'മിസൈലാക്രമണത്തിൽ ശരീരത്തിന്‍റെ ഒരുവശം തകർന്നിട്ടുണ്ട്, എങ്കിലും...'; അഭ്യൂഹങ്ങൾക്കിടെ മുജ്തബ ഖാംനഈ ജീവനോടെയുണ്ടെന്ന് ട്രംപ്
പരമോന്നത നേതാവിന്‍റെ ആരോഗ്യത്തെയും ചികിത്സയെ ചൊല്ലിയും വിവിധ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്‍റെ വെളിപ്പെടുത്തൽ

- Published:
26 Aug 2026 8:30 PM IST

വാഷിങ്ടൺ: ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ അലി ഖാംനഈ ജീവനോടെയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഖാംനഈയുടെ ഇടതുകൈയ്യടക്കം ശരീരത്തിന്‍റെ ഒരുഭാഗം പൂർണമായും ഗുരുതരമായ പരിക്കുകളേറ്റ് തകർന്നിരിക്കുകയാണന്നും എന്നാലും ജീവനോടെയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ പരമോന്നത നേതാവിന്‍റെ ആരോഗ്യത്തെ ചൊല്ലി ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്‍റെ പരാമർശം. നേരത്തെ, ഫെബ്രുവരി 28ലെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് ശേഷം ഖാംനഈ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
'അദ്ദേഹത്തിന് വളരെ ഗുരുതരമായ പരിക്കുകളുണ്ട്. ശരീരത്തിന്‍റെ ഇടതുഭാഗം, ഇടതുകൈ, കാൽ എന്നിങ്ങനെ മുഴുവനും തകർന്നിരിക്കുകയാണ്'. പൊളിറ്റിക്കൽ കമന്‍ററേറ്റർ ഗ്ല്വെൻ ബെക്കിനോട് ട്രംപ് പറഞ്ഞു. ഇതിനോടകം അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ ഇറാൻ നല്ലൊരു നാടകം തന്നെയാണ് കാഴ്ച വെക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അധികം വൈകാതെ അവസാനിക്കുമെന്നും ഹോർമുസ് കടലിടുക്ക് തുറന്നുകൊണ്ട് യുഎസ് യുദ്ധത്തിൽ ആധിപത്യം നേടിയെന്നും ട്രംപ് ആവർത്തിച്ചു.
കഴിഞ്ഞ ദിവസം മാത്രം 10 മില്യൺ ഓയിൽ ബാരലുകൾ കടലിടുക്ക് വഴി കടന്നുപോയിട്ടുണ്ടെന്നും 22 കപ്പലുകൾ അർധരാത്രിയിൽ കടന്നുപോകുമെന്നും ട്രംപ് പറഞ്ഞു. 'വെനസ്വേലയെ ഞങ്ങൾ അടുത്തിടെ പരാജയപ്പെടുത്തുകയുണ്ടായി. അധികം വൈകാതെ അടുത്തൊരു വിജയം കൂടി ഞങ്ങളെ തേടിയെത്തും'. അയാൾ കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരി 28ന് യുഎസുമായി ചേർന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയും മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തെങ്കിലും പൊതുപരിപാടികളിൽ മുജ്തബ പ്രതൃക്ഷപ്പെട്ടിരുന്നില്ല. ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായ പരിക്കുകളേറ്റതായാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.
മുജ്തബ ഖാംനഈയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് നേരത്തെയും പല വിധത്തിലുള്ള ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ ഖാംനഈക്കേറ്റ പരിക്കിൽ കാൽ മുറിച്ചുകളയേണ്ടിവന്നെന്നും വിദഗ്ധ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയെന്നുമെല്ലാം വിവിധ ഇസ്രായേലീ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തിന് ഇറാനിൽ സുരക്ഷിതമായ ചികിത്സ ലഭ്യമാക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് പ്രസിഡന്‍റ് പുടിന്‍റെ നിർദേശപ്രകാരം റഷ്യയിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന് റഷ്യയിലെ ഇറാനിയൻ അംബാസിഡർ കാസിം ജലാലി തന്നെയും വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തിൽ, പരമോന്നത നേതാവിന്‍റെ ആരോഗ്യത്തെയും ചികിത്സയെ ചൊല്ലിയും വിവിധ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്‍റെ വെളിപ്പെടുത്തൽ.
Adjust Story Font
16
