Quantcast

'താരിഫ് ബോംബു'മായി ട്രംപ്; ഇറാനുമായി ആയുധക്കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി

ഇറാന്‍ യുദ്ധത്തില്‍ രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രഖ്യാപനം.

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-09 10:46:33.0

Published:

9 April 2026 4:12 PM IST

താരിഫ് ബോംബുമായി ട്രംപ്; ഇറാനുമായി ആയുധക്കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി
X

വാഷിങ്ടണ്‍: മധ്യസ്ഥ ഇടപെടലുകളിലൂടെ ഇറാന്‍ യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഭീഷണി മതിയാക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ആയുധക്കച്ചവടം നടത്തുന്ന രാജ്യങ്ങളില്‍ നിന്ന് അമേരിക്ക വാങ്ങുന്ന സാധനങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍ യുദ്ധത്തില്‍ രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രഖ്യാപനം.

'ഇറാന് ആയുധങ്ങളും സൈനികസാമഗ്രികളും എത്തിച്ചുകൊടുക്കുന്ന രാജ്യങ്ങളുടെ മേല്‍ ഉടന്‍ തന്നെ ഞങ്ങള്‍ താരിഫ് ചുമത്തും. അമേരിക്കയിലേക്ക് അവര്‍ വില്‍ക്കുന്ന ചരക്കുകള്‍ക്ക് 50 ശതമാനമാണ് താരിഫ് ചുമത്താൻ തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ യാതൊരു ഒഴിവുകഴിവുകളുമുണ്ടാകില്ല'. ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. ഏതെല്ലാം രാജ്യങ്ങള്‍ക്കെതിരെയാണ് 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നതെന്ന് പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, പശ്ചിമേഷ്യൻ ഇറാന് പിന്തുണ നല്‍കിയ ചൈനയെയും റഷ്യയെയുമാണ് ട്രംപ് ലക്ഷ്യംവെച്ചതെന്നാണ് സൂചനകള്‍.

ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം അതിരൂക്ഷമാകുന്നതിനിടെ മിസൈല്‍ വിതരണം, വ്യോമസംവിധാനങ്ങള്‍, ടെക്‌നോളജി എന്നിവയിലൂടെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ ചൈനയും റഷ്യയും ഇറാനെ സഹായിച്ചിരുന്നെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഈ പിന്തുണ ഇരുരാജ്യങ്ങളും കുറച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇറാന് സൈനികപിന്തുണ നല്‍കിയെന്ന ആരോപണം ബെയ്ജിങ്, മോസ്‌കോ വക്താക്കള്‍ തള്ളിക്കളയുകയും ചെയ്തു. ട്രംപ് അധികാരത്തിലെത്തിയ ആദ്യഘട്ടത്തില്‍ തന്നെ ചൈനീസ് ചരക്കുകള്‍ക്കെതിരെ സെക്ഷന്‍ 301 പ്രകാരം അന്യായ താരിഫ് ചുമത്തിയിരുന്നു.

നേരത്തെ, യുഎസ്-ചൈന ബന്ധം സംയമനത്തോട് കൂടി നിലനിര്‍ത്തണമെന്നതാണ് പ്രസിഡന്റ് തീരുമാനമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പ്രതികരിച്ചിരുന്നു. ചൈന പോലൊരു രാജ്യവുമായി സാമ്പത്തികമായി ഏറ്റുമുട്ടാനുള്ള താല്‍പ്പര്യമില്ലെന്നും ഗ്രീര്‍ പറഞ്ഞിരുന്നു. ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ പ്രാബല്യത്തിലെത്തിയ സാഹചര്യത്തിൽ ഇറാനെയും പിന്തുണക്കുന്ന രാജ്യങ്ങളെയും ക്ഷീണിപ്പിക്കുകയെന്നതാണ് ട്രംപിന്‍റെ ഉദ്ദേശ്യം.

TAGS :

Next Story