'ഒരു മടങ്ങിപ്പോക്ക് ഇനി അസാധ്യം'; പ്രവാസികൾ തിരികെ വരാത്തതിന്റെ കാരണം വ്യക്തമാക്കി യുഎസ് പ്രവാസി
യുഎസ് പ്രവാസിയായ നിതിൻ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

- Published:
31 May 2026 8:02 PM IST

പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാർക്കും അതിന് സാധിക്കാത്തതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് പ്രവാസിയായ നിതിൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിദേശത്തേക്ക് കുടിയേറുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും പ്രധാന ലക്ഷ്യം നന്നായി അധ്വാനിച്ച്, പണം സമ്പാദിച്ച് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലാക്കി നാട്ടിലേക്ക് മടങ്ങുക എന്നതാണെന്നും, എന്നാൽ യാഥാർഥ്യം ഇതിലും എത്രയോ സങ്കീർണമാണെന്നും നിതിൻ വീഡിയോയിൽ വ്യക്തമാക്കുന്നു.
തന്റെ 15 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. പല പ്രവാസികളും വിദേശത്തേക്ക് പോകുമ്പോൾ തങ്ങൾക്കായി ചില സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കാറുണ്ട്. ആ ലക്ഷ്യം കൈവരിച്ചാൽ നാട്ടിലേക്ക് മടങ്ങാം എന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ സമയം കടന്നുപോകുമ്പോൾ, ഉയർന്ന വരുമാനത്തോടും, മികച്ച പർച്ചേസിങ് പവറിനോടും അവിടത്തെ സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷത്തോടും ആളുകൾ പൊരുത്തപ്പെട്ടുപോകും. അതോടെ അവരുടെ മുൻഗണനകളും ലക്ഷ്യങ്ങളും മാറിമറിയും.
''അഞ്ച് മുതൽ എട്ട് കോടി രൂപ വരെ സമ്പാദിച്ച ശേഷം ഞാൻ ഇന്ത്യയിലേക്ക് മടങ്ങും എന്ന് വിചാരിക്കുന്ന സഹോദരങ്ങളേ... ഇത് നടക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. ഞാൻ വിദേശത്ത് വന്നിട്ട് ഇപ്പോൾ 15 വർഷമായി. 5-8 കോടി രൂപ സമ്പാദിച്ച് ബാങ്കിലിട്ട ശേഷം നാട്ടിലേക്ക് മടങ്ങാം എന്ന് ഞാനും കരുതിയിരുന്നു. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് ഇപ്പോൾ മനസ്സിലാകുന്നു''- നിതിൻ പറയുന്നു.
അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വരുമാന വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യുഎസിൽ സാധാരണ ജോലികൾ ചെയ്യുന്നവർക്കോ ഗിഗ് ഇക്കോണമി (ഡെലിവറി, റൈഡ്-ഷെയറിങ് തുടങ്ങിയ താൽക്കാലിക ജോലികൾ) ചെയ്യുന്നവർക്കോ പോലും മാസത്തിൽ ആയിരക്കണക്കിന് ഡോളർ സമ്പാദിക്കാൻ കഴിയും. വീട്ടുവാടക, ഇൻഷുറൻസ്, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ അത്യാവശ്യ ചെലവുകളെല്ലാം കഴിഞ്ഞ് നല്ലൊരു തുക ഇവർക്ക് സമ്പാദ്യമായി മാറ്റിവെക്കാനും നാട്ടിലേക്ക് അയക്കാനും സാധിക്കുന്നുണ്ട്.
എന്നാൽ ഇന്ത്യയിൽ ഇത്തരം ജോലികൾക്ക് വളരെ കുറഞ്ഞ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഇത് വിദേശത്തെപ്പോലെയുള്ള ജീവിതനിലവാരം പുലർത്തുന്നതിനോ വേഗത്തിൽ പണം സമ്പാദിക്കുന്നതിനോ തടസമാകുന്നു. തന്മൂലം, വിദേശത്തെ സാമ്പത്തിക ഭദ്രതയോടും ജീവിതരീതിയോടും പൊരുത്തപ്പെട്ടുപോയ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുക എന്നത് വലിയൊരു വെല്ലുവിളിയായി മാറുന്നു.
പ്രവാസി സമൂഹത്തിൽ വലിയ സ്വാധീനമാണ് ഈ വീഡിയോ ഉണ്ടാക്കിയത്. 'റിട്ടേൺ ടു ഇന്ത്യ' (ഇന്ത്യയിലേക്കുള്ള മടക്കം) എന്ന ആശയത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ്, ഉയർന്ന ഭൂവില, സ്വകാര്യ വിദ്യാഭ്യാസത്തിനുള്ള വൻ തുക എന്നിവ കണക്കിലെടുക്കുമ്പോൾ അഞ്ച് മുതൽ എട്ട് കോടി രൂപ വരെയുള്ള സമ്പാദ്യം പോലും ഇന്ത്യയിൽ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനൽകുന്നില്ലെന്ന് വിദേശത്ത് ജോലി ചെയ്യുന്ന പല പ്രൊഫഷണലുകളും വാദിക്കുന്നു.
എന്നാൽ, സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല പ്രവാസികളെ സ്വാധീനിക്കുന്നതെന്ന് മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നു. പ്രായമായ മാതാപിതാക്കൾക്കൊപ്പം ജീവിക്കുക, സ്വന്തം സംസ്‌കാരവുമായി വീണ്ടും അടുക്കുക, നാട്ടിലെ സാമൂഹിക പിന്തുണ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആഗ്രഹങ്ങൾ വിദേശത്തെ സാമ്പത്തിക നേട്ടങ്ങളേക്കാൾ വലുതാണെന്ന് കരുതുന്ന നിരവധി പ്രവാസികൾ ഇപ്പോഴും ഉണ്ടെന്നും, അവരൊക്കെ ഒടുവിൽ ജന്മനാട്ടിലേക്ക് തന്നെ മടങ്ങുമെന്നും അവർ അഭിപ്രായപ്പെടുന്നു.
Adjust Story Font
16
