ആറ് സംസ്ഥാനങ്ങളുടെ തലവര മാറും; സ്വര്‍ണഖനനത്തിന് ഇന്ത്യ
ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തുക വഴി ഇറക്കുമതി ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സ്വര്‍ണഖനനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി നീതി ആയോഗ്. ഇതിന്റെ ഭാഗമായി പുതിയ ബ്ലുപ്രിന്റ് അവതരിപ്പിക്കാനാണ് നീതി ആയോഗ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി കുറക്കുകയാണ് നീതി ആയോഗിന്റെ പ്രധാനലക്ഷ്യം.
സ്വര്‍ണഖനനത്തിന് ഇന്‍സെന്റീവ്, ചട്ടങ്ങളിലെ മാറ്റം എന്നിവ കൊണ്ടുവന്ന് കമ്പനികളെ പ്രോല്‍സാഹിപ്പിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഇന്ത്യയുടെ സ്വര്‍ണവിപണിയില്‍ സുസ്ഥിരമായ ഒരു വികസനമാണ് നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രവും അതത് സംസ്ഥാന സര്‍ക്കാറുകളും ചേര്‍ന്നാകും ചട്ടങ്ങള്‍ പുതുക്കുക.
വിവിധ സംസ്ഥാനങ്ങളിലായി 600 ടണ്‍ സ്വര്‍ണമാണ് മണ്ണിനടിയില്‍ കിടക്കുന്നത്. ഇതില്‍ 45 ശതമാനവും ബിഹാറിലാണ്. രാജസ്ഥാന്‍(25%, കര്‍ണാടക(21%),ബംഗാള്‍(3%)ആന്ധ്രപ്രദേശ്(2%), ഝാര്‍ഖണ്ഡ്(2%)എന്നീ സംസ്ഥാനങ്ങളിലും സ്വര്‍ണശേഖരമുണ്ട്.
പ്രതിവര്‍ഷം ഇന്ത്യ 800 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സ്വര്‍ണവില കുതിച്ചതോടെ കൂടുതല്‍ ഇറക്കുമതി ഇന്ത്യക്ക് ബാധ്യതയാവുകയാണ്. ഇത് ഇന്ത്യയുടെ വ്യാപാരകമ്മി, കറണ്ട് അക്കൗണ്ട് കമ്മി എന്നിവ ഉയരാനും സാധ്യതയുണ്ട്.
ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തുക വഴി ഇറക്കുമതി ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. അതിന് വേണ്ടി കൂടിയാണ് ഖനനം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
നേരത്തെ മിഡില്‍ ഈസ്റ്റ് യുദ്ധം ശക്തമായതിനെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് രാജ്യത്തിന്റെ ഇറക്കുമതിയിലും കുറവുണ്ടായി. ഇറക്കുമതിയില്‍ 39.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 41.24 ബില്യണ്‍ ഡോളറില്‍ നിന്ന് ഇറക്കുമതി 24.8 ബില്യണ്‍ ഡോളറായി കുറഞ്ഞു.