യായവുമാണെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മേഖലയിൽ ദീർഘകാല സമാധാന പരിഹാരങ്ങൾ സാധ്യമാകണമെങ്കിൽ സംഘർഷങ്ങൾക്ക് യഥാർത്ഥ അറുതി അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നൂറ്റാണ്ടുകളായി യൂറോപ്പിലടക്കം ജൂത ജനത പീഡനങ്ങൾക്കും വിവേചനങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇരയായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും അതിനാൽ അവർ അഭയസ്ഥാനം തേടിയത് മനസിലാക്കാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഈ ശക്തിയും മേൽക്കൈയും മുൻനിർത്തി നടത്തുന്ന നടപടികൾ ശരിയല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

''ഞങ്ങളാണ് ഏറ്റവും ശക്തർ, സാങ്കേതികമായി ഏറ്റവും മുന്നിൽ നിൽക്കുന്നവർ, അതിനാൽ തോന്നിയതെല്ലാം ചെയ്യാനും ആഗ്രഹിക്കുന്നതെല്ലാം പിടിച്ചെടുക്കാനും ആർക്കും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കാനും ഞങ്ങൾക്ക് അവകാശമുണ്ടെന്ന നിലപാടാണ് ഇസ്രായേൽ സ്വീകരിക്കുന്നതെങ്കിൽ, ഹ്രസ്വകാലത്തേക്ക് അത് വിജയിച്ചേക്കാം. എന്നാൽ ആ നിലപാടിലൂടെ നിങ്ങൾ ധാർമിക അടിത്തറ പൂർണമായും കൈവിട്ടു കഴിഞ്ഞിരിക്കുന്നു''- ഒബാമ പറഞ്ഞു.

ഇസ്രായേലി പൗരന്മാർ ഭാവി തലമുറയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ഒബാമ ആവശ്യപ്പെട്ടു. നിങ്ങളുടെ മക്കളും പേരമക്കളും ഈ മേഖലയിൽ എങ്ങനെ ജീവിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ചുറ്റും മതിലുകൾ കെട്ടി എല്ലാവരെയും ഇല്ലാതാക്കി ജീവിക്കാനാണോ ഉദ്ദേശിക്കുന്നത്? അതോ സ്വയം പ്രതിരോധിക്കുന്നതിനൊപ്പം തന്നെ നീതിപൂർവവും ധാർമികവുമായ മാർഗം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ജൂതർക്കും ഫലസ്തീനികൾക്കും അവിടം വിട്ടുപോകാനാകില്ലെന്നും ഇരുവിഭാഗവും അവിടെത്തന്നെ തുടരുമെന്നും ഒബാമ ചൂണ്ടിക്കാട്ടി. അതേസമയം, ആയുധബലം കൊണ്ടോ കൂടുതൽ ആളുകളെ കൊന്നൊടുക്കിയോ ഫലസ്തീനികൾക്ക് ഇസ്രായേലിനെ മറികടക്കാനാവില്ലെന്നും, മാറ്റങ്ങൾക്കായി അവർ അഹിംസാപരമായ വഴികളാണ് തേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story