രത്തൻ ടാറ്റയുടെ മരണത്തിന് മാസങ്ങൾക്ക് ശേഷം ടാറ്റ സൺസ് ബോർഡിൽ നിന്ന് രാജിവച്ച് വിജയ് സിങ്; കാരണമിതാണ്...

ടാറ്റ സൺസ് ബോർഡിൽ ടാറ്റ ട്രസ്റ്റുകളുടെ നോമിനി ഡയറക്ടറായിരുന്നു സിങ്

Update: 2025-09-12 05:55 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: രത്തൻ ടാറ്റയുടെ മരണത്തിന് പിന്നാലെ ടാറ്റ സൺസ് ബോർഡിൽ നിന്ന് ടാറ്റ ട്രസ്റ്റ് വൈസ് ചെയർമാൻ വിജയ് സിങ് ടാറ്റ സൺസ് ബോർഡിൽ നിന്ന് പടിയിറങ്ങുന്നു. ടാറ്റ സൺസിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) നിർദേശിച്ച ഐ‌പി‌ഒ (പ്രാരംഭ ഓഹരി വിൽപന) ആരംഭിക്കുന്നതിനുള്ള സമയപരിധി നേരിടേണ്ടിവരുമ്പോഴാണ് ഈ നീക്കം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റിസർവ് ബാങ്ക് പുറത്തുവിട്ട ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻബിഎഫ്സി) പട്ടികയിൽ അപ്പർ-ലെയർ വിഭാഗത്തിലാണ് ടാറ്റാ സൺസുള്ളത്. ഈ വിഭാഗത്തിലെ കമ്പനികൾ നിർബന്ധമായും ഐപിഒ നടത്തണമെന്നാണ് റിസർവ് ബാങ്കിന്‍റെ നിബന്ധന. ഇതുപ്രകാരം ടാറ്റാ സൺസ് 2025 സെപ്റ്റംബറിനകം ഐപിഒ നടത്തണം. 65 ബില്യൻ ഡോളർ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിനെ നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റ്സ് ആണ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, ടിവിഎസ് ചെയർമാൻ ഇമെരിറ്റസ് വേണു ശ്രീനിവാസൻ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങൾ. ഇവര്‍ രണ്ടു പേരും വിജയ് സിങ്ങിന്‍റെ രാജിയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

Advertising
Advertising

ടാറ്റ സൺസ് ബോർഡിൽ ടാറ്റ ട്രസ്റ്റുകളുടെ നോമിനി ഡയറക്ടറായിരുന്നു സിങ്. രാജി വച്ചെങ്കിലും ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിയായി അദ്ദേഹം തുടരും. ടാറ്റ സൺസ് ബോർഡിലെ മറ്റ് ഡയറക്ടർമാരിൽ നിന്ന് വ്യത്യസ്തമായി, ടാറ്റ ട്രസ്റ്റുകളുടെ നോമിനി ഡയറക്ടർമാർക്ക് വിരമിക്കൽ പ്രായം ഇല്ലാത്തതിനാൽ ഈ നീക്കം അപ്രതീക്ഷിതമാണ്.

ടാറ്റ സൺസ് ബോർഡിൽ സിങ് രണ്ടാം തവണയാണ് എത്തുന്നത്. മുൻ പ്രതിരോധ സെക്രട്ടറിയായിരുന്ന അദ്ദേഹം 2013 ജൂണിലാണ് ആദ്യമായി ബോര്‍ഡിൽ അംഗമാകുന്നത്. എന്നാൽ 70 വയസ്സ് തികഞ്ഞപ്പോൾ 2018 ജൂലൈയിൽ സ്ഥാനമൊഴിഞ്ഞു. അന്ന് ടാറ്റ ട്രസ്റ്റ് നോമിനികളുടെ വിരമിക്കൽ പ്രായം 70 വയസായിരുന്നു. നോമിനി ഡയറക്ടർമാർക്ക് നിശ്ചിത വിരമിക്കൽ പ്രായം ഇല്ലെന്ന നയം അന്നത്തെ ചെയർമാനായിരുന്ന രത്തൻ ടാറ്റ അവതരിപ്പിച്ചതിനെത്തുടർന്ന്, 2022 ഫെബ്രുവരിയിൽ 74 വയസുള്ളപ്പോൾ അദ്ദേഹം വീണ്ടും ബോര്‍ഡിൽ നിയമിതനായി. വർഷങ്ങളായി, ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും വിരമിക്കൽ പ്രായ മാനദണ്ഡങ്ങൾ തന്ത്രപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ഒരു ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനും മറ്റ് ചിലപ്പോൾ അത് അവസാനിപ്പിക്കുന്നതിനും.

ടി.വി നരേന്ദ്രൻ ടാറ്റാ സൺസ് ബോര്‍ഡിലേക്ക്

ടാറ്റ സ്റ്റീലിന്‍റെ ഗ്ലോബൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രൻ, ഗ്രൂപ്പിന്റെ പ്രതിനിധിയായി ടാറ്റ സൺസ് ബോർഡിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.നിയമനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ 60 കാരനായ അദ്ദേഹം അടുത്തിടെ ബോംബെ ഹൗസിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി.ടാറ്റ സൺസ് ബോർഡിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് നരേന്ദ്രന്‍റെ കടന്നുവരവ്. ജാഗ്വാർ ലാൻഡ് റോവറിന്‍റെ മുൻ സിഇഒ റാൽഫ് സ്പെത്ത് 70 വയസ് തികഞ്ഞതിന് ശേഷം ഈ മാസം സ്ഥാനമൊഴിഞ്ഞിരുന്നു. സൈറസ് മിസ്ട്രിയെ നീക്കം ചെയ്തതിനെത്തുടർന്ന് ബോർഡ് പുനഃക്രമീകരിച്ച 2016 ഒക്ടോബർ മുതൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

സ്വതന്ത്ര ഡയറക്ടർ ലിയോ പുരി ഏപ്രിലിൽ രാജിവച്ചു. മുതിർന്ന വ്യവസായി അജയ് പിരമൽ ഓഗസ്റ്റിൽ വിരമിക്കൽ പ്രായം 70 ൽ എത്തിയപ്പോൾ തന്‍റെ സ്ഥാനം ഒഴിഞ്ഞു. ഈ വിരമിക്കലുകൾ ബോർഡിൽ മൂന്ന് ഒഴിവുകൾ അവശേഷിപ്പിച്ചു.ടാറ്റ സൺസിന്റെ ബോർഡിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ്, സ്വതന്ത്ര ഡയറക്ടർമാർ എന്നിവർ ഉൾപ്പെടുന്നു. ഇവരുടെ വിരമിക്കലിന് കര്‍ശനമായ മാനദണ്ഡങ്ങളാണുള്ളത്. എക്സിക്യുട്ടീവുകളുടേത് 65ഉം നോൺ എക്സിക്യുട്ടീവുകളുടേത് 70 വയസും സ്വതന്ത്ര ഡയറക്ടർമാരുടേത് 75 വയസുമാണ്. ടാറ്റ ഗ്രൂപ്പിനുള്ളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുകയും ടാറ്റ സ്റ്റീലിന്റെ ആഗോള വികാസത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത നരേന്ദ്രന്‍ ബോര്‍ഡിന് ഏറ്റവും അനുയോജ്യനായ വ്യക്തിയായിട്ടാണ് അണിയറക്കാര്‍ കാണുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News