പെണ്‍ബുദ്ധിയും അനുബന്ധ പ്രശ്‌നങ്ങളും ; സരസ്വതിയമ്മയുടെ കഥയെക്കുറിച്ച്

നവോത്ഥാനകാല എഴുത്തുകാരിയായ സരസ്വതിയമ്മയുടെ 'പെണ്‍ബുദ്ധി' എന്ന ചെറുകഥയുടെ വായന. സ്വയം മാറുകയും പുരുഷാധീശ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്‌ത്രൈണമായ ഇച്ഛാശക്തിയാണ് നവോത്ഥാന എഴുത്തുകാരിയായ സരസ്വതിയമ്മയില്‍ കാണുന്നത്.

Update: 2022-09-22 11:32 GMT
Click the Play button to listen to article

നവോത്ഥാനകാല എഴുത്തുകാരിയായ സരസ്വതിയമ്മയുടെ ചെറുകഥയാണ് 'പെണ്‍ബുദ്ധി'. നവോത്ഥാനം പല മുന്‍കാല ധാരണകളുടേയും ഖണ്ഡനവും ധിക്കാരവുമായിരുന്നു എന്ന് നമുക്കറിയാം. സ്ത്രീയെ സംബന്ധിക്കുന്ന പാരമ്പര്യമൂല്യങ്ങളും നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടു എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് നവോത്ഥാനകാലത്തെ ആദ്യ സമരം തന്നെ നടക്കുന്നത്. മാറു മറയ്ക്കല്‍ സമരം എന്നത് കേരളീയ നവോത്ഥാനത്തിലെ സവിശേഷ മുന്നേറ്റ സന്ദര്‍ഭമാണ്. മറ്റിടങ്ങളിലെ നവോത്ഥാനങ്ങളില്‍ നിന്നും കേരളീയ നവോത്ഥാനത്തെ വ്യതിരിക്തമാക്കുന്നത് തന്നെ കീഴാളസ്ത്രീസമരങ്ങളുടെ സാന്നിധ്യമാണ്.

തലച്ചോറുള്ള സ്ത്രീകള്‍

സരസ്വതിയമ്മ എഴുതിത്തുടങ്ങുന്നത് 1930 കളില്‍ ആണ്. അതുനുമുന്‍പുതന്നെ 1911 ല്‍ 'തലച്ചോറില്ലാത്ത സ്ത്രീ' എന്ന പേരില്‍ ഭാഷാപോഷിണി മാസികയില്‍ എം. സരസ്വതീ ഭായ് കഥയെഴുതുന്നുണ്ട്. ഒരു പുരുഷന്റെ പേരില്‍ കഥയെഴുതുന്ന സ്ത്രീ തന്റെ ഭര്‍ത്താവായ എഴുത്തുകാരനെ മറികടന്നുകൊണ്ട് രചനാ മത്സരത്തില്‍ ഒന്നാമതെത്തുന്നതാണ് ഈ കഥയുടെ പ്രമേയം. സ്ത്രീകള്‍ ബുദ്ധിയില്ലാത്തവരും പ്രത്യേക ജീവിതലക്ഷ്യമില്ലാത്തവരും ഭര്‍ത്താവിന്റെ ജീവിത ലക്ഷ്യത്തിനുള്ള കേവല സഹായികള്‍ മാത്രവുമാണെന്നുമുള്ള ധാരണ നവോത്ഥാനപൂര്‍വകാലത്ത് സജീവമായിരുന്നു. നവോത്ഥാന കാലത്തെ, മനുസ്മൃതി ചുട്ടെരിക്കാനുള്ള ആഹ്വാനങ്ങള്‍ സ്ത്രീവിരുദ്ധമായ നിയമസംഹിതകള്‍ ചുട്ടെരിക്കാനുള്ള ആഹ്വാനം കൂടിയായിരുന്നു എന്നു ഇന്ന് മനസിലാകും. സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ പദാവലികളിലും ബോധമണ്ഡലത്തിലും ആശയരൂപീകരണങ്ങളിലും വര്‍ത്തമാനകാലത്തിലടക്കം തുടര്‍ന്നു പോരുന്നുണ്ട്. ഇന്നും കലാതിലകം പെണ്‍കുട്ടിയും കലാപ്രതിഭ ആണ്‍കുട്ടിയുമാണ്. ബുദ്ധി പെണ്ണിനല്ല ആണിനു തന്നെയാണ് ഉള്ളതെന്നര്‍ഥം. തൊഴിലില്‍ നിന്ന് അന്യവല്‍കരിക്കപ്പെടുന്നതും കുട്ടികളെ വളര്‍ത്തേണ്ടി വരുന്നതുമായ സാഹചര്യങ്ങളാണ് ചരിത്രപരമായി സ്ത്രീയെ ന്യൂനീകരിച്ചത്. ലോകത്താകമാനം സാമൂഹികവിപ്ലവങ്ങളുടെ ഭാഗമായി സ്ത്രീ മുന്നേറ്റങ്ങള്‍ പ്രത്യേകസ്ഥാനം നേടുന്നുണ്ട്.


'A room for ones own' എന്ന കൃതിയുടെ രചനയുമായി ബന്ധപ്പെട്ട് വെര്‍ജീനിയ വൂള്‍ഫ് ചില വസ്തുതകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു ബിഷപ്പ് സ്ത്രീയെക്കുറിച്ച് പറയുന്നതാണ്. സ്ത്രീകള്‍ സ്വര്‍ഗത്തിലേക്ക് പോകില്ല, കാരണം പൂച്ചകള്‍ക്ക് ഏതാണ്ട് ഒരാത്മാവുണ്ടെങ്കിലും അവര്‍ സ്വര്‍iത്തില്‍ പോകില്ല. അതായത് പൂച്ചകളോടാണ് അയാള്‍ സ്ത്രീകളെ ഉപമിക്കുന്നത്. ഭൂതകാലത്തോ വര്‍ത്തമാനകാലത്തോ ഭാവികാലത്തില്‍ തന്നെയോ സ്ത്രീകള്‍ക്ക് ഷേക്‌സ്പിയറിനു സമാനമായ പ്രതിഭയുണ്ടാവില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഷേക്‌സ്പിയര്‍ക്ക് ഒരു സഹോദരിയുണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ഇതോടനുബന്ധിച്ച് വെര്‍ജിനിയ ഉയര്‍ത്തുന്നത്. ഷേക്‌സ്പിയറുടെ അതേ അത്ഭുതസിദ്ധികളുള്ള ഒരാളാണ് അവരെങ്കില്‍ എന്താവും എന്നത് തുടര്‍ന്നുന്നയിക്കുന്നു. 'ജൂഡിത്' എന്ന ഒരു സാങ്കല്‍പികനാമവും ഈ സഹോദരിക്ക് നല്‍കുന്നുണ്ട്. അവര്‍ സ്‌കൂളില്‍ ലാറ്റിനും വ്യാകരണവും തര്‍ക്കശാസ്ത്രവും പഠിക്കുന്നതും തുടര്‍ന്ന് സാമൂഹിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അവര്‍ക്കുണ്ടാകാനിടയുള്ള ദുരന്തങ്ങളേയും എഴുത്തുകാരി വിശദീകരിക്കുന്നു. ഷേക്‌സ്പിയര്‍ക്ക് എന്തുകൊണ്ടു നാടകമെഴുതാന്‍ കഴിഞ്ഞു, ഒരു സ്ത്രീയ്ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന കാര്യമാണ് അവര്‍ ഉന്നയിക്കുന്നത്. എന്തുകൊണ്ട് സ്ത്രീയ്ക്ക് തലച്ചോറില്ലെന്ന് ചിലര്‍ കരുതുന്നു എന്ന കാര്യമാണ് പ്രശ്‌നവത്കരിക്കുന്നത്.


വെര്‍ജീനിയ വൂള്‍ഫ് 

 തലച്ചോറില്ലാത്ത സ്ത്രീ എന്ന കഥയില്‍ എഴുത്തുകാരന്‍ എന്ന നിലയിലുള്ള പുരുഷപൊങ്ങച്ചം പേറുന്ന ഗോവിന്ദന്‍ നായര്‍ ഭാര്യയുടെ പ്രയത്‌നം കൊണ്ടു ജീവിക്കുന്നത് മോശമായി കരുതുന്ന ആളാണ്. മാത്രമല്ല, താന്‍ വലിയ പ്രതിഭയാണെന്നും കരുതുന്നു. ഒരു കവിതാമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തന്റെ സ്ഥിരം പ്രതിയോഗിയായ ബാലകൃഷ്ണന്‍ നായര്‍ക്കാണ് സമ്മാനം കിട്ടുന്നത്. എന്നാല്‍, ഒടുവില്‍ മനസ്സിലാകുന്നത് ബാലകൃഷ്ണന്‍ നായര്‍ എന്ന പേരില്‍ കഥയെഴുതുന്നതും ഈ സമ്മാനം നേടിയതും തന്റെ ഭാര്യ തന്നെയാണ് എന്നാണ്. മാത്രമല്ല ഭാര്യ കവിത എഴുതുന്ന പണം കൊണ്ടാണ് ആ കുടുംബം മുന്നോട്ട് പോകുന്നത് എന്നും അറിയുന്നു. ആദ്യം അയാള്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു, ഭാര്യ ഗര്‍ഭിണിയായതുകൊണ്ട് പ്രസവിച്ചിട്ട് ഉപേക്ഷിക്കാമെന്ന് പിന്നീട് തീരുമാനിക്കുന്നു. ഒടുവില്‍ പോകണ്ട എന്നു തീരുമാനിച്ചിട്ടു പറയുന്നത്, ഇനി താന്‍ പെണ്ണുങ്ങള്‍ക്ക് തലച്ചോറില്ല എന്നു പറയില്ല എന്നാണ്. ഈ രീതിയില്‍ നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ സ്ത്രീയ്ക്ക് ബുദ്ധിയില്ല എന്ന ഉപരിവര്‍ഗപുരുഷപക്ഷം നിര്‍മിച്ച മിത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്ത്രീയെ സംബന്ധിച്ച് ഒരുപാടു പുരാവൃത്തങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ചങ്ങമ്പുഴ സ്ത്രീയെ വിളിക്കുന്നതു 'കാവ്യജന്തു' എന്നാണ്. പതിവ്രത, വേശ്യ എന്നിങ്ങനെയൊക്കെ പുരുഷാധിപത്യം നിര്‍മിച്ച സ്ത്രീ സംബന്ധിയായ പുരാമാതൃകകള്‍ ആണ്. രണ്ടും യഥാര്‍ഥ സ്ത്രീയുമായി ബന്ധമില്ല .നവോത്ഥാനമാണ് കുറേയെറെ ഈ സങ്കല്‍പങ്ങളില്‍ ആഘാതങ്ങള്‍ സൃഷ്ടിച്ചത്.

സ്ത്രീയുടെ വിശുദ്ധിസങ്കല്‍പവും ദുരന്തങ്ങളും

മലയാളത്തില്‍ നവോത്ഥാന കാലത്ത് സ്ത്രീപക്ഷചിന്തയെ ഏറ്റവുമധികം ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. ലളിതാംബിക അന്തര്‍ജ്ജനത്തെ പോലുള്ളവരുടെ കഥകള്‍ ഇതേ കാലത്ത് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവ അത്രത്തോളം തീവ്രമാണെന്ന് പറയാനാകില്ല. ബുദ്ധിയുള്ള പെണ്ണിനെ എന്തു ചെയ്യും എന്നതാണ് പ്രശ്‌നം. താന്തോന്നിയും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കപ്പെടാം. 'പെണ്‍ബുദ്ധി' എന്ന കഥയിലെ നായിക ഒരു മിക്‌സഡ് സ്‌കൂളില്‍ പഠിക്കുന്നയാളാണ്. ആണ്‍കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ലജ്ജാലുക്കളാണ് ആ സ്‌കൂളിലെ പെണ്‍കുട്ടികള്‍. ഇതിനാല്‍ പെണ്‍കുട്ടികളെ കഴുതകളെന്ന് വിശേഷിപ്പിക്കുന്ന ഒരധ്യാപകന്‍ പ്രധാന കഥാപാത്രമായ വിലാസിനിയെ കണ്ടു പഠിക്കാനാണ് പറയുന്നത്. വിലാസിനി മറ്റുപെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയായ, ഗൗരവമുള്ള ഒരാളാണ്. അഭിജ്ഞാനശാകുന്തളത്തിലെ ശകുന്തളയെ പോലെ ഇടയിലിടയില്‍ ലജ്ജിക്കുന്നയാളല്ല വിലാസിനി. നല്ല സ്ത്രീയുടെ പൊതു സ്വഭാവഗുണം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ലജ്ജയെയാണ് ഇവിടെ വിമര്‍ശന വിധേയമാക്കുന്നത്. തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ ഈ വിലാസിനി പെണ്‍പള്ളിക്കൂടത്തിലാണ് പഠിക്കുന്നത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളുടെ മോശവും കൃത്രിമവുമായ അവസ്ഥയാണ് ഇതിലൂടെ കഥാകാരി വെളിവാക്കുന്നത്. സ്ത്രീകളുടെ മാത്രം കൂട്ടായ്മ എന്തായിത്തീരുമെന്ന് ഇവിടെ സൂചിപ്പിക്കുന്നു. അണിഞ്ഞൊരുങ്ങലിനെ പ്രധാനപ്പെട്ട ഒന്നായി കാണുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ വിലാസിനിയും അത്തരമൊരു രീതി പിന്‍തുടരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അവള്‍ക്കത് ഫലപ്രദമായി തുടരാന്‍ ഒരു താല്‍പര്യവും തോന്നുന്നില്ല. തുടര്‍ന്ന് അവള്‍ ഉപരിപഠനത്തിനായി മറ്റൊരു സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ അധ്യാപിക പറയുന്നത്, താന്‍ ഇത്രയും ബുദ്ധിശക്തിയുള്ള മറ്റൊരു പെണ്‍കുട്ടിയേയും കണ്ടിട്ടില്ലെന്നും അത് വെറുതെയാകാനാണ് വിധി എന്നുമാണ്.



മറ്റൊരു സന്ദര്‍ഭത്തില്‍ വിലാസിനിയോട് സാറാമ്മ എന്ന ഒരു സ്‌നേഹിത തന്റെ ജീവിതകഥ വിവരിക്കുന്നുണ്ട്. സരസ്വതിയമ്മയുടെ കഥകളില്‍ ആവര്‍ത്തിക്കുന്ന ഒരു രചനാരീതിയാണിത്. ഇവിടെ സാറാമ്മ പറയുന്ന ഭാര്യാസമേതനായ ഒരാള്‍ തന്നെ സ്‌നേഹിച്ചിരുന്നെന്നും മറ്റുമാണ്. ഇതിനകത്തെ പൊള്ളത്തരങ്ങളെ വിമര്‍ശനബുദ്ധ്യാ വീക്ഷിക്കുകയാണ് വിലാസിനി ചെയ്യുന്നത്. തന്റെ കയ്യില്‍ അറിയാതെ തൊട്ടതാണ് പ്രണയത്തിന്റെ തുടക്കമെന്ന് സാറാമ്മ പറയുന്നു. തന്റെ കയ്യില്‍ അറിയാതെ തൊട്ട അയാള്‍ തുടര്‍ന്ന് താന്‍ തൊട്ട് കളങ്കപ്പെടുത്തിയല്ലോ എന്നു സ്വയം വിലപിക്കുന്നു. എന്നിട്ട് സ്വന്തം ദാമ്പത്യജീവിതത്തിലെ ദുരിതങ്ങളെക്കുറിച്ചു പറയുന്നു. ഈ ബന്ധത്തെ വിചാരണ ചെയ്യുക വഴി സ്ത്രീയെ സംബന്ധിച്ചുള്ള വിശുദ്ധസങ്കല്‍പങ്ങള്‍ കഥയില്‍ ചോദ്യം ചെയ്യുന്നു. ബ്രാഹ്മണമതത്തിന്റെ അസ്പൃശതാമൂല്യങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് സ്ത്രീകളുമായി ബന്ധപ്പെട്ട ഈ വിശുദ്ധി സങ്കല്‍പം. ഈ വിശുദ്ധി സങ്കല്‍പമാണ് ജാതി വ്യവസ്ഥയുടെ തന്നെ ഉറവിടം. കുറേ സ്വയം പ്രഖ്യാപിതവിശുദ്ധര്‍ ഉള്ളതുകൊണ്ടാണ് അയിത്തമെന്ന ആചാരം ഉണ്ടായത്. സ്ത്രീയെ സംബന്ധിക്കുന്ന വിശുദ്ധി സങ്കല്‍പമാണ് സ്ത്രീയുടെ ദുരന്തത്തിന് കാരണം. മറക്കുടയ്ക്കുള്ളിലെ സ്ത്രീ വിശുദ്ധമാകുമ്പോഴാണ് വഴി നടക്കുകയും പണി ചെയ്യുകയും ചെയ്യുന്ന സ്ത്രീ മോശപ്പെട്ട സ്ത്രീയായി മാറുന്നത്. പുലപ്പേടി മണ്ണാപ്പേടി ആചാരങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

അരികിലൂടെ അമ്മാവന്‍ അറിയാതെ കടന്നു പോയപ്പോള്‍ അമ്മ ആ കാറ്റേറ്റ് തന്നെ ഭയന്നു വിറച്ചു പോയി എന്ന് ലളിതാംബിക അന്തര്‍ജ്ജനം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. സ്ത്രീയുടെ വിശുദ്ധി സങ്കല്പം സൃഷ്ടിക്കുന്ന ഭയം ആണ് ഇതിലൂടെ വെളിവാകുന്നത്. സ്ത്രീകള്‍ക്ക് അക്കാലത്ത് രണ്ട് സാധ്യതകളേയുള്ളൂ, ഒന്നുകില്‍ ഭ്രഷ്ടയാവുക അല്ലെങ്കില്‍ ഭ്രാന്താവുക എന്നാണ് അന്തര്‍ജനം എഴുതുന്നത്. ആരും തൊടാത്തതാണ് ഒരു സ്ത്രീയുടെ വിശുദ്ധസൗന്ദര്യം. അതു കൊണ്ടാണ് 'ഞാന്‍' ഇഷ്ടപ്പെടുന്നത്. ഇഷ്ടപ്പെടുന്ന 'ഞാന്‍'ആ സ്ത്രീയെ തൊടുമ്പോള്‍ ആ സ്ത്രീ ചീത്ത സ്ത്രീയാണ്, കാരണം തൊട്ടതുകൊണ്ടു വിശുദ്ധി നഷ്ടപ്പെട്ടു. അതുകൊണ്ട് തൊടാന്‍ സാധിക്കില്ല, ഉപേക്ഷിക്കേണ്ടി വരും. ഇഷ്ടപ്പെടുന്ന അതേ കാരണം കൊണ്ടു ഉപേക്ഷിക്കേണ്ടി വരുന്ന ഈ ദയനീയതയാണ് ഇന്ത്യന്‍ പുരുഷമനസ്സിലെ പ്രതിസന്ധി. ചങ്ങമ്പുഴയൊക്കെ അവതരിപ്പിക്കുന്നത് അതാണ്. ഞാനും വരട്ടെയോ നിന്റെ കൂടെ എന്നു പെണ്ണു ചോദിക്കുമ്പോള്‍ വേണ്ട എന്നു പുരുഷന്‍ പറയും. കാരണം അത് സ്ത്രീയുടെ വിശുദ്ധിയെ തകര്‍ക്കും, മാനം പോകും. എന്നാല്‍, ഇനി പോകേണ്ടതില്ല എന്നു സ്ത്രീ തീരുമാനിക്കുമ്പോള്‍ പുരുഷന്‍ ആത്മഹത്യ ചെയ്യും. അതാണ് രമണന്‍ പോലുള്ള കൃതികളിലെ ഇതിവൃത്തം. ഈ പ്രതിസന്ധിയാണ് സ്ത്രീയും പുരുഷനും നേരിടുന്നത്. സ്ത്രീക്ക് മാനം എന്ന സങ്കല്‍പമുണ്ടാകുന്നതും പുരുഷന്‍ ആക്രമിച്ചാലും മാനം നഷ്ടപ്പെടുന്നതു സ്ത്രീയ്ക്കാണ് എന്ന സങ്കല്പമുണ്ടാകുന്നതും ഒക്കെ അങ്ങനെയാണ്. എണ്‍പതുകളിലെ മലയാള സിനിമയില്‍ സ്ത്രീയെ ബലാത്കാരം ചെയ്യുന്നവര്‍ പരിഹാരമെന്ന മട്ടില്‍ അവളെ വിവാഹം ചെയ്യുക എന്ന രീതി പിന്‍തുടര്‍ന്നു കാണുന്നുണ്ട്. 'മാനഭംഗം' എന്ന വാക്കുതന്നെ ഇതുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരംസബന്ധമാണ്. സ്ത്രീ സംബന്ധമായ ഇത്തരം അസംബന്ധങ്ങളാണ് നവോത്ഥാന കാലത്ത് സരസ്വതിയമ്മ ചോദ്യം ചെയ്യുന്നത്.

ദിവ്യപ്രണയവും ഇത്തിളും

താന്‍ പറഞ്ഞാല്‍ എന്തും അനുസരിക്കുന്നവനാണ് തന്റെ കാമുകന്‍ എന്നാണ് ഈ കഥയില്‍ സാറാമ്മ പറയുന്നത്. എങ്കില്‍ കടലില്‍ ചാടാന്‍ പറയാമായിരുന്നില്ലേ എന്നാണ് വിലാസിനി ഇതിന് അനുബന്ധമായി ചോദിക്കുന്നത്. കടലില്‍ ചാടിയാല്‍ എന്ത് മനസ്സിലാക്കണം എന്ന സാറാമ്മയുടെ തുടര്‍ ചോദ്യത്തിന് വിലാസിനി നല്‍കുന്ന മറുപടി, എങ്കില്‍ അയാള്‍ക്ക് കടലില്‍ നീന്താന്‍ അറിയുമായിരിക്കുമെന്നാണ്. പ്രണയത്തെ പവിത്രീകരിക്കുന്ന 'മാംസ നിബദ്ധമല്ല രാഗം' എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളേയും കഥ തുടര്‍ന്ന് ചോദ്യം ചെയ്യുന്നു. പുരോഹിതന്മാര്‍ ആത്മീയതയെ മുറുകെ പിടിക്കുകയും അതേസമയം ശരീരത്തെ സംബന്ധിച്ച് ഏറ്റവുമധികം ശ്രദ്ധാലുക്കളായിരിക്കുന്നതുമായ വൈരുദ്ധ്യം നമുക്കിന്ന് വ്യക്തമാണ്. ഇത്തരം നിലപാടുകളെ തുറന്നെതിര്‍ക്കുന്ന പ്രക്രിയ ആശാന്റെ പല കൃതികളിലും കാണാനാവും. കഥയില്‍ വിലാസിനിയുടെ പല സുഹൃത്തുക്കളും പിന്നീട് ദിവ്യമായ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ശാശ്വതവും അലൗകികവുമായ പ്രണയം തെളിയിക്കാന്‍ എന്തിനാണ് വിവാഹവും സന്താനോല്‍പാദനവും പോലുള്ള പ്രക്രിയകളില്‍ മുഴുകുന്നതെന്നാണ് വിലാസിനി ഇവര്‍ക്കു മുന്‍പില്‍ വയ്ക്കുന്ന ചോദ്യം.

തന്റെത്തന്നെ നിലപാടുകളുള്ള വിജയലക്ഷ്മി എന്നൊരു പെണ്‍കുട്ടിയെ പിന്നീട് വിലാസിനി കണ്ടുമുട്ടുന്നു. താന്‍ പരീക്ഷയില്‍ ഒന്നാമതെത്തി നേടിയ സ്വര്‍ണ മെഡലുകള്‍ കുട്ടികള്‍ക്ക് മരുന്നുരച്ചു കൊടുക്കാന്‍ ഉപയോഗിച്ചു എന്നും അതിലേക്ക് നയിച്ച ബുദ്ധിശക്തികൊണ്ട് പ്രയോജനമേതുമുണ്ടായില്ല എന്നുമാണ് വിജയലക്ഷ്മി പറയുന്നത്. 'ഇത്തിളാകാന്‍ ജനിച്ച സ്ത്രീകള്‍ക്ക് അതിബുദ്ധി ആപത്താണെ'ന്നാണ് ഇവരിതിനെക്കുറിച്ച് പറയുന്നത്. ഭര്‍ത്താവ് നേരത്തെ വീട്ടിലെത്താനും ചിലവ് നിയന്ത്രിക്കാനും മാത്രമാണ് സ്ത്രീ ഉതകുന്നത് എന്ന ദുരവസ്ഥയെക്കുറിച്ചും ഇതോടൊപ്പം വിജയലക്ഷ്മി വിവരിക്കുന്നുണ്ട്. തുടര്‍തലമുറകളും ഇതേ നിലയില്‍ തുടരുമോ എന്ന് ഇരുവരും ആശങ്കപ്പെടുകയും ചെയ്യുന്നു. തലച്ചോറുള്ള സ്ത്രീ ഒരു അപവാദമാണ്, അപവാദം കേള്‍ക്കേണ്ടവളാണ് എന്നും ഇവര്‍ അനുമാനിക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്. സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ബഷീറിന്റെ പ്രേമലേഖനം അടക്കമുള്ള കൃതികള്‍ ചെന്നവസാനിക്കുന്നത് പുരുഷന്മാരുടെ ദയനീയത അവതരിപ്പിച്ചുകൊണ്ടാണ്. സരസ്വതിയുടെ 'സ്ത്രീജന്മം' അടക്കമുള്ള കഥകളിലെ വീക്ഷണം സ്ത്രീ പുരുഷനൊപ്പം വളരണം എന്നല്ല. പെണ്‍കഥാപാത്രങ്ങള്‍ക്കുള്ളിലെ പുരുഷസങ്കല്‍പങ്ങള്‍ തന്നെ മാറേണ്ടതുണ്ട് എന്നാണ് പറഞ്ഞുവയ്ക്കുന്നത്. തലമുറകളെടുത്തു മാത്രം മാറ്റാന്‍ കഴിയുന്ന തരം അധികാര ബന്ധങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് ഇതിലൂടെ സരസ്വതിയമ്മ നിരീക്ഷിക്കുന്നു. സ്വയം മാറുകയും പുരുഷാധീശ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്‌ത്രൈണമായ ഇച്ഛാശക്തിയാണ് നവോത്ഥാന എഴുത്തുകാരിയായ സരസ്വതിയമ്മയില്‍ കാണുന്നത്.

(പകര്‍ത്തിയെഴുതിയത്: സനല്‍ ഹരിദാസ്)

26.05.2022, മീഡിയവണ്‍ ഷെല്‍ഫ്

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ഷൂബ കെ.എസ്‌

contributor

Similar News

അടുക്കള
Dummy Life
Behind the scene