'ചൈനയുമായി കരാറിൽ ഏർപ്പെടുന്നത് അപകടകരം'; ബ്രിട്ടന് മുന്നറിയിപ്പുമായി ട്രംപ്
ചൈനയുമായി കരാറിലെത്തിയ കാനഡക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും മുന്നറിയിപ്പ് നൽകിയത്

- Published:
30 Jan 2026 7:00 PM IST

ന്യൂയോർക്ക്: ചൈനയുമായുള്ള വ്യാപാര കരാറിൽ ബ്രിട്ടന്് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള പുതിയ വ്യാപാര കരാർ വളരെ അപകടകരമാണെന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി. ചൈനയുമായി കരാറിലെത്തിയ കാനഡക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും ട്രംപ് മുന്നറിയിപ്പ് നൽകിയത്.
എട്ട് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് സ്റ്റാമർ. ചൈനയുമായുള്ള ശീതസമരത്തിൽ നിന്ന് പ്രായോഗിക ഇടപെടലിലേക്കുള്ള ചുവടുമാറ്റത്തിനുള്ള സൂചന കൂടിയാണിത്. ഷി ജിൻപിങ്ങുമായുള്ള മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയെ 'വളരെ മികച്ചത്' എന്നാണ് സ്റ്റാർമർ വിശേഷിപ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ബ്രിട്ടൻ സന്ദർശിക്കുന്നതിനായി സ്റ്റാർമർ ക്ഷണിച്ചിട്ടുണ്ട്.
ട്രംപിന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ബുദ്ധിപരമാണെന്ന് ഞാൻ കരുതുന്നില്ല എന്നായിരുന്നു സ്റ്റാർമറുടെ പ്രതികരണം. ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഹോങ്കോങ്ങിനൊപ്പം അവർ നമ്മുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഈ സന്ദർശനത്തിലൂടെ ബ്രിട്ടനിൽ തൊഴിലവസരങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും വലിയ അവസരങ്ങളാണ് തങ്ങൾ തുറന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കക്കും ചൈനക്കും ഇടയിൽ ബ്രിട്ടന് ഒരാളെ തിരഞ്ഞെടുക്കേണ്ടി വരില്ലെന്നും വാഷിങ്ടണുമായുള്ള ബന്ധം വഷളാക്കാതെ തന്നെ ചൈനയുമായി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്നും സ്റ്റാർമർ നേരത്തെ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Adjust Story Font
16
