സൗദി ആഗോള നിക്ഷേപ ശക്തികേന്ദ്രമായി മാറും: നിക്ഷേപ മന്ത്രി

വിദേശ നിക്ഷേപം നാലിരട്ടിയായി വർധിച്ചുവെന്നും അബ്ഷിർ കോൺഫറൻസിൽ മന്ത്രി

Update: 2025-12-19 12:10 GMT

റിയാദ്: സൗദി അറേബ്യ ആഗോള നിക്ഷേപ ശക്തികേന്ദ്രമായി മാറാൻ പോകുകയാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്. പ്രാദേശിക, വിദേശ നിക്ഷേപം ഏറെ മെച്ചപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അബ്ഷിർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യം നിക്ഷേപമാണെന്നും ഓർമിപ്പിച്ചു. വിദേശ നിക്ഷേപം നാലിരട്ടിയായി വർധിച്ചുവെന്നും ദേശീയ നിക്ഷേപ തന്ത്രത്തിന്റെ ലക്ഷ്യം നേടിയിട്ടുണ്ടെന്നും തന്ത്രം അന്തിമ അവലോകന ഘട്ടത്തിലാണെന്നും അൽഫാലിഹ് വ്യക്തമാക്കി.

ഏകദേശം 58,000 വിദേശ നിക്ഷേപകരാണ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലക്ഷക്കണക്കിന് സൗദികളും ബിസിനസ് രംഗത്തുണ്ട്. നിക്ഷേപ അവസരങ്ങൾ ഏറെ ലഭ്യമാണെന്നും നിക്ഷേപ മന്ത്രാലയം ഏകദേശം 1,900 അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും അൽ ഫാലിഹ് പറഞ്ഞു. മുനിസിപ്പാലിറ്റീസ് മന്ത്രാലയം ഫുറാസ് പ്ലാറ്റ്ഫോം വഴി ഏകദേശം 2,000 അവസരങ്ങൾ നൽകുന്നുവെന്നും അറിയിച്ചു.

പൊതു നിക്ഷേപ ഫണ്ട് സ്വകാര്യ മേഖലയുമായി ചേർന്ന് ഏകദേശം 200 അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 50,000 റിയാൽ വിലമതിക്കുന്ന ചെറിയ പദ്ധതികൾ മുതൽ 20-30 ബില്യൺ ഡോളർ വിലമതിക്കുന്ന മെഗാ പ്രോജക്ടുകൾ വരെയാണ് ഈ തരത്തിലുള്ളത്. വിമാന നിർമാണ പ്ലാന്റുകൾ പോലുള്ള പ്രോജക്ടുകൾ വരെ ഈ കൂട്ടത്തിലുണ്ട്. വിവരസാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധയാകർഷിക്കുന്ന നിക്ഷേപ മേഖലകളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News