സ്വര്‍ണം വാങ്ങാന്‍ സമയമായോ? മൂന്ന് ദിവസത്തിനിടെ ഇടിഞ്ഞത് 4480 രൂപ

ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്

Update: 2026-05-18 11:33 GMT

കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് വ്യാപാര ദിവസത്തില്‍ സ്വര്‍ണവിലയിലുണ്ടായത് പവന് 4480 രൂപയുടെ ഇടിവ്. ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് നേരിയ ആശ്വാസമാണ് വിലയിടിവ് നല്‍കിയത്. വിവാഹത്തിനും മറ്റുമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ ഇനിയും കാത്തിരിക്കണോ അതോ ഇപ്പോള്‍ വാങ്ങണോ എന്ന കണ്‍ഫ്യൂഷനിലാണ്.

മെയ് 13ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. ഒറ്റയടിക്ക് പവന് 10,200 രൂപയായിരുന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,23,120 രൂപയായി. കേന്ദ്രം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു വന്‍തോതില്‍ വില കൂടിയയത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു വര്‍ധന.

Advertising
Advertising

എന്നാല്‍, അന്ന് വൈകീട്ട് തന്നെ വിലയില്‍ കുറവുണ്ടായി. പവന് 1,18,800ലെത്തി. മെയ് 14ന് നേരിയ വര്‍ധനവ്. അതിനു ശേഷം തുടര്‍ച്ചയായി ഇടിവാണ് വിലയിലുണ്ടായത്. മെയ് 15ന് രാവിലെ 1,17,400 രൂപയായിരുന്നത് വൈകീട്ടോടെ 1,15,800 രൂപയായി കുറഞ്ഞു. മെയ് 16നും 17നും അവധിയായിരുന്നു. ഇന്ന് പവന് 560 രൂപയും കുറഞ്ഞു. ഇതോടെ മൂന്ന് ദിവസം കൊണ്ട് 4480 രൂപയുടെ കുറവുണ്ടായി.

യുഎഇക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം, ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ വെല്ലുവിളി എന്നിവയെ തുടര്‍ന്ന് ക്രൂഡോയില്‍ വിലയും യുഎസ് ഡോളര്‍ ഇന്‍ഡക്‌സും ഉയര്‍ന്നത് രാജ്യാന്തര സ്വര്‍ണവിലയെ താഴ്ത്തിയിരുന്നു. ഇതാണ് ഇന്ന് കേരളത്തിലും വില കുറയാന്‍ വഴിയൊരുക്കിയത്.

രാജ്യാന്തര വിപണയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4538 ഡോളര്‍ എന്ന നിലയിലാണ്. 4700ന് മുകളില്‍ വരെയെത്തിയ ശേഷമാണ് ഒരാഴ്ചകൊണ്ട് താഴ്ന്നത്. വില കുറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നും ഇത് വരും ദിവസങ്ങളില്‍ വില തിരിച്ചുകയറാന്‍ ഇടയാക്കുമെന്നും വിലയിരുത്തലുകളുണ്ട്. രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ ഇടിയുന്നതും സ്വര്‍ണവിലയെ ഉയര്‍ത്താനാണ് സാധ്യത.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News