ബാങ്ക് ലോക്കറിലെ സ്വര്‍ണം സേഫാണോ? മോഷണം പോയാല്‍ നഷ്ടപരിഹാരം കിട്ടുമോ? അറിയണം ഇക്കാര്യങ്ങള്‍

ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ നല്‍കിയിട്ടുണ്ട്

Update: 2026-01-31 11:52 GMT

രണ്ടുനാളായി ചെറിയ ഇടിവിലാണെങ്കിലും സ്വര്‍ണവില ആകാശം മുട്ടി നില്‍ക്കുകയാണ്. അവസാന മൂന്ന് മാസം അസാധാരണ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായത്. പവന് 1,17,760 രൂപയാണ് ഇന്നത്തെ വില. ഭാവിയില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യുദ്ധങ്ങളും ഡോളറിന്റെ വിലയിടിവുമെല്ലാം സ്വര്‍ണവിലയെ ഇനിയും മുകളിലേക്കുയര്‍ത്തുമെന്നാണ് പ്രവചനം. തൊട്ടാല്‍ പൊള്ളുന്ന വിലയിലെത്തിയ സ്വര്‍ണം എവിടെയാണ് സുരക്ഷിതമായി സൂക്ഷിക്കുക? വില ലക്ഷങ്ങളിലെത്തിയതോടെ പലര്‍ക്കും ആഭരണങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന തോന്നലുണ്ടായിട്ടുണ്ട്. അടുത്ത മാര്‍ഗം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുകയെന്നതാണ്. എന്നാല്‍, ബാങ്ക് ലോക്കറില്‍ സ്വര്‍ണം സൂക്ഷിച്ചാല്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കരുതരുത്. ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ നല്‍കിയിട്ടുണ്ട്. ലോക്കറില്‍ സൂക്ഷിക്കുന്നവര്‍ ഇവ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

Advertising
Advertising

ബാങ്കുകളുടെ ഉത്തരവാദിത്തം എത്രത്തോളം?

പ്രത്യേക സാഹചര്യങ്ങളില്‍ സ്വര്‍ണം നഷ്ടമാകുകയാണെങ്കില്‍ ബാങ്കുകള്‍ക്കുള്ള ഉത്തരവാദിത്തം എത്രത്തോളമാണെന്ന് ആര്‍ബിഐ കൃത്യമായി പറയുന്നുണ്ട്. ലോക്കറുകള്‍ക്ക് വാര്‍ഷിക വാടക നല്‍കിയാണല്ലോ നമ്മള്‍ സ്വര്‍ണം സൂക്ഷിക്കുന്നത്. തീപിടിത്തം, കവര്‍ച്ച പോലെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളാല്‍ ലോക്കറിലെ സ്വര്‍ണം നഷ്ടമായാല്‍ അത് തിരിച്ചുതരാനുള്ള ബാധ്യത ബാങ്കിനില്ല. പകരം, ലോക്കറിന്റെ വാര്‍ഷിക വാടകയുടെ 100 മടങ്ങ് തുക നഷ്ടപരിഹാരമായി നല്‍കാനുള്ള ബാധ്യത മാത്രമാണുള്ളത്. ഉദാഹരണത്തിന്, 2000 രൂപയാണ് നിങ്ങളുടെ ലോക്കറിന്റെ വാര്‍ഷിക വാടകയെങ്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തിനാണ് അര്‍ഹത. നിലവിലെ വിപണി വിലയില്‍ ഈ തുക രണ്ട് പവന്‍ സ്വര്‍ണത്തിന്റെ വിലയേക്കാള്‍ കുറവാണ്. ജീവനക്കാര്‍ തട്ടിപ്പ് നടത്തി സ്വര്‍ണം കവര്‍ന്നാല്‍ പോലും ഈ തുകയ്ക്കുള്ള നഷ്ടപരിഹാരത്തിനാണ് ബാങ്കിന് ബാധ്യതയുള്ളൂ.

പ്രളയവും ഭൂകമ്പവും വന്നാല്‍ ഉത്തരവാദിത്തമില്ല

ബാങ്ക് ലോക്കറിലെ ആഭരണങ്ങള്‍ വെള്ളപ്പൊക്കം, ഭൂകമ്പം പോലെയുള്ള പ്രകൃതിക്ഷോഭങ്ങളാല്‍ നഷ്ടപ്പെട്ടാല്‍ തുല്യമായ തുക തിരിച്ചുതരാന്‍ ബാങ്കിനോട് ആവശ്യപ്പെടാനാകുമോ? ഇല്ല. കാരണം പ്രകൃതിക്ഷോഭങ്ങളാല്‍ ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നിയമപ്രകാരം ബാങ്കുകള്‍ക്ക് ഉത്തരവാദിത്തമില്ല. എല്ലാ നഷ്ടവും ഉപഭോക്താവ് വഹിക്കണം.

ലോക്കറിലെ ആഭരണങ്ങള്‍ ഇന്‍ഷുര്‍ ചെയ്യാനാകുമോ?

ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ബാങ്കുകള്‍ ഇന്‍ഷുറന്‍സ് നല്‍കുന്നില്ല. കാരണം, ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളെ കുറിച്ച് ഉപഭോക്താവിന് മാത്രമേ അറിവുണ്ടാകൂ. അതിനാല്‍ ബാങ്കുകള്‍ ഇന്‍ഷുറന്‍സ് നല്‍കില്ല. ബാങ്കുകള്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യരുതെന്ന് ആര്‍ബിഐ പറയുന്നുണ്ട്. 

 

ലോക്കറിലെ സ്വര്‍ണം എങ്ങനെ സുരക്ഷിതമാക്കാം

ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായി ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിക്കും. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളുടെ മൂല്യത്തിനനുസരിച്ചുള്ള ഇന്‍ഷുറന്‍സ് ഉപഭോക്താവിന് സ്വന്തം നിലക്ക് ഏര്‍പ്പെടുത്താം. മോഷണം, തീപിടിത്തം, മറ്റ് പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവ കാരണം ലോക്കറിലെ വസ്തുക്കള്‍ നഷ്ടമായാല്‍ നഷ്ടപരിഹാരം നല്‍കുന്ന ഇന്‍ഷുറന്‍സ് പാക്കേജുകള്‍ വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി എര്‍ഗോ, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇത്തരം പോളിസികള്‍ ഉണ്ട്.

ഇതുകൂടാതെ, ഹോം ഇന്‍ഷുറന്‍സ് ആഡ്-ഓണുകള്‍ ആഭരണങ്ങള്‍ക്ക് നല്‍കാം. നിങ്ങള്‍ ഹോം ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ അതിനോടൊപ്പം ആഭരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. ഇങ്ങനെ ചെയ്താല്‍ ആഭരണങ്ങള്‍ ബാങ്കിലായാലും ധരിച്ചിരിക്കുകയാണെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും.

മറ്റൊരു മാര്‍ഗമാണ് ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് എടുക്കുകയെന്നത്. ഇവിടെ നിങ്ങള്‍ സ്വര്‍ണം ബാങ്കില്‍ പണയമായി നല്‍കുകയാണ് ചെയ്യുന്നത്. ഓവര്‍ ഡ്രാഫ്റ്റിനായി സ്വര്‍ണം പണയം വയ്ക്കുമ്പോള്‍, ബാങ്ക് കസ്റ്റോഡിയനായി പ്രവര്‍ത്തിക്കുകയും 100 ശതമാനം ബാധ്യത ഏറ്റെടുക്കുകയും ചെയ്യുന്നു. അതിനാല്‍ ലോക്കറിനേക്കാള്‍ സുരക്ഷിതമാണ് ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ്. പണം പിന്‍വലിച്ചാല്‍ മാത്രമേ പലിശ നല്‍കേണ്ടതുള്ളൂ. കുറഞ്ഞ പ്രൊസസിങ് ഫീസ് നല്‍കേണ്ടിവരും. അതേസമയം, സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തെ നേരിട്ട് ബാധിക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News