പത്തു ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം; വൻകിട പദ്ധതികൾക്ക് വേഗമേറും

തുടർച്ചയായ മൂന്നം വർഷമാണ് കാപെക്‌സ് വർധിപ്പിക്കുന്നത്

Update: 2023-02-01 07:01 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ മൂലധന നിക്ഷേപച്ചെലവ് പത്തു ലക്ഷം കോടിയാക്കി വർധിപ്പിക്കാനുള്ള നിർദേശം മുമ്പോട്ടു വച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരുന്ന തുകയാണിത്. തുടർച്ചയായ മൂന്നം വർഷമാണ് കാപെക്‌സ് വർധിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഭരണപക്ഷ അംഗങ്ങൾ ഡസ്‌കിൽ കൈയടിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനം വരവേറ്റത്.

2022ൽ 7.5 ലക്ഷം കോടി രൂപയായിരുന്നു മൂലധന നിക്ഷേപച്ചെലവ്. റെയിൽവേക്ക് 2.4 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജ്‌നയ്ക്കുള്ള ചെലവ് 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയാക്കി. എഫക്ടീവ് കാപെക്‌സ് 13.7 ലക്ഷം കോടിയായും വർധിപ്പിച്ചു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.5 ശതമാനം വരുമിത്.

2022-23ൽ ജിഡിപിയും കാപെക്‌സും തമ്മിലുള്ള അനുപാതം 2.7 ശതമാനമായിരുന്നു. ഇതാണ് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം മുതൽ 3.3 ശതമാനമായി വർധിക്കുന്നത്. ഭാരത് മാല, ഗതി ശക്തി, പർവത് മാല, സാഗർമാല തുടങ്ങിയ വൻകിട സർക്കാർ പദ്ധതികൾ അതിവഗേത്തിൽ നടപ്പാക്കാൻ വഴിയൊരുക്കുന്നതാണ് മൂലധന നിക്ഷേപത്തിലെ വർധന.

എന്താണ് മൂലധന നിക്ഷേപം (കാപെക്‌സ്)

കെട്ടിടം, സാങ്കേതികവിദ്യ, ഉപകരണം, പ്ലാന്റ് തുടങ്ങിയ ആസ്തികളുടെ ശാക്തീകരണത്തിനും നവീകരണത്തിനും സമ്പാദത്തിനുമായി നീക്കിവയ്ക്കുന്ന ഫണ്ടാണ് കാപിറ്റൽ എക്‌സ്പൻഡിച്ചർ അല്ലെങ്കിൽ മൂലധനച്ചെലവ്. കമ്പനിയുടെയോ സർക്കാറിന്റെയോ പുതിയ പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും ഉപയോഗിക്കുന്നതും കാപെക്‌സാണ്.

ഉദാഹരണത്തിന്, ഒരു കമ്പനിക്ക് പുതുതായി ഭൂമി വാങ്ങുക, വാഹനം വാങ്ങുക, പുതിയ കെട്ടിടം എടുക്കുക, വലിയ മെഷിനറികൾ വാങ്ങുക ഇവയെല്ലാം കാപെക്‌സിന്റെ പരിധിയിൽ വരും. ദീർഘകാലച്ചെലവായിരിക്കുമിത്. പ്രവർത്തനച്ചെലവു (ഓപറേറ്റിങ് എക്‌സ്‌പെൻസസ്) പോലെ ചെറിയകാലത്തേക്കായിരിക്കില്ല. പുതിയ പ്രഖ്യാപനത്തോടെ പൊതുമേഖലാ സ്ഥാപനങ്ങൾ മേൽനോട്ടം വഹിക്കുന്ന വൻകിട പദ്ധതികൾക്ക് വേഗം വയ്ക്കുമെന്ന് കരുതപ്പെടുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News