പഠനം ഉപേക്ഷിച്ച് ഡെലിവറി സ്റ്റാര്‍ട്ടപ്പ് തുടങ്ങി; 19കാരന്‍റെ ആസ്തി 1000 കോടി

കൈവല്യയും ആദിതും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു. പഠനം ഉപേക്ഷിച്ച് സംരംഭകരായി

Update: 2022-09-23 05:27 GMT
Advertising

കൈവല്യ വോറയും ആദിത് പാലിച്ചയും ഐഐഎഫ്എല്‍ വെൽത്ത്-ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022ൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരായി മാറി. ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ സെപ്‌റ്റോയുടെ സഹസ്ഥാപകരാണ് ഇരുവരും.

കൈവല്യ ഇന്ത്യയിലെ അതിസമ്പന്നരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ഹുറുൺ പട്ടിക പ്രകാരം 1000 കോടിക്ക് മുകളിലാണ് കൈവല്യയുടെ ആസ്തി. 20കാരനായ ആദിതിന്‍റെ ആസ്തി 1,200 കോടി രൂപയാണ്. ഫോർബ്‌സ് മാസികയുടെ ഏഷ്യയെ സ്വാധീനിച്ച 30 വയസ്സില്‍ താഴെയുള്ള 30 പേരുടെ പട്ടികയില്‍ ഇരുവരും നേരത്തെ ഇടം പിടിച്ചിരുന്നു.

ഹുറുൺ ഇന്ത്യ ഫ്യൂച്ചർ യൂണികോൺ സൂചിക 2022ലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ടപ്പ് സ്ഥാപകർ കൂടിയാണ് ഈ രണ്ട് യുവ സംരംഭകര്‍- "ഒരു കൗമാരക്കാരൻ പട്ടികയിലിടം പിടിച്ചു! സെപ്‌റ്റോ സ്ഥാപിച്ച 19കാരനായ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 10 വർഷം മുമ്പ് ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന് 37 വയസ്സായിരുന്നു, ഇന്ന് 19 വയസ്സ്. ഇത് സ്റ്റാർട്ടപ്പ് വിപ്ലവത്തെ സൂചിപ്പിക്കുന്നു" ഹുറുൺ ഇന്ത്യ ചൂണ്ടിക്കാട്ടി.


കൈവല്യയും ആദിതും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായിരുന്നു. പഠനം ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് കടന്നു. കോവിഡ് മഹാമാരിയുടെ കാലത്താണ് ഇരുവരും സെപ്റ്റോ ആപ്പ് തുടങ്ങിയത്. അവശ്യവസ്തുക്കളുടെ വേഗത്തിലും സുരക്ഷിതവുമായ ഡെലിവറി ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം.

കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ് കൈവല്യയും ആദിതും. മുംബൈയിലെ പ്രാദേശിക സ്റ്റോറുകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ കിരണകാർട്ട് എന്ന സ്റ്റാർട്ടപ്പാണ് ആദ്യം ആരംഭിച്ചത്. 2020 ജൂൺ മുതൽ 2021 മാർച്ച് വരെ പ്രവര്‍ത്തിച്ചു. തുടർന്ന് 2021 ഏപ്രിലിലാണ് സെപ്റ്റോ തുടങ്ങിയത്. സെപ്‌റ്റോ ഇന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പടെയുള്ള 10 നഗരങ്ങളില്‍ സജീവമാണ്.

ആദിത് നേരത്തെ 2018ൽ ഗോപൂള്‍ എന്ന പേരിൽ വിദ്യാർഥികൾക്കായി ഒരു കാർപൂൾ സേവനം ആരംഭിക്കുകയുണ്ടായി. തന്റെ 17ആം വയസ്സിലാണ് ആദിത് സംരംഭകത്വം തുടങ്ങിയത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News