Quantcast

ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോണാക്രമണം നടത്തിയെന്ന് ട്രംപ്; ഹോർമുസുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

ഹോർമുസ് കടലിടുക്ക് തങ്ങളുടേതാണെന്നും അമേരിക്കക്ക് അതിൽ യാതൊരു ബന്ധവുമില്ലെന്നും ഐആർജിസി

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-06-26 17:25:12

Published:

26 Jun 2026 10:52 PM IST

ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോണാക്രമണം നടത്തിയെന്ന് ട്രംപ്; ഹോർമുസുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ
X

വാഷിങ്ടൺ: യുഎസ്-ഇറാൻ സമാധാനചർച്ചകൾക്കിടെ ഇറാനെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസിൽ ഉപരോധത്തിൽ കഴിയുന്ന കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയ ഇറാൻ, കരാർ ലംഘിക്കാനുള്ള പുറപ്പാടിലാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ചരക്ക് കപ്പലുകളിലൊന്നിന് നേരെയുണ്ടായ ആക്രമണം യുഎസ് സൈന്യം ചെറുത്തെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം.

'ഹോർമുസിലെ ഉപരോധത്തിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് നേരെ വൺ വേ ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്. കരാർ ലംഘിക്കാനായി തെരഞ്ഞെടുത്തതിൽ വെച്ചേറ്റവും മണ്ടൻ തീരുമാനമായിരുന്നു അത്'. ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചർച്ചകൾ മധ്യസ്ഥരാജ്യങ്ങളുടെ ഇടപെടലിലൂടെ തുടരുന്നതിനിടെയാണ് ട്രംപിന്‍റെ പ്രതികരണം.

'കടലിടുക്കിൽ തുടരുന്ന വലിയ കാർഗോ കപ്പലിലാണ് ഒരു ഡ്രോൺ ചെന്നുപതിച്ചത്. കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയെന്നാണ് വിവരം. പൂർണമായും കേടുപറ്റിയിട്ടില്ല'. ട്രംപ് കൂട്ടിച്ചേർത്തു. ശേഷിക്കുന്ന ഇറാനിയൻ ഡ്രോണുകളെ യുഎസ് സൈന്യം വെടിവെച്ചിട്ടെന്നും ട്രംപ് പറഞ്ഞു. 'മൂന്ന് ഡ്രോണുകളെ ഞങ്ങളുടെ സൈന്യം കൃത്യമായി വെടിവെച്ചിട്ടു. തീർച്ചയായും, വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനായുള്ള മണ്ടൻ തീരുമാനമല്ലാതെ മറ്റൊന്നുമല്ല'. യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഏതൊക്കെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന കാര്യത്തിൽ ട്രംപ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഹോർമുസ് കടലിടുക്കിലെ ഉപരോധവുമായി ബന്ധപ്പെട്ട് ഇറാനുമായി നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനം ഏർപ്പെടുത്തിയെന്ന അമേരിക്കൻ വാദം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്ക് ഇറാന്‍റേതാണെന്നും അമേരിക്കക്ക് അതിൽ യാതൊരു ബന്ധവുമില്ലെന്നും ഐആർജിസി അറിയിച്ചു. അമേരിക്കയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുകയില്ലെന്നും ഇറാൻ പ്രതികരിച്ചു.

നേരത്തെ, ഹോർമുസ് കടലിടുക്കിൽ കഴിയുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള കപ്പലിന് നേരെ കഴിഞ്ഞ ദിവസം ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കപ്പലാണോ ട്രംപ് ഉദ്ദേശിച്ചതെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും തന്നെ മറ്റ് വൃത്തങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിലെ ധാരണാപത്രത്തിൽ ഒപ്പുവെച്ച് ദിവസങ്ങൾക്കകമുള്ള ഈ ആക്രമണം സമാധാനചർച്ചകളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്ക തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുഗമമായ സഞ്ചാരപാത ഉറപ്പുവരുത്തുകയെന്നത് ധാരണാപത്രത്തിലെ സുപ്രധാന നിർദേശങ്ങളിലൊന്നായിരുന്നു.

അതേസമയം, ട്രംപ് സൂചിപ്പിച്ച ആക്രമണത്തിന് പിന്നിൽ ഇറാൻ അല്ലെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ അംഗീകാരമില്ലാത്ത റൂട്ടിലൂടെ കടന്നുപോകുന്ന കപ്പലുകളെ മാത്രമേ ആക്രമിക്കൂവെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുടൻ നടന്ന ആക്രമണത്തിൽ ഇറാന്‍റെ പങ്ക് അസാധ്യമാണെന്ന് ചില യുഎസ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

TAGS :

Next Story