സ്വര്‍ണവില ഈ മാസത്തെ കുറഞ്ഞനിരക്കില്‍
ചൊവ്വാഴ്ച സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം താഴ്ന്ന് ഔണ്‍സിന് 4,128.69 ഡോളറിലെത്തി
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില നേരിയ കുറവ്. ഗ്രാമിന് 15 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,660 രൂപയായാണ് കുറഞ്ഞത്ത്. പവന്റെ വിലയില്‍ 120 രൂപയുടെ കുറവുണ്ടായി. 1,09,280 രൂപയായാണ് പവന്‍ വില കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒക്‌ടോബര്‍ രണ്ടിനാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്കായി 1,10,200 രൂപ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. യുഎസ് ഡോളര്‍ ശക്തമായതും യുഎസ് ട്രഷറി ബോണ്ടുകളുടെ യീല്‍ഡ് ഉയര്‍ന്നതുമാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കിയത്. ചൊവ്വാഴ്ച സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം താഴ്ന്ന് ഔണ്‍സിന് 4,128.69 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഡിസംബര്‍ ഡെലിവറി ഫ്യൂച്ചേഴ്‌സ് ഔണ്‍സിന് 4,156 ഡോളറിലായിരുന്നു.ഡോളര്‍ ശക്തമാകുന്നത് മറ്റ് കറന്‍സികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്ക് ഡോളറില്‍ വില നിശ്ചയിക്കുന്ന സ്വര്‍ണം കൂടുതല്‍ ചെലവേറിയതാക്കും. ഇതാണ് ഇപ്പോള്‍ സ്വര്‍ണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.ഇതിനൊപ്പം യുഎസ് ട്രഷറി ബോണ്ട് യീല്‍ഡും ശക്തമായി ഉയര്‍ന്നു. തിങ്കളാഴ്ച 10 വര്‍ഷ, 30 വര്‍ഷ യുഎസ് ട്രഷറി ബോണ്ടുകളുടെ യീല്‍ഡും ഉയര്‍ന്ന് നില്‍ക്കുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാണ്.
സെപ്റ്റംബറില്‍ യുഎസിലെ തൊഴില്‍ വളര്‍ച്ച പ്രതീക്ഷിച്ചതിലും മോശമായതോടെ ഒക്ടോബറില്‍ ഫെഡ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ കുറഞ്ഞിട്ടുണ്ട്. സ്വര്‍ണത്തിന്റെ ദീര്‍ഘകാല അടിസ്ഥാന ഘടകങ്ങള്‍ ഇപ്പോഴും ശക്തമാണെന്നാണ് കാപ്പിറ്റല്‍.കോമിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് കൈല്‍ റോഡയുടെ വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമാകുകയോ യുഎസ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളില്‍ വലിയ മാറ്റമുണ്ടാകുകയോ ചെയ്താല്‍ സ്വര്‍ണത്തിന് വീണ്ടും ശക്തമായ മുന്നേറ്റത്തിന് വഴിയൊരുങ്ങാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മറ്റ് ലോഹങ്ങളുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. വെള്ളിയുടെ വില 0.6 ശതമാനം താഴ്ന്ന് ഔണ്‍സിന് 60.67 ഡോളറായി. പ്ലാറ്റിനം 0.7 ശതമാനം താഴ്ന്ന് 1,710.08 ഡോളറിലും പല്ലാഡിയം 0.2 ശതമാനം താഴ്ന്ന് 1,170.15 ഡോളറിലുമെത്തി.