'ഇംപീച്ച് ചെയ്യണം'; ഇറാൻ യുദ്ധത്തിൽ ട്രംപിനെതിരെ അമേരിക്കയിൽ ജനരോഷം ശക്തം, പോൾ ഫലം പുറത്ത്
ഇതാദ്യമായല്ല ട്രംപിന്റെ തീരുമാനങ്ങള്‍ക്കും പോളിസികള്‍ക്കുമെതിരെ അമേരിക്കയില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്

- Updated:
2026-04-09 08:09:02.0

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തില്‍ നയതന്ത്രപരമായ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. ഇറാന്‍ യുദ്ധത്തിലും സമീപകാലങ്ങളിലുള്ള മറ്റ് വിഷയങ്ങളിലും ട്രംപ് സ്വീകരിച്ച വിവാദപരമായ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രജിസ്റ്റർ ചെയ്ത 52 ശതമാനം വോട്ടര്‍മാര്‍ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് നിലപാടുള്ളവരാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. 40 ശതമാനം പേര്‍ സര്‍വേയെ എതിര്‍ത്തതായും ന്യൂസ് സീക്ക് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും 'വലിയ നയതന്ത്രപരമായ പരാജയമെന്ന്' അടുത്തിടെ വിശേഷിക്കപ്പെട്ട 'ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരിയുമായി' ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ട്രംപിന് അമേരിക്കയില്‍ പിന്തുണ നഷ്ടപ്പെടുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇറാനെതിരായ സൈനികനീക്കത്തില്‍ പത്ത് ദശലക്ഷം ഡോളറുകള്‍ നഷ്ടപ്പെടുകയും രാജ്യത്തിന്റെ പ്രതിരോധമേഖലകളില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുകയും ചെയ്ത സാഹചര്യത്തിലാണിത്.
ഇറാന്‍ യുദ്ധത്തിലെ തീരുമാനങ്ങളും മറ്റ് വിഷയങ്ങളിലെ പോളിസികളിലും വിയോജിപ്പുള്ള 790-ഓളം പേര്‍ പോളിങ്ങില്‍ പങ്കെടുത്തതായാണ് വിവരം. റിപ്പബ്ലിക്കന്‍സിലെ ഏഴിലൊരു ഭാഗം ട്രംപിനെതിരെയാണെന്നാണ് കണക്കുകള്‍. 'ഫ്രീ സ്പീച്ച് ഫോര്‍ പീപ്പിള്‍' എന്ന സംഘടനയുടെ സ്ഥാപകനും അധ്യക്ഷനുമായ ജോണ്‍ ബോണിഫാസാണ് പോള്‍ നടത്തിയത്.
ഇതാദ്യമായല്ല ട്രംപിന്റെ തീരുമാനങ്ങള്‍ക്കും പോളിസികള്‍ക്കുമെതിരെ അമേരിക്കയില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ഭരണത്തിലെത്തിയ ആദ്യഘട്ടത്തില്‍ തന്നെ ട്രംപിനെതിരെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍, രണ്ട് നീക്കങ്ങളെയും സെനറ്റ് തള്ളുകയായിരുന്നു. പിന്നാലെയാണ് ഇറാന്‍ യുദ്ധത്തിലേറ്റ നയതന്ത്ര പരാജയത്തിലും ലെബനാൻ ആക്രമണത്തിലും ഉത്തരവാദിയായ പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റിനായി അമേരിക്കയിൽ മുറവിളി ശക്തമാകുന്നത്.
ഇസ്രായേലുമായി ചേര്‍ന്ന് യുഎസ് ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങൾ കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് അമേരിക്കയിലെ ജനങ്ങളെയും പ്രതിപക്ഷത്തെയും ചൊടിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് നീക്കം. ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മാത്രമായി 1,600-ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. യഥാര്‍ഥ കണക്കുകള്‍ അതിലേറെ വരും. ഇരുകൂട്ടരും തമ്മിലുള്ള രക്തച്ചൊരിച്ചില്‍ അതിരൂക്ഷമായ ഘട്ടത്തിലേക്ക് കാലെടുത്തുവെക്കുന്നതിനിടെ തുര്‍ക്കി, പാകിസ്താന്‍ രാജ്യങ്ങളുടെ നേതാക്കള്‍ ഇടപെട്ട് താല്‍ക്കാലിക വെടിനിര്‍ത്തലിലേക്കെത്തിക്കുകയായിരുന്നു. ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇറാന്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെ ലെബനാനില്‍ യുഎസ് നടത്തുന്ന കൂട്ടക്കുരുതി മേഖലയില്‍ വീണ്ടും ആശങ്ക ജനിപ്പിക്കുന്നുണ്ട്.
Adjust Story Font
16
