'ഭരണമാറ്റം' നടക്കുന്നത് വാഷിങ്ടണിൽ: ഇറാൻ യുദ്ധത്തിനിടെ വൈറ്റ്ഹൗസിൽ കൂട്ടപ്പിരിച്ചുവിടൽ
നവംബറിൽ നടക്കാനിരിക്കുന്ന നിർണായകമായ മിഡ്ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈറ്റ് ഹൗസിൽ വലിയൊരു 'ശുദ്ധീകരണം' നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

- Published:
3 April 2026 4:51 PM IST

വാഷിങ്ടൺ: ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധം പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ ആസ്ഥാനമായ വാഷിങ്ടണിൽ നടക്കുന്നത് വലിയ ഭരണമാറ്റം. ഫെബ്രുവരി 28ന് ഇറാനെ ആക്രമിച്ചത് മുതൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായികളും കാബിനറ്റ് അംഗങ്ങളും ഒന്നൊന്നായി പുറത്താവുകയാണ്. നവംബറിൽ നടക്കാനിരിക്കുന്ന നിർണായകമായ മിഡ്ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈറ്റ് ഹൗസിൽ വലിയൊരു 'ശുദ്ധീകരണം' നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിർത്തി സുരക്ഷയിലും കുടിയേറ്റ നയങ്ങളിലും കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആണ് ആദ്യം പുറത്തായത്. 'ഐസ് ബാർബി' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നോമിനെ മാർച്ച് അഞ്ചിനാണ് ട്രംപ് പുറത്താക്കിയത്. രണ്ട് യുഎസ് പൗരന്മാരുടെ മരണത്തിനിടയാക്കിയ ഐസിഇ വെടിവെപ്പ്, ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പരാജയം, ട്രംപിന്റെ അനുമതിയില്ലാതെ തന്റെ അടുത്ത സുഹൃത്തുക്കൾക്ക് 220 മില്യൺ ഡോളറിന്റെ കരാർ നൽകിയെന്ന ആരോപണം എന്നിവയാണ് നോമിന് തിരിച്ചടിയായത്.
തൊട്ടുപിന്നാലെ ഏപ്രിൽ രണ്ടിന് അറ്റോർണി ജനറൽ പാം ബോണ്ടിയെയും ട്രംപ് സ്ഥാനത്ത് നിന്ന് നീക്കി. ട്രംപിന്റെ ശത്രുക്കളെ നിയമപരമായി കുടുക്കുന്നതിൽ പരാജയപ്പെട്ടതും, എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വന്ന പിഴവുമാണ് ബോണ്ടിയുടെ പുറത്താക്കലിന് കാരണമായി പറയുന്നത്.
സിവിലിയൻ ഉദ്യോഗസ്ഥരെ മാത്രമല്ല, സൈനിക തലപ്പത്തും വലിയ മാറ്റങ്ങളാണ് നടക്കുന്നത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈന്യത്തിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി ജോയിന്റ് ചീഫ് ചെയർപേഴ്സൺ ജനറൽ സി.ക്യു ബ്രൗൺ ഉൾപ്പെടെയുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരെയാണ് നീക്കം ചെയ്തത്. ഏപ്രിൽ മൂന്നിന് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജ് ഉൾപ്പെടെയുള്ളവരെയും പുറത്താക്കി. ഇറാൻ യുദ്ധം പ്രതീക്ഷിച്ച വേഗതയിൽ മുന്നോട്ട് പോകാത്തതും ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായതുമാണ് ഈ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവരെയും ഉടൻ പുറത്താക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റിനോടും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനോടും ഇറാനിൽ പ്രതിസന്ധി നേരിടുന്നതിലെ അതൃപ്തി ട്രംപ് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട ട്രംപ് ഇപ്പോൾ സ്വന്തം ഭരണകൂടത്തിലെ പ്രമുഖരെ പുറത്താക്കണ്ട അവസ്ഥയിലാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പും യുദ്ധത്തിന്റെ ഗതിയും ഈ 'ശുദ്ധീകരണ' പ്രക്രിയയെ കൂടുതൽ സങ്കീർണമാക്കുമെന്നുറപ്പാണ്.
Adjust Story Font
16
