Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഇന്ത്യയിൽ കോൾഗേറ്റ് കമ്പനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ വിചിത്രമായി മറുപടിയാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. പല്ലു തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇതുകാരണം രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്ന കോൾഗേറ്റിന്റെ വിൽപനയിൽ വൻ ഇടിവാണ് നേരിട്ടത്. ഇന്ത്യയിലെ ഉപഭോക്താക്കൾ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോൾഗേറ്റ് പറഞ്ഞിരുന്നു.
തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലും കമ്പനിയുടെ വിൽപന കുത്തനെ ഇടിഞ്ഞു. നഗരങ്ങളിലാണ് ഏറ്റവും ഇടിവ് നേരിട്ടത്. അടുത്ത കാലത്തൊന്നും മാർക്കറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കോൾഗേറ്റ്-പാമോലിവ് ചെയർമാനും ആഗോള ചീഫ് എക്‌സികുട്ടിവുമായ നോയൽ വലയ്‌സ് പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.3 ശതമാനത്തിന്റെറെ കുറവാണുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങൾക്ക് ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വിൽപന കൂടിയില്ല.
വിതരണത്തിലുണ്ടായ പ്രശ്‍നങ്ങൾ വിൽപനയെ സാരമായി ബാധിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഉപഭോക്താക്കളെ ആകർഷിക്കാൻ ഗുണമേന്മയുള്ളതും വില കൂടിയതുമായ പുതിയ പേസ്റ്റുകൾ കോൾഗേറ്റ് പുറത്തിറക്കിയിരുന്നു. ഗ്രാമീണ വിപണിയിൽ ഈയിടെ പുറത്തിറക്കിയ കോൾഗേറ്റ് സ്ട്രോങ് ടീത്ത് പോലും വിപണി പിടിച്ചില്ല. വിൽപന കുറഞ്ഞതിനെ കുറിച്ച് അടുത്ത ആഴ്‌ച വിശദമായി അവലോകനം ചെയ്യുമെന്നും വിപണിയിൽ ശക്തരാകാൻ പുതിയ തന്ത്രങ്ങൾ ഇറക്കുമെന്നും കമ്പനി പറഞ്ഞു.