ടാറ്റ സണ്‍സ് നിയന്ത്രണം പിന്‍വാതിലിലൂടെ സ്വന്തമാക്കാന്‍ നോയല്‍ ശ്രമിക്കുന്നു -ജിമ്മി ടാറ്റ
ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമുള്ള ടാറ്റ സണ്‍സിന്റെ ലിസ്റ്റിങ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഷിങ്ടണ്‍: നോയല്‍ ടാറ്റക്കെതിരെ വിമര്‍ശനവുമായി രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനും ടാറ്റ ട്രസ്റ്റിലെ മുതിര്‍ന്ന അംഗവുമായ ജിമ്മി നാവല്‍ ടാറ്റ. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനെ ഉപയോഗിച്ച് ടാറ്റ സണ്‍സില്‍ കുടുംബത്തിന്റെ സ്വാധീനം ഉറപ്പിക്കാനാണ് നോയല്‍ ടാറ്റ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ടാറ്റ സണ്‍സിന്റെ ആര്‍ട്ടിക്കള്‍ ഓഫ് അസോസിയേഷനിലെ മാറ്റത്തേയും അദ്ദേഹം എതിര്‍ത്തു. എന്‍.ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തേയും അദ്ദേഹം അനുകൂലിച്ചു. ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമുള്ള ടാറ്റ സണ്‍സിന്റെ ലിസ്റ്റിങ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രസ്റ്റ് സ്ഥാപിച്ചവര്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത തരത്തില്‍ ടാറ്റ സണ്‍സിനുമേല്‍ പരിധി വിട്ട നിയന്ത്രണം ഉറപ്പാക്കുന്നതിനായി ചെയര്‍മാന്റെ കുടുംബാംഗങ്ങളെ കൊണ്ട് ട്രസ്്റ്റ് നിറക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
85കാരനായ ജിമ്മിയുടെ ഇടപെടല്‍ ടാറ്റ ട്രസ്റ്റിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്. ഇതുവരെ ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് പോലുള്ളവയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു പതിവ്. ഇതിന് വ്യത്യസ്തമായാണ് ഇപ്പോള്‍ പരസ്യമായ അഭിപ്രായപ്രകടനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ടാറ്റയുടെ രണ്ട് പ്രധാന ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ സ്ഥാപിച്ചത് പൊതുജനക്ഷേമം ലക്ഷ്യമിട്ടാണെന്നും അവയുടെ ട്രസ്റ്റിമാര്‍ ആസ്തികളുടെ ഉടമകളല്ല, മറിച്ച് സംരക്ഷകര്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ രത്തന്‍ ടാറ്റയും സര്‍ ദൊറാബ്ജി ടാറ്റയും സ്ഥാപിച്ച ട്രസ്റ്റുകളുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജനം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംരക്ഷണം തുടങ്ങിയ പൊതുതാല്‍പര്യങ്ങളായിരുന്നുവെന്ന് ജിമ്മി വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങളെ സേവിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തില്‍നിന്ന് ഈ സ്ഥാപനങ്ങള്‍ വ്യതിചലിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടാറ്റ സണ്‍സിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനില്‍ 2013-14 കാലയളവില്‍ വരുത്തിയ ഭേദഗതികളാണ് നിലവിലെ ഭരണപരമായ ഭിന്നതകള്‍ക്ക് കാരണമെന്നാണ് ജിമ്മിയുടെ വിലയിരുത്തല്‍. ഈ മാറ്റങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റുകളും ടാറ്റ സണ്‍സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ ഭരണസംവിധാനത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ട്രസ്റ്റുകളും ടാറ്റ സണ്‍സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളും തമ്മില്‍ വ്യക്തമായ വേര്‍തിരിവുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ പിന്നീട് വരുത്തിയ ഭേദഗതികളിലൂടെ ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന് വീറ്റോ അധികാരവും ഡയറക്ടര്‍മാരെ നിയമിക്കാനുള്ള സ്വാധീനവും ലഭിച്ചു. ഇതോടെ കമ്പനിയുടെ ബോര്‍ഡിന്റെ കൂട്ടായ തീരുമാനമെടുക്കല്‍ അധികാരം ദുര്‍ബലമായെന്നും അദ്ദേഹം ആരോപിച്ചു.
ട്രസ്റ്റിമാരുടെ കാലാവധി സംബന്ധിച്ച നിയമങ്ങളിലെ വ്യത്യാസങ്ങളെയും ജിമ്മി ചോദ്യം ചെയ്തു. ഇത്തരം വ്യവസ്ഥകള്‍ ട്രസ്റ്റിമാരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുകയും വിയോജിക്കുന്ന ട്രസ്റ്റിമാരെ പാര്‍ശ്വവല്‍ക്കരിക്കാന്‍ വഴിയൊരുക്കുകയും ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.