ലാടം

| കവിത

Update: 2022-09-23 06:01 GMT
Click the Play button to listen to article

ഗംഗാധരന്‍ കാളക്കഥകള്‍

പറയുമ്പോഴൊക്കെയും

കാലില്‍ ആണികൊണ്ടതു പോലെ പുളയുന്നതു കാണാം.

'കളഞ്ഞുകിട്ടിയ തങ്കം സിനിമാ കാണാനായി പോയപ്പോഴാണ് ആദ്യമായി

ചെരിപ്പുവാങ്ങിയത്,

ഞാന്‍ ചെരിപ്പിട്ടപ്പോഴാണ് കാളകളുടെ കാലില്‍

ലാടം തറച്ചതും,

അന്നു മുതലാണ് എന്റെ കാളകള്‍ക്ക് കണ്ണുനീര്‍ച്ചാലുണ്ടായതും,

ആ ചാലിലൂടെയാണ്

ഞാന്‍ കഞ്ഞി കുടിക്കാന്‍ വകയുള്ളവനായതും,

പെമ്പ്രന്നോരുടെ കാതില്‍ പൊന്ന് അവിടെ സ്ഥിരമായി കിടന്നതും,

ലാടം മാറ്റിത്തറക്കുമ്പോഴെല്ലാം

എന്റെ നെഞ്ചിലായിരുന്നു

ആണികള്‍ തറഞ്ഞു കയറ്റിയത്,

അവരുടെ നീണ്ടു സുന്ദരമായ മിഴികളില്‍ മിഴിനീരുരുണ്ട്

കണ്ണുനീര്‍ച്ചാലിലൂടെ ഒഴുകിയിറങ്ങുമ്പോഴെല്ലാം

പച്ചമരമായി ഞാന്‍ കത്തിയിരുന്നു.

പെമ്പ്രന്നോര് വിഷം തൊട്ട്

ചത്തപ്പോള്‍ കാളകള്‍ കുഴിമാടത്തിനരികില്‍ അമ്മേയെന്ന് അലറിക്കരഞ്ഞു.

അവള്‍ കൊടുത്ത കാടിക്കും, പുല്ലിനും നന്ദിയുള്ളവരായി,

ചാണകം തൊടീക്കാതെ, പുല്ലരിയിപ്പിക്കാതെ വളര്‍ത്തിയ മകളാണ് അവരെ അറക്കാന്‍ കൊടുത്തത് .

നീളന്‍ മിഴികളില്‍ കൊളുത്തിയ ആധിയെന്നിലൂടെ തിരി പടര്‍ത്തി

ആ മിണ്ടാപ്രാണി

എന്നോട് പറഞ്ഞു

ഓടി രക്ഷപെട്ടോളാന്‍....

പുതിയ വീടിന്റെ മുന്‍വാതിലില്‍

ഭാഗ്യചിഹ്നമായി ലാടം

പതിച്ചു വച്ചിട്ടുണ്ട്....

ഓരോ നോക്കിലും ആണിയെന്റെ

ഹൃദയത്തിലടിച്ചു കയറ്റുകയാണ്....

വര: ശ്രീദേവി മധു

 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ശ്രീദേവി മധു

Writer

Similar News

അടുക്കള
Dummy Life
Behind the scene