Quantcast

ആരോഗ്യപ്രശ്നങ്ങളിൽ ബൈഡനെ വിമർശിച്ച ട്രംപ് സ്വന്തം ആരോഗ്യം ശ്രദ്ധിച്ചില്ലേ? അഭ്യൂഹങ്ങൾക്ക് പിന്നിലെന്ത്? വെളിപ്പെടുത്തലുമായി ട്രംപ്...

മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആരോഗ്യനിലയെ നിശിതമായി വിമർശിച്ചയാളെന്ന നിലയിൽ ട്രംപിന്‍റെ ആരോഗ്യപ്രശ്നങ്ങൾ അമേരിക്കക്കാർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-05-27 09:25:33.0

Published:

27 May 2026 2:53 PM IST

ആരോഗ്യപ്രശ്നങ്ങളിൽ ബൈഡനെ വിമർശിച്ച ട്രംപ് സ്വന്തം ആരോഗ്യം ശ്രദ്ധിച്ചില്ലേ? അഭ്യൂഹങ്ങൾക്ക് പിന്നിലെന്ത്? വെളിപ്പെടുത്തലുമായി ട്രംപ്...
X

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മോശം ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളുമെല്ലാം അതിവേഗത്തിലാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കാറുള്ളത്. സമീപകാലങ്ങളിലെ ട്രംപിന്‍റെ മേക്കപ്പ് രീതികളെല്ലാം ഒരു പരിധിവരെ സോഷ്യൽമീഡിയയിലെ അഭ്യൂഹങ്ങൾക്ക് കരുത്ത് പകരാറുമുണ്ട്. നേരത്തെ, ട്രംപിന്‍റെ തലച്ചോർ അസാധാരണ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഏറെ പ്രയാസപ്പെട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നതെന്നും രണ്ട് അമേരിക്കൻ മനശ്ശാസ്ത്രജ്ഞർ വെളിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

ട്രംപിന്‍റെ പെരുമാറ്റ രീതികളിൽ നിന്നും സംസാരങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഡെമൻഷ്യയുടെ ലക്ഷണങ്ങളാണെന്നതടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ അതിരൂക്ഷമായി തുടരുന്നതിനിടെയും ട്രംപിന്‍റെ ആരോഗ്യാവസ്ഥയെയും അസുഖങ്ങളെയും കുറിച്ചുള്ള വാർത്തകൾ അതിവേഗം വൈറലാകാറുണ്ട്, അവ ആധികാരികതയില്ലാത്ത അഭ്യൂഹങ്ങളാണെങ്കിൽ പോലും.

എന്നാൽ, ഇപ്പോഴിതാ, തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ട്രംപ്. അടുത്ത മാസം 80-ാമത് ജന്മദിനം ആഘോഷിക്കാനിരിക്കെ വാൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്‍ററിൽ നടത്തിയ മെഡിക്കൽ ചെക്കപ്പിന് ട്രംപ് വിധേയനായിരുന്നു. എല്ലാം കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ ട്രംപിന്‍റെ പ്രതികരണം. റിസൾട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ താൻ വലിയ സന്തുഷ്ടനാണെന്നും പൂർണ ആരോഗ്യവാനാണെന്നും കഴിഞ്ഞ ഒരു വർഷത്തോളമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാർത്തകളുടെ ആയുസ് ഇതോടെ തീരുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

'വാൾട്ടർ റീഡ് മിലിറ്ററി മെഡിക്കൽ സെന്‍ററിൽ നിന്ന് ഫിസിക്കൽ ചെക്കപ്പ് നടത്തി. എല്ലാ കാര്യങ്ങളും കൃത്യവും വ്യക്തവുമായി തന്നെ ചെക്ക് ചെയ്തു. അവിടത്തെ ഡോക്ടർമാർക്കും ജീവനക്കാർക്കും നന്ദി. വൈറ്റ് ഹൌസിലേക്ക് തിരിച്ചുപോകുകയാണ്'. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ജൂൺ 14-ന് 80 വയസ് തികയാനിരിക്കുന്ന ട്രംപിന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് സമീപകാലങ്ങളായി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. നേരത്തെ, ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ പ്രസിഡന്‍റിന്‍റെ കഴുത്തിൽ തെളിഞ്ഞുകണ്ട ചുവന്ന പാട് പലരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് യുഎസിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയം വലിയ രീതിയിൽ ചർച്ചയായതോടെ, ചർമ്മത്തിലെ ചികിത്സയുടെ ഭാഗമായി പുരട്ടിയ ക്രീം കാരണമാണ് പ്രസിഡന്റെ കഴുത്തിൽ ചുവന്ന പാടുണ്ടായതെന്ന് ഡോക്ടർമാർ വിശദീകരണം നൽകുകയും ചെയ്തിരുന്നു. അതേസമയം, എന്ത് അസുഖത്തിന്‍റെ ഭാഗമായാണ് ക്രീം ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ട്രംപിന്‍റെ വലതുകൈയിലെ പാടുകളും ചർച്ചയായിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൈറ്റ് ഹൌസ് വിശദീകരണം നൽകി. ഇടയ്ക്കിടെയുള്ള ഹസ്തദാനം മൂലമാണിതെന്നാണ് വൈറ്ര് ഹൌസ് പറഞ്ഞത്. ട്രംപിന് ക്രോണിക് വൈനസ് ഇൻസഫിഷ്യൻസി ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കാലിലെ സിരകൾ ഹൃദയത്തിലേക്ക് രക്തം തിരികെയെത്തിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയാണിത്. ഇതിന്‍റെ ഭാഗമായി കണങ്കാലിൽ വീക്കവുമുണ്ടാകാറുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ ട്രംപിന്‍റെ ആരോഗ്യത്തെ കുറിച്ച് വൈറ്റ് ഹൌസ് വിശദമായി പറഞ്ഞിരുന്നു. ട്രംപിന്‍റെ ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ മികച്ചതാണെന്നുമാണ് അന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നത്. മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആരോഗ്യനിലയെ നിശിതമായി വിമർശിച്ചയാളെന്ന നിലയിൽ ട്രംപിന്‍റെ ആരോഗ്യപ്രശ്നങ്ങൾ അമേരിക്കക്കാർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. യുദ്ധം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലും ട്രംപിന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചും അസുഖങ്ങളെ കുറിച്ചും തുമ്പും വാലുമില്ലാതെ പ്രത്യക്ഷപ്പെടുന്ന വാർത്തകൾക്കും വായനക്കാരേറെയാണ്.

പിന്നാലെയാണ്, ആരോഗ്യസ്ഥിതിയിൽ തകരാറില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കിക്കൊണ്ട് ട്രംപ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. 2025 ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമതും അധികാരത്തിലേറിയ ട്രംപ്, യുഎസ് ചരിത്രത്തിലേറ്റവും പ്രായംചെന്ന ഭരണാധികാരികളിലൊരാളാണ്.

TAGS :

Next Story