'വംശഹത്യയെ വെള്ളപൂശാനുള്ള ശ്രമം, എപ്പോഴത്തേയും പോലെ പച്ചക്കള്ളങ്ങൾ ആവർത്തിക്കുന്നു'; യുഎന്നിലെ നെതന്യാഹുവിന്‍റെ പ്രസംഗത്തിൽ പ്രതികരണവുമായി മംദാനി

മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റതിന് പിന്നാലെ അമേരിക്കയില്‍ ജൂതവിഭാഗങ്ങള്‍ സുരക്ഷിതരല്ലെന്നും മംദാനിക്ക് ഹമാസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നുമാണ് നെതന്യാഹു പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നത്

Update: 2026-09-25 10:43 GMT

ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരണവുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെയും തന്റെ യുദ്ധക്കുറ്റങ്ങളെയും വെള്ളപൂശുന്നതിനായി യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകള്‍ ആവര്‍ത്തിക്കുകയാണ് നെതന്യാഹുവെന്ന് മംദാനി പറഞ്ഞു. മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റതിന് പിന്നാലെ അമേരിക്കയില്‍ ജൂതവിഭാഗങ്ങള്‍ സുരക്ഷിതരല്ലെന്നും മംദാനിക്ക് ഹമാസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നുമാണ് നെതന്യാഹു പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നത്.

Advertising
Advertising

'അദ്ദേഹം എപ്പോഴും ചെയ്യാറുള്ളത് പോലെ, ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയെയും യുദ്ധക്കുറ്റങ്ങളെയും വെള്ളപൂശുന്നതിനായി അടിസ്ഥാനരഹിതമായി കള്ളങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലും അതാണ് നാം കണ്ടത്. എങ്കിലും, എത്രതന്നെ നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞാലും അദ്ദേഹം ചെയ്തുകൂട്ടിയ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ മാഞ്ഞുപോകുന്നില്ല, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ടും യാഥാര്‍ത്ഥ്യമല്ലാതായിപ്പോകുന്നില്ല.' മംദാനി പ്രസ്താവിച്ചു.

മംദാനി ന്യൂയോര്‍ക്ക് മേയറായി സ്ഥാനമേറ്റതിന് പിന്നാലെ ജൂതവിഭാഗം ആശങ്കയോടെയാണ് ന്യൂയോര്‍ക്കില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്നായിരുന്നു നെതന്യാഹുവിന്റെ വിദ്വേഷപ്രസംഗത്തിലുണ്ടായിരുന്നത്. പിന്നാലെയാണ് മംദാനിയുടെ മറുപടി. നേരത്തെ, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേല്‍ നേതാക്കളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മംദാനി, നെതന്യാഹുവിനെ ന്യൂയോര്‍ക്കില്‍ വെച്ച് അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഫലസ്തീനില്‍ വലിയൊരു വംശഹത്യ തടയുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ സൈനികനീക്കം നടത്തുന്നതെന്നും ഇസ്രായേലിനോടും ജൂതവിഭാഗത്തിനോടും ശത്രുത വെച്ചുപുലര്‍ത്തുന്നവരെയെല്ലാം മംദാനി പിന്തുണക്കുകയാണെന്നും നെതന്യാഹു പ്രസംഗത്തില്‍ പറയുകയുണ്ടായി.

'മിസ്റ്റര്‍ മംദാനി, ന്യൂയോര്‍ക്ക് മേയറായി താങ്കള്‍ സ്ഥാനമേറ്റതിന് പിന്നാലെ ആശങ്കയോടെയാണ് ഇവിടെയുള്ള ജൂതവിഭാഗം ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്. അവര്‍ പല ആശങ്കകളും എന്നെ വിളിച്ച് പറയാറുണ്ട്. ഇങ്ങനെയായിരുന്നില്ല ന്യൂയോര്‍ക്കെന്നും താങ്കള്‍ അധികാരമേറ്റതിന് പിന്നാലെ ഇതൊരുപാട് മാറിപ്പോയെന്നും അവരെന്നോട് പറഞ്ഞിട്ടുണ്ട്. എത്ര പെട്ടെന്നാണ് ഈ നഗരം മാറിപ്പോയത്. ഹമാസിനെ പിന്തുണക്കുന്ന കുറ്റവാളികളെ നിങ്ങള്‍ വാഴ്ത്തിപ്പാടുന്നു. 9/11 അമേരിക്ക ചോദിച്ചുവാങ്ങിയതാണെന്ന് പ്രസ്താവിച്ച ഹസന്‍ പൈക്കറിനെ പോലുള്ളവരാണ് നിങ്ങളുടെ സുഹൃത്തുക്കള്‍. ഇസ്രായേലി തടവുകാരെ തല്ലിച്ചതക്കുകയും ശാരീരിക പീഡനങ്ങളേല്‍പ്പിക്കുകയും ചെയ്ത തടവുകാരെ കുറിച്ച് സിനിമയെടുത്ത ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരെ നിങ്ങള്‍ വീട്ടില്‍ വിരുന്നൂട്ടുകയും ചെയ്തു.' നെതന്യാഹു ആരോപിച്ചു. യുഎന്‍ അസംബ്ലിയില്‍ താന്‍ പങ്കെടുക്കരുതെന്ന് ആഗ്രഹിച്ച ഹമാസ് അംഗങ്ങള്‍ക്ക് മംദാനി പിന്തുണ നല്‍കിയെന്നും നെതന്യാഹു കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

അതേസമയം, പൊതുസഭയില്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയതും വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതില്‍ പ്രകോപിതനായി വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹുവിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോയ സംഭവത്തെ വലിയ രാഷ്ട്രീയ അപമാനമായാണ് വിവിധ രാഷ്ട്രീയ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.

ഇസ്രയേലില്‍ പൊതുതെരഞ്ഞെടുപ്പിന് അഞ്ചാഴ്ച മാത്രം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രീതിയിലായിരുന്നു നെതന്യാഹുവിന്റെ യുഎന്‍ പൊതുസഭയിലെ പ്രസംഗം. തന്നെ യുദ്ധക്കുറ്റവാളി എന്ന് വിളിച്ചതിന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയെയും, ജൂതവിരുദ്ധര്‍ക്ക് കീഴടങ്ങിയെന്ന് ആരോപിച്ച് പശ്ചിമ യൂറോപ്യന്‍ നേതാക്കളെയും നെതന്യാഹു പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഇറാനെ കൊലയാളി എന്ന് വിളിച്ചാണ് 40 മിനിറ്റോളം നീണ്ടുനിന്ന പ്രസംഗം ആരംഭിച്ചത്.

സൗദി അറേബ്യ, സുഡാന്‍, ടുണീഷ്യ, ഉസ്ബെക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അല്‍ജീരിയ, ഇറാന്‍, മലേഷ്യ, മോണ്ടിനെഗ്രോ, കിര്‍ഗിസ്ഥാന്‍, ജോര്‍ദാന്‍, ലിബിയ, മാര്‍ഷല്‍ ഐലന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ സീറ്റുകള്‍ നെതന്യാഹുവിന്റെ പ്രസംഗസമയത്ത് പൂര്‍ണമായും ഒഴിഞ്ഞുകിടന്നു. ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായും സഭ ബഹിഷ്‌കരിച്ചപ്പോള്‍, മറ്റ് ചില രാജ്യങ്ങള്‍ പ്രതിഷേധസൂചകമായി ഒരാളെ മാത്രം സഭയിലിരുത്തി ബാക്കി പ്രതിനിധികളെ പിന്‍വലിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News