25 ലക്ഷം ശമ്പളം വേണ്ടെന്ന് വച്ചു; സ്വന്തം ബിസിനസിനായി ജോലി ഉപേക്ഷിച്ചു, 30 ദിവസം കൊണ്ട് നേടിയത് എത്രയെന്നറിയാം - Video

25 ലക്ഷം വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച ഒരാളുടെ ആദ്യ മാസത്തെ ഈ കണക്ക് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച

Update: 2026-10-06 07:40 GMT

സ്ഥിരമായ ജോലി, മികച്ച ശമ്പളം, കോർപ്പറേറ്റ് ജീവിതത്തിലെ സുരക്ഷിതത്വം… ഇതെല്ലാം ഉപേക്ഷിച്ച് സ്വന്തം ബിസിനസ് തുടങ്ങാൻ തീരുമാനിച്ചാൽ എങ്ങനെയായിരിക്കും? അത്തരമൊരു തീരുമാനമാണ് കമൽ ടൊലാനി എന്ന യുവാവ് എടുത്തത്. വർഷം 25 ലക്ഷം ശമ്പളം ലഭിച്ചിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് കമൽ ഇ-കൊമേഴ്‌സ് ബിസിനസിലേക്ക് തിരിഞ്ഞത്.

ജോലി ഉപേക്ഷിച്ച് ഒരു മാസം പിന്നിടുമ്പോൾ തന്റെ ബിസിനസിന്റെ ആദ്യ 30 ദിവസത്തെ വരുമാന കണക്കും കമൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആമസോൺ, മീഷോ, ഫ്ലിപ്കാർട്ട് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു വിൽപ്പന.

Advertising
Advertising

“25 LPA കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. ഇ-കൊമേഴ്‌സ് വിൽപ്പനയുടെ ആദ്യ മാസം പൂർത്തിയാക്കി” എന്ന കുറിപ്പോടെയാണ് കമൽ തന്റെ അനുഭവം പങ്കുവെച്ചത്.

കോർപ്പറേറ്റ് ജോലിയിൽ നിശ്ചിത ശമ്പളവും സ്ഥിരതയുമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഉൽപ്പന്നങ്ങൾ, ഓർഡറുകൾ, പരസ്യച്ചെലവ്, റിട്ടേൺസ് തുടങ്ങി ബിസിനസിന്റെ ഓരോ ഘട്ടവും നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുന്നുവെന്ന് കമൽ പറയുന്നു.

ആദ്യ മാസം പൂർണമായും വിജയകരമായിരുന്നില്ലെന്നും ബിസിനസ് മനസിലാക്കുന്നതിനിടെ പല തെറ്റുകളും സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ 30 ദിവസത്തെ കണക്കാണ് കമൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ആമസോണിൽ നിന്ന് 45,382 ആയിരുന്നു ലഭിച്ചതെന്ന് കമൽ പറയുന്നു. മീഷോയിൽ നിന്ന് 3,200 ലഭിച്ചപ്പോൾ ഫ്ലിപ്കാർട്ടിൽ ഇതുവരെ വരുമാനം ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പങ്കുവെച്ചു.

അതായത് മൂന്ന് പ്ലാറ്റ്‌ഫോമുകളിലുമായി ആദ്യ 30 ദിവസത്തെ ആകെ വിൽപ്പനയായി കമൽ പങ്കുവെച്ച കണക്കുകൾ 48,582 രൂപയാണ്.

25 ലക്ഷം വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച ഒരാളുടെ ആദ്യ മാസത്തെ ഈ കണക്ക് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

കമലിന്റെ തീരുമാനത്തെ പിന്തുണച്ചവരും വിമർശിച്ചവരും സോഷ്യൽ മീഡിയയിൽ ഒരുപോലെ രംഗത്തെത്തി.

സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ധൈര്യം കാണിച്ചതിന് ആശംസകൾ അറിയിച്ചവരാണ് ചിലർ. എന്നാൽ 25 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത് വലിയ റിസ്കാണെന്നും അത്രയും വരുമാനത്തിലെത്താൻ ബിസിനസിന് ഏറെ സമയം വേണ്ടിവരുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

അതേസമയം, ഇപ്പോഴത്തെ കണക്കുകൾ മാത്രം നോക്കി ബിസിനസിന്റെ ഭാവി വിലയിരുത്തരുതെന്നും തുടക്കം മാത്രമാണിതെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്. വരും മാസങ്ങളിൽ വിൽപ്പന ഉയരുമെന്ന പ്രതീക്ഷയും ചിലർ പങ്കുവെച്ചു.

സ്വന്തം ഇ-കൊമേഴ്‌സ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

കോർപ്പറേറ്റ് ജോലിയിലെ ഉറപ്പുള്ള ശമ്പളത്തിൽ നിന്ന് സംരംഭകത്വത്തിന്റെ അനിശ്ചിതത്വത്തിലേക്കുള്ള കമലിന്റെ മാറ്റം ഇപ്പോൾ ചർച്ചയാകുന്നത് ആദ്യ മാസത്തെ വരുമാനത്തിന്റെ പേരിലാണ്.

Full View
Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News