വാഷിങ്ടൺ: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകൾ വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് ലഭ്യമാക്കി യുഎസ് നീതിന്യായ വകുപ്പ്. കഴിഞ്ഞ വർഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട നിയമം നിർബന്ധമാക്കിയതിനെ തുടർന്നുള്ള സർക്കാർതലത്തിലെ ഏറ്റവും വലിയ രേഖാ വെളിപ്പെടുത്തലാണിത്.
മൂന്ന് ദശലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വീഡിയോകളുമടങ്ങിയ രേഖകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. നിയമത്തിൽ നിശ്ചയിച്ച സമയപരിധി മറികടന്ന് ആറാഴ്ചകൾക്കുശേഷമാണ് രേഖകൾ പുറത്തുവിട്ടത്.
'അമേരിക്കൻ ജനതയ്ക്ക് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായുള്ള വളരെ സമഗ്രമായ രേഖ തിരിച്ചറിയലിന്റ്റെയും അവലോകനത്തിന്റെയും അവസാനഘട്ടമാണ് ഇന്നത്തെ റിലീസ്' എന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പ്രസ്താവനയിൽ പറഞ്ഞു.
എപ്സ്റ്റീന്റ്റെ ജയിൽവാസകാലത്തെ വിശദാംശങ്ങൾ, മനഃശാസ്ത്ര റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ, 2019 ആഗസ്റ്റിൽ ജയിലിൽ കഴിയുന്നതിനിടെ സംഭവിച്ച മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക്കടത്തിന് ഉപയോഗിക്കാൻ സഹായിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്റ്റെ കൂട്ടാളി ഗിസ്ലെയ്ൻ മാക്സ്വല്ലിനെ സംബന്ധിച്ച അന്വേഷണ രേഖകളും ഫയലുകളിൽ ഉൾപ്പെടുന്നു.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് റഷ്യന്‍ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ ലൈംഗികരോഗം പിടിപെട്ടുവെന്നും പുറത്തുവിട്ട രേഖകളിലുണ്ട്. ഗേറ്റ്‌സിനെ ലക്ഷ്യമാക്കി എപ്സ്റ്റീന്‍ എഴുതിയ മെയിലുകളാണ് പുറത്തുവന്നത്. മുന്‍ ഭാര്യയില്‍ നിന്ന് ഒളിപ്പിച്ചുവെച്ച ഗുരുതരമായ ലൈംഗികരോഗം ഗേറ്റ്‌സിനുണ്ടായിരുന്നുവെന്നും ഭാര്യ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള സൂചനകളും പുറത്തുവന്ന മെയിലുകളിലുണ്ട്. വിവാഹമോചന ഹരജി ഫയല്‍ ചെയ്താല്‍ കോടികളുടെ നഷ്ടം സംഭവിക്കുമെന്നും പരാമര്‍ശമുണ്ട്.
എപ്സ്റ്റീനും ഉന്നത വ്യക്തികളും തമ്മിലുള്ള ഇമെയിലുകളും രേഖകളിൽ കാണാം. ഇവയിൽ പലതും ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളവയാണ്. 2008-ൽ ഫ്ലോറിഡയിൽ 14 വയസ്സുള്ള പെൺകുട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യ കേസിൽ വിവാദപരമായ ഹര ജി കരാറിന് ശേഷം എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ടിരുന്നു.
പിന്നീട് വ്യാപകമായ ലൈംഗിക്കടത്ത് കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്നതിനിടെയാണ് 2019-ൽ എപ്സ്റ്റീൻ മരിച്ചത്. പുറത്തുവിട്ട പുതിയ രേഖകൾ കേസുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങൾ വീണ്ടും ശക്തമാക്കുമെന്നാണ് നിരീക്ഷക വിലയിരുത്തൽ.