ഡോളർ കടത്ത് കേസ്: അഭിഭാഷകയെ കസ്റ്റംസ് ചോദ്യംചെയ്യും

അഭിഭാഷക ദിവ്യക്ക് കസ്റ്റംസ് നോട്ടീസ് നൽകി.

Update: 2021-03-06 04:51 GMT

ഡോളർ കടത്ത് കേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്റ്റംസ് ചോദ്യം ചെയ്യും. എട്ടാം തിയ്യതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ദിവ്യക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. സ്വർണ കള്ളക്കടത്ത് കേസിലും ഇവരുടെ ഇടപെടൽ പരിശോധിക്കുന്നുണ്ട്.

പാസ്പോര്‍ട്ട്, ബാങ്ക് ഡീറ്റെയില്‍സ് ഉള്‍പ്പെടെ ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അഭിഭാഷകയുമായി ബന്ധപ്പെട്ടു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്.

സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യംചെയ്യൽ. ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ഈ കേസിൽ സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റിലെ വിദേശ പൗരനായ ഖാലിദ്, ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവരാണ് പ്രതികൾ. ഖാലിദ് ഒഴികെയുളളവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഭരണപക്ഷത്തെ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നത്.

Tags:    

Similar News