'സ്വര്‍ണം, വെള്ളി, ബിറ്റ്‌കോയിന്‍; ഈ ഇടിവില്‍ നിങ്ങള്‍ എന്ത് ചെയ്യും?'; 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' രചയിതാവ് പറയുന്നത് ഇങ്ങനെ

വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവും വെള്ളിയും കഴിഞ്ഞ നാല് ദിവസമായി കനത്ത വീഴ്ചയിലാണ്. ബിറ്റ്‌കോയിനും വിലയിടിയുകയാണ്‌

Update: 2026-02-02 07:04 GMT

സ്വര്‍ണവില ഇടിയുന്നു, വെള്ളിവില ഇടിയുന്നു, ബിറ്റ്‌കോയിന്‍ വില ഇടിയുന്നു. നിക്ഷേപകര്‍ പരിഭ്രാന്തരാകുന്നു. പലരും നഷ്ടത്തില്‍ വിറ്റൊഴിവാക്കുന്നു. മറ്റുള്ളവര്‍ വില്‍ക്കണോ വാങ്ങണോ തുടരണോ എന്ന ആശങ്കയില്‍ നില്‍ക്കുന്നു. ഏതാനും ദിവസമായി ആഗോള വിപണികളിലെ പ്രതിഭാസമാണിത്. വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവും വെള്ളിയും കഴിഞ്ഞ നാല് ദിവസമായി കനത്ത വീഴ്ചയിലാണ്. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് പലരും വിദഗ്ധരോട് ഉപദേശം തേടുന്നു.

'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന പുസ്തകത്തിലൂടെ ലോകത്തിന്റെ നിക്ഷേപ കാഴ്ചപ്പാടുകളില്‍ തന്നെ വലിയ മാറ്റം വരുത്തിയ സാമ്പത്തിക വിദഗ്ധന്‍ റോബര്‍ട്ട് കിയോസാക്കി പറയുന്നത് ഈ ഇടിവിനെ ഭയക്കേണ്ടെന്നും സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം താന്‍ തുടരുമെന്നുമാണ്. 'ദരിദ്രരും സമ്പന്നരും തമ്മിലുള്ള വ്യത്യാസം' എന്ന തലക്കെട്ടോടെയാണ് കിയാസാക്കിയുടെ പോസ്റ്റ്. 'വാള്‍മാര്‍ട്ടില്‍ ഒരു വില്‍പ്പന നടക്കുമ്പോള്‍ ആളുകള്‍ തിരക്കു കൂട്ടി വാങ്ങുന്നു. ധനകാര്യ വിപണിയില്‍ ഒരു വില്‍പനയുണ്ടാകുമ്പോള്‍ ദരിദ്രര്‍ എല്ലാം വിറ്റ് ഓടുകയാണ്. എന്നാല്‍, സമ്പന്നര്‍ വാങ്ങിക്കൊണ്ടേയിരിക്കും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ബിറ്റ്‌കോയിന്റെയും വിപണിയില്‍ വലിയ വീഴ്ചയുണ്ടായിരിക്കുയാണ്. വലിയ വില്‍പ്പന നടക്കുന്നു. എന്നാല്‍, ഞാന്‍ കയ്യില്‍ പണവുമായി കാത്തിരിക്കുകയാണ്. കൂടുതല്‍ സ്വര്‍ണവും വെള്ളിയും ബിറ്റ്‌കോയിനും വാങ്ങാന്‍. നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?' -റോബര്‍ട്ട് കിയോസാക്കി ചോദിക്കുന്നു. സമ്പത്തിനെ ക്രിയാത്മകമായി ചെലവഴിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കിയോസാക്കി ദരിദ്രരെന്നും സമ്പന്നരെന്നും ജനങ്ങളെ വിശേഷിപ്പിക്കുന്നത്. നിത്യജീവിതത്തില്‍ വസ്തുക്കള്‍ക്ക് വിലകുറയുമ്പോള്‍ സന്തോഷിക്കുന്ന അതേ ആളുകള്‍ ധനകാര്യ വിപണിയില്‍ വിലയിടിയുമ്പോള്‍ പരിഭ്രാന്തരാകുന്നുവെന്നാണ് കിയോസാക്കി ചൂണ്ടിക്കാട്ടുന്നത്.

Advertising
Advertising

സ്വര്‍ണത്തിനും വെള്ളിക്കും വന്‍ വിലയിടിവാണ് കഴിഞ്ഞ നാല് ദിവസമായുണ്ടായത്. മാസങ്ങളുടെ കുതിപ്പില്‍ റെക്കോഡ് തൊട്ട വിലകള്‍ തുടര്‍ച്ചയായി ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഏതാനും മാസമായി സ്വര്‍ണവും വെള്ളിയും വന്‍ കുതിപ്പ് നടത്തിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം. ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനും 2025 എപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. 1.10 കോടി രൂപ വരെ ഉയര്‍ന്ന വില ഇപ്പോള്‍ 70 ലക്ഷത്തിനും താഴെയാണ്. 30 ശതമാനത്തിലേറെയാണ് ഇടിവ് നേരിട്ടത്.

വിപണിയിലെ വിലവ്യതിയാനങ്ങള്‍ കാര്യമാക്കാതെ സ്വര്‍ണം, വെള്ളി, ബിറ്റ്കോയിന്‍ എന്നിവ താന്‍ വാങ്ങുമെന്ന് കിയോസാക്കി നേരത്തെ പറഞ്ഞിരുന്നു. ആഗോള സമ്പദ് വ്യവസ്ഥ  വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് കിയോസാക്കി പറയുന്നത്. വിപണിയില്‍ സ്വര്‍ണം, വെള്ളി, ബിറ്റ്കോയിന്‍ എന്നിവയുടെ വില ഉയരുകയാണോ താഴുകയാണോ എന്നതിലല്ല, മറിച്ച് ഈ ആസ്തികള്‍ കൈവശം വെക്കുന്നതിലാണ് കാര്യമെന്നാണ് കിയോസാക്കിയുടെ നിലപാട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News