മാസം 500 രൂപയെങ്കിലും മാറ്റിവെക്കൂ; ഭാവിയിൽ ലക്ഷങ്ങൾ നേടാം, പെൺമക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഇനി വേണ്ട

സാധാരണക്കാരായ കുടുംബങ്ങൾക്ക് മക്കൾക്കുവേണ്ടി വർഷം വലിയൊരു തുക നിക്ഷേപിക്കുകയെന്നത് സാധ്യമായ കാര്യമല്ല. അത്തരം ആളുകൾക്ക് പോലും മക്കൾക്കായി പണം നിക്ഷേപിക്കാൻ പ്രയാസമില്ലാത്ത തരത്തിലാണ് സുകന്യ സമൃദ്ധിയുടെ ഘടന. 250 രൂപ പ്രാരംഭ നിക്ഷേപമായി ഇട്ടുകൊണ്ട് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം.

Update: 2022-10-22 08:24 GMT
Editor : സബീന | By : Web Desk
Advertising

മക്കളുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കൾക്ക് അവർ ജനിക്കുമ്പോൾ തുടങ്ങും ആശങ്ക. അവർക്ക് ആവശ്യമായ ആഹാരം, പഠനത്തിനുള്ള ചെലവ്, സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുന്നതുവരെ ഒട്ടുമിക്ക മാതാപിതാക്കൾക്കും ആധിയാണ്. പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ. സാമ്പത്തിക സ്വാതന്ത്ര്യം പെൺകുട്ടികളുടെ ഭാവി ഭദ്രമാക്കാൻ സഹായിക്കും. തീർച്ചയായും അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കാനുള്ള സഹായം മാതാപിതാക്കൾകൂടി ചെയ്യേണ്ടതുണ്ട്. വർഷംതോറും കൂടുന്ന പഠനച്ചെലവ് നോക്കുമ്പോൾ അവരെ എങ്ങനെ അവരാഗ്രഹിക്കുന്ന തരത്തിൽ പഠിപ്പിക്കാനാകും എന്ന ചിന്തയാണോ? ചെറുപ്പം മുതൽ നിങ്ങളുടെ ഭാഗത്തുനിന്നും ചെറിയ കരുതലുണ്ടായാൽ മതി, അത് എളുപ്പം നടക്കും. പെൺമക്കളെ ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് കൈത്താങ്ങായാണ് സർക്കാർ സുകന്യ സമൃദ്ധി യോജന പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.

ബേട്ടി ബചാവോ ബേട്ടി പഠാവോ യോജനയുടെ ഭാഗമായ സർക്കാർ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യസമൃദ്ധി പദ്ധതി. പത്തുവയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാവിനാണ് മകൾക്കുവേണ്ടി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാനാവുക. ഒരാൾക്ക് ഒരു അക്കൗണ്ട് തുടങ്ങാം. രണ്ട് പെൺകുട്ടികളുള്ള കുടുംബമാണെങ്കിൽ അമ്മയ്ക്കും അച്ഛനും ഓരോ അക്കൗണ്ട് വീതം രണ്ട് മക്കൾക്കുമായി തുടങ്ങാവുന്നതാണ്. ഇതിനു പുറമേ മൂന്ന് പെൺ മക്കളുളള കുടുംബങ്ങൾക്ക് ഒരു അക്കൗണ്ട് കൂടി തുടങ്ങാൻ സൗകര്യമുണ്ട്, സർക്കാർ നിർദേശിക്കുന്ന ചില മാനദണ്ഡങ്ങളുണ്ടെന്ന് മാത്രം. ഒരു പ്രസവത്തിലേക്ക് ഇരട്ട പെൺകുട്ടികളും മറ്റേത് ഒരു പെൺകുട്ടിയും ആണെങ്കിലാണ് മൂന്ന് അക്കൗണ്ടുകൾ തുടങ്ങാനാവുക.

നിശ്ചിത ബാങ്കുകളിലോ പോസ്റ്റോഫീസുകളിലോ രേഖകളുമായി ചെല്ലുന്നപക്ഷം പെൺമക്കളുള്ള രക്ഷിതാക്കൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാനാവും. 21 വർഷത്തേക്കോ അല്ലെങ്കിൽ പെൺകുട്ടിയ്ക്ക് പതിനെട്ടു തികയുന്നതുവരെയോ വിവാഹം കഴിയുന്നതുവരെയോ ആണ് ഈ അക്കൗണ്ടുകളുടെ കാലപരിധി.

പ്രത്യേകതകൾ:

സാധാരണക്കാരായ കുടുംബങ്ങൾക്ക് മക്കൾക്കുവേണ്ടി വർഷം വലിയൊരു തുക നിക്ഷേപിക്കുകയെന്നത് സാധ്യമായ കാര്യമല്ല. അത്തരം ആളുകൾക്ക് പോലും മക്കൾക്കായി പണം നിക്ഷേപിക്കാൻ പ്രയാസമില്ലാത്ത തരത്തിലാണ് സുകന്യ സമൃദ്ധിയുടെ ഘടന. 250 രൂപ പ്രാരംഭ നിക്ഷേപമായി ഇട്ടുകൊണ്ട് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. അൻപതുരൂപയുടെ ഗുണിതമായി വരുന്ന എത്രരൂപയും അക്കൗണ്ടിൽ നിക്ഷേപിക്കാം. വർഷം കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടാവണം. എന്നാൽ ഒരുവർഷം 1,50,000 രൂപയിൽക്കൂടുതൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പാടില്ല.

അക്കൗണ്ട് തുടങ്ങി പതിനഞ്ചുവർഷം പൂർത്തിയാകുന്നതുവരെ അക്കൗണ്ടിൽ തുക നിക്ഷേപിക്കാം. ഒരു ഒമ്പതുവയസുള്ള കുട്ടി അക്കൗണ്ട് തുടങ്ങിയാൽ കുട്ടിയ്ക്ക് 24 വയസാകുംവരെ നിക്ഷേപം നടത്താം.

മാസത്തിൽ 500 രൂപ നിക്ഷേപിച്ചാൽ വർഷം 6000 രൂപ നിക്ഷേപിക്കാൻ കഴിയും. ഒന്നാം വയസിൽ മകളുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചാൽ 22 വയസുവരെ നിക്ഷേപിക്കാം. ഇക്കാലത്തിനിടെ 90000രൂപ നിക്ഷേപിച്ചാൽ പലിശയായി 1,64,606 രൂപയും ലഭിക്കും. ഇത് രണ്ടും ചേർത്ത് കാലാവധിയിൽ 254,606 രൂപ പിൻവലിക്കാം.

ചട്ടപ്രകാരം കുട്ടിയ്ക്ക് പതിനെട്ടു തികയുന്നതുവരെ ഈ അക്കൗണ്ട് ഗാർഡിയൻ ആണ് നോക്കേണ്ടത്. പതിനെട്ടു പൂർത്തിയായാൽ പെൺകുട്ടിയ്ക്ക് കെ.വൈ.സി രേഖകൾ സമർപ്പിച്ച് അക്കൗണ്ട് നോക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാം.

സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ കാലാവധി:

അക്കൗണ്ട് തുടങ്ങി 21വർഷം പൂർത്തിയായാൽ സുകന്യ സമൃദ്ധി കാലാവധി കഴിയും. എന്നാൽ അക്കൗണ്ട് ഉടമയായ പെൺകുട്ടിയുടെ വിവാഹാവശ്യത്തിനുവേണ്ടി അപേക്ഷ നൽകുകയാണെങ്കിൽ അതിനു മുമ്പ് അക്കൗണ്ട് കാലാവധി തീർത്തുനൽകുന്നതായിരിക്കും. ഇതിനായി പെൺകുട്ടി നോട്ടറി സാക്ഷ്യപ്പെടുത്തിയ നോൺ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറിൽ സമ്മതപത്രം സമർപ്പിക്കണം. ഒപ്പം പതിനെട്ടു തികഞ്ഞുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും. വിവാഹത്തിന് ഒരുമാസം മുമ്പോ മൂന്നുമാസം കഴിഞ്ഞോ ഉള്ള ഇത്തരം അപേക്ഷകൾ അനുവദിക്കുന്നതല്ല.

ഇതിനു പുറമേ പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായാൽ പഠനത്തിനോ മറ്റോ ആവശ്യമായി വരികയാണെങ്കിൽ അക്കൗണ്ടിലെ അൻപതുശതമാനം തുക പിൻവലിക്കാവുന്നതാണ്. മാസ തവണയായോ ഒറ്റത്തവണയായോ തുക പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്.

പലിശ നിരക്ക്:

മാർച്ച് പാദത്തിലാണ് സർക്കാർ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്. 2022 മാർച്ച് 31നാണ് അടുത്ത തവണത്തെ പലിശ നിരക്ക് പുന:പരിശോധിക്കുക. ഈ പാദത്തിൽ 7.6% ആണ് പലിശ നിരക്ക്. ഏപ്രിൽ ഒന്നുമുതൽ 2022 ജൂൺ 30 വരെ മാർച്ച് 31ന് പ്രഖ്യാപിക്കുന്ന പലിശ നിരക്കാണ് ബാധകമാകുക. പദ്ധതിയുടെ പലിശ നിരക്ക് സർക്കാറാണ് തീരുമാനിക്കുന്നത്. ഇത് ക്രമമായ കാലയളവിൽ മാറ്റുകയും ചെയ്യുന്നുണ്ട്.

അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ രേഖകൾ:

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുടങ്ങാനുള്ള ഫോം

ജനന സർട്ടിഫിക്കറ്റ് (പെൺകുട്ടിയുടെ)

ഐഡന്റിറ്റി പ്രൂഫ്

റസിഡന്റ്‌സ് പ്രൂഫ്

ഗാർഡിയന്റെയും കുട്ടിയുടെയും ഫോട്ടോഗ്രാഫ്

നികുതി ഇളവുകൾ:

ഉയർന്ന നികുതി രഹിത റിട്ടേൺ ആണ് സുകന്യ സമൃദ്ധി യോജന നൽകുന്നത്. ഇ.ഇ.ഇ (exempt-exempt-exemtp) കാറ്റഗറിയിൽ വരുന്നതാണ് ഈ നിക്ഷേപം. ഈ പദ്ധതി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതില്ല. ഇതിലെ വാർഷിക നിക്ഷേപം ആദായ നികുതി നിയമത്തിലെ സെക്ഷൻ സിയുടെ യോഗ്യതയുള്ളതും കാലാവധി പൂർത്തിയായാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് നികുതി ഈടാക്കാത്തതുമാണ്.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News