ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് സിഇഒക്കും തെരഞ്ഞെടുപ്പ് കമീഷന്റെ പണി

രാജീവ് ആനന്ദിന്റെ പേര് മുന്‍ വോട്ടര്‍പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഹിയറിങ്ങിന് ഹാജരായില്ലെങ്കില്‍ പേരുവെട്ടുമെന്നുമാണ് കമീഷന്റെ മുന്നറിയിപ്പ്

Update: 2026-09-28 09:46 GMT

ന്യൂഡല്‍ഹി: ഇന്‍ഡ്‌സ്‌ലന്‍ഡ് ബാങ്കിന്റെ സിഇഒ രാജീവ് ആനന്ദിനും തെരഞ്ഞെടുപ്പ് കമീഷന്റെ പണി. രാജീവ് ആനന്ദിന്റെ പേര് മുന്‍ വോട്ടര്‍പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഹിയറിങ്ങിന് ഹാജരായില്ലെങ്കില്‍ പേരുവെട്ടുമെന്നുമാണ് കമീഷന്റെ മുന്നറിയിപ്പ്.

വോട്ടര്‍പട്ടികയില്‍ തന്റെ പേര് അണ്‍മാപ്പ് ചെയ്തിരിക്കുകയാണെന്നാണ് കമീഷന്‍ അറിയിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും താന്‍ വോട്ട് ചെയ്യാറുണ്ട്. എനിക്ക് പാസ്‌പോര്‍ട്ടും പാന്‍കാര്‍ഡും ആധാറുമുണ്ട്. എന്നോട് ഹിയറിങ്ങിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ പേര് ഡിലീറ്റ് ചെയ്യും. ആനന്ദ് എക്‌സില്‍ കുറിച്ചു.

Advertising
Advertising

ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ നമുക്ക് നിരവധി രേഖകളുണ്ട്. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവ. എന്നിട്ടും ഐഡന്റിറ്റി തിരിച്ചറിയാന്‍ നാം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമമായ എസ്ഐആറിന്റെ ഭാഗമായി വോട്ടര്‍മാരുടെ നിലവിലെ വിവരങ്ങള്‍ മുന്‍കാല വോട്ടര്‍ പട്ടികയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുത്തുന്നുണ്ട്.ഈ വിവരങ്ങള്‍ പഴയ വോട്ടര്‍ പട്ടികയിലെ വിവരങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതോ, വിവരങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാത്തതോ ആയ സാഹചര്യത്തിലാണ് ചില വോട്ടര്‍മാരെ 'അണ്‍മാപ്പ്ഡ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.എന്നാല്‍ 'അണ്‍മാപ്പ്ഡ്' എന്നത് മാത്രം കൊണ്ട് വോട്ടറുടെ പേര് ഉടന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്ന് അര്‍ഥമില്ല. പരിശോധനയ്ക്കും അവകാശവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ സമര്‍പ്പിക്കാനും അവസരം നല്‍കുന്ന നടപടിക്രമമാണ് തുടരുന്നത്.

അണ്‍മാപ്പ്ഡ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും വിവരങ്ങളില്‍ യുക്തിപരമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയവര്‍ക്കും നോട്ടീസ് നല്‍കുന്നുണ്ട്.എന്നാല്‍ ഇത്തരം നോട്ടീസ് ലഭിച്ച എല്ലാവരും നിര്‍ബന്ധമായും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഓഫീസില്‍ നേരിട്ട് ഹിയറിങ്ങിന് എത്തേണ്ടതില്ലെന്ന് കമീഷന്‍ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ അഥവാ ബി.എല്‍.ഒമാര്‍ ഇത്തരം വോട്ടര്‍മാരുടെ വീടുകളിലെത്തി ആവശ്യമായ രേഖകള്‍ ശേഖരിച്ച് അവ തിരഞ്ഞെടുപ്പ് കമീഷന്റെ സംവിധാനത്തില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സാധാരണ സാഹചര്യത്തില്‍ നേരിട്ടുള്ളഹിയറിങ്ആവശ്യമില്ലെന്നും, പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഹിയറിങ് നടത്തൂവെന്നും കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.ആവശ്യമെങ്കില്‍ വോട്ടറുടെ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വോട്ടറുടെ അനുമതിയോടെ ഹിയറിങ്ങില്‍ പങ്കെടുക്കാനും കഴിയും. ഓണ്‍ലൈന്‍ ഹിയറിങ്ങിനുള്ള സൗകര്യങ്ങളും ശക്തിപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News