മിക്ക ആളുകളും 60-ാം വയസിലെ വിരമിക്കലിനെ ജീവിതത്തിന്റെ ഫിനിഷിംഗ് ലൈനായാണ് കാണുന്നത്. ലഭിക്കുന്ന പെൻഷനെയും ബാക്കിവച്ച സമ്പാദ്യത്തെയും ആശ്രയിച്ചു ജീവിക്കാനുമുള്ള ഒരു സമയം. എന്നാൽ അത്തരം ചിന്താഗതിയെ പൂർണ്ണമായും തിരുത്തിക്കുറിക്കുന്നതാണ് ലക്ഷ്മൺ ദാസ് മിത്തലിൻ്റേത്. തന്റെ 93-ാം വയസ്സിൽ ഫോബ്‌സിന്റെ 2024-ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ (Forbes Billionaires List 2024) ഇടംനേടിയ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനായി മാറി. മിത്തലിന്റെ ജീവിതത്തെ യഥാർത്ഥത്തിൽ അസാധാരണമാക്കുന്നത് അദ്ദേഹം തന്റെ സംരംഭകത്വ ജീവിതം ആരംഭിച്ചത് വിരമിക്കലിന് ശേഷമായിരുന്നു എന്നതാണ്.
ഇന്ന് വലിയ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനും എത്രയോ മുമ്പ്, 1955 മുതൽ ഒരു സാധാരണ എൽഐസി (LIC) ഏജന്റായാണ് മിത്തൽ ജോലി ചെയ്തിരുന്നത്. അന്നത്തെ കാലത്തെ മറ്റ് പല മധ്യവർഗ ഇന്ത്യക്കാരെയും പോലെ, അദ്ദേഹവും ഒരു സ്ഥിരവരുമാനമുള്ള ജോലിയെയും കൃത്യമായ സമ്പാദ്യത്തെയുമാണ് ആശ്രയിച്ചിരുന്നത്.
മിത്തൽ വെറുമൊരു കഠിനാധ്വാനി മാത്രമല്ലായിരുന്നു, പഠനത്തിലും അദ്ദേഹം വളരെ മിടുക്കനായിരുന്നു. ഒരു ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം ഉറുദുവിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം നേടി. എംഎ ഇംഗ്ലീഷിന് ഗോൾഡ് മെഡൽ വരെ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ഈ വിദ്യാഭ്യാസ പശ്ചാത്തലം ജീവിതത്തോടും ബിസിനസിനോടുമുള്ള അച്ചടക്കമുള്ള സമീപനം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു.
തന്റെ വലിയ വിജയത്തിന് മുമ്പ്, മിത്തലിന് കടുത്തൊരു തിരിച്ചടി നേരിടേണ്ടി വന്നു. കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന ഒരു സൈഡ് ബിസിനസ്സിൽ അദ്ദേഹം തന്റെ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചു. എന്നാൽ ആ സംരംഭം പരാജയപ്പെടുകയും അത് അദ്ദേഹത്തെ സാമ്പത്തികമായി തകർക്കുകയും ചെയ്തു. പക്ഷേ, അവിടെ തളർന്നുപോകാതെ, എല്ലാം വീണ്ടും ആദ്യം മുതൽ ആരംഭിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
മിക്ക ആളുകളും 60-ാം വയസിൽ ജീവിതത്തിന്റെ വേഗത കുറയ്ക്കുമ്പോൾ, മിത്തൽ തന്റെ വേഗം വർധിപ്പിക്കുകയാണ് ചെയ്തത്. 1996-ൽ വിരമിച്ച ശേഷം, അദ്ദേഹം തന്റെ സമ്പാദ്യം മുഴുവൻ ട്രാക്ടർ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'സോണാലിക ഗ്രൂപ്പ്' (Sonalika Group) ആരംഭിക്കുന്നതിനായി നിക്ഷേപിച്ചു. ഈ ചുവടുവെപ്പാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.
ജീവിതത്തിന്റെ വൈകിയ വേളയിൽ ഒരു ചെറിയ സംരംഭമായി തുടങ്ങിയത് പെട്ടെന്നുതന്നെ ഒരു വൻ വിജയമായി വളർന്നു. ഇന്ന് സോണാലിക ഗ്രൂപ്പിന് ഒന്നിലധികം രാജ്യങ്ങളിൽ നിർമ്മാണ ഫാക്ടറികളുണ്ട് , കൂടാതെ ഇവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള 120ലധികം രാജ്യങ്ങളിൽ എത്തുന്നുമുണ്ട്. പഞ്ചാബിലെ ഹോഷിയാർപൂരിലുള്ള ഇവരുടെ പ്രധാന നിർമാണശാല മിത്തലിന്റെ ദീർഘവീക്ഷണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും സാക്ഷ്യപത്രമായി നിലകൊള്ളുന്നു.
ഇന്ന് ഏകദേശം 4.8 ബില്യൺ യു.എസ് ഡോളർ (USD 4.8 billion) ആസ്തിയുള്ള അദ്ദേഹം ഇന്ത്യയിലെ ശതകോടീശ്വരന്മാർക്കിടയിൽ നിൽക്കുന്നു.മിത്തൽ ഇപ്പോഴും തന്റെ ബിസിനസുമായി സജീവമായി ബന്ധപ്പെടുന്നു. അദ്ദേഹത്തിന്റെ മക്കളായ അമൃത് സാഗർ മിത്തലും ദീപക് മിത്തലുമാണ് നിലവിൽ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എങ്കിലും, അദ്ദേഹം ഇപ്പോഴും ഓഫീസുകൾ സന്ദർശിക്കുകയും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നുണ്ട്.