1479 കോടിയുടെ ബിർല-ബൻസാൽ ഡീൽ; പിന്നിൽ അനന്യ

ഏറ്റെടുക്കലോടെ അനന്യയുടെ കമ്പനി ആസ്തി 12,409 കോടി രൂപയാകും

Update: 2023-08-10 12:27 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസാൽ നേതൃത്വം നൽകുന്ന ചൈതന്യ ഇന്ത്യ ഫിൻ ക്രഡിറ്റിനെ വമ്പൻ തുകയ്ക്ക് ഏറ്റെടുത്ത് സ്വതന്ത്ര മൈക്രോഫിൻ. കുമാരമംഗലം ബിർലയുടെ മകൾ അനന്യ നേതൃത്വം നൽകുന്ന സ്ഥാപനമാണ് സ്വതന്ത്ര മൈക്രോഫിൻ. ഏറ്റെടുക്കലിനായി 1479 കോടി രൂപയാണ് സ്വതന്ത്ര മുടക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. 

'ഈ ഏറ്റെടുക്കൽ ഭാരതത്തിലെ സാമ്പത്തിക സേവനം തുടരാനുള്ള വലിയ കാൽവയ്പ്പാണ്. എന്റെ എല്ലാ ടീമിനും നന്ദി' - എന്നാണ് ഏറ്റെടുക്കൽ അറിയിച്ച് അനന്യ ബിർല സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോഫിനാൻസ് കമ്പനിയായി മാറി സ്വതന്ത്ര. 12,409 കോടി രൂപയാണ് ആസ്തി. 36 ലക്ഷം സജീവ ഉപഭോക്താക്കളും 20 സംസ്ഥാനങ്ങളിലായി 1517 ബ്രാഞ്ചുകളും കമ്പനിക്കുണ്ട്. 



നവി ഗ്രൂപ്പിന് കീഴിലുള്ള ധനകാര്യ സ്ഥാപനമാണ് ചൈതന്യ. കമ്പനിയെ സ്വതന്ത്ര മൈക്രോഫിന്നിന് വിൽക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂവെന്ന് നവി ഗ്രൂപ്പ് സിഇഒ സച്ചിൻ ബൻസാൽ പ്രതികരിച്ചു. 'നാലു വർഷമായി ചൈതന്യ നാലു മടങ്ങ് വളർച്ചയാണ് കാണിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയിൽ കൂടുതൽ വായ്പ നൽകാൻ കമ്പനിക്കായി. ഡിജിറ്റൽ ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് ഈ വിനിമയം. നവി ഗ്രൂപ്പിലൂടെ ഡിജിറ്റൽ ഫസ്റ്റ് സാമ്പത്തിക സേവനങ്ങൾ തുടരും.' - ബൻസാൽ വ്യക്തമാക്കി. 




2022ൽ ബാങ്കിങ് ലൈസൻസിന് വേണ്ടി ചൈതന്യ ആർബിഐയിൽ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു. പ്രൊമോട്ടർമാർക്ക് ബാങ്കിങ് മേഖലയിൽ പരിചയമില്ല എന്നാണ് ആർബിഐ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പിന്നാലെയാണ് കമ്പനിയെ സ്വതന്ത്ര ഏറ്റെടുക്കുന്നത്. 

കോളജ് ഡ്രോപ് ഔട്ട്

ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർളയുടെയും നീരജ് ബിർലയുടെയും മൂത്ത മകളാണ് അനന്യ. ഗായികയും പാട്ടെഴുത്തുകാരിയുമാണ്. ഗ്രാമീണ മേഖലയിലെ വനിതകൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ 17-ാം വയസ്സിലാണ് ഇവർ സ്വതന്ത്ര മൈക്രോഫിൻ പ്രൈവറ്റ് ലിമിറ്റഡിന് രൂപം നൽകിയത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം ഉപേക്ഷിച്ചാണ് ഇവർ ബിസിനസിലേക്ക് പ്രവേശിച്ചത്. ബിർല ഗ്രൂപ്പ് നൽകിയ അഞ്ചു കോടി രൂപയായിരുന്നു മൂലധനം. 




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News