1,500 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം, രാത്രിയിൽ ഊബർ ഡ്രൈവർ; കാരണം കേട്ട് 86കാരന് കൈയടിച്ച് സോഷ്യൽ മീഡിയ
സംരംഭകനായ നവ് ഷായാണ് ഫിജിയിൽ വെച്ച് കണ്ടുമുട്ടിയ ഉബർ ഡ്രൈവറിന്‍റെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്
photo| video screenshot
ഫിജി: 13 ജ്വല്ലറി സ്റ്റോറുകൾ, ആറ് റെസ്‌റ്റോറന്റുകൾ,നാല് സൂപ്പർമാർക്കറ്റ്,പ്രാദേശിക പത്രം,പെർഫ്യൂം ഔട്ട്‌ലറ്റ്..കമ്പനികളുടെ വാർഷിക വരുമാനം 175 മില്യണ്‍ ഡോളർ...രാത്രിയായാൽ ഊബർ ഡ്രൈവറുടെ ജോലിയും...ഫിജിയിലെ 86 കാരന്റെ കഥകേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ.
സംരഭകനായ നവ് ഷാ എന്നയാൾ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്.ഒരു യാത്രക്കിടയിലാണ് ഇരുവരും സംസാരിക്കുന്നത്. എങ്ങനെയാണ് ചെലവുകളെല്ലാം പോകുന്നതെന്ന് നവ് ഷാ ചോദിച്ചപ്പോള്‍ താനൊരു ബിസിനസുകാരനാണെന്നും നിരവധി കമ്പനികളുണ്ടെന്നും 175 മില്യൺ ഡോളറാണ് തന്റെ വാർഷിക വിറ്റുവരവെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എല്ലാവർഷവും 24 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൻ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നും ഊബർ ഓടിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് താൻ അതിനായി പണം കണ്ടെത്തുന്നതുമെന്നും വിഡിയോയിൽ പറയുന്നത്.
'തനിക്ക് മൂന്ന് പെൺമക്കളുണ്ട്. അവർക്ക് നല്ല വിദ്യാഭ്യാസം നൽകി. അവരിപ്പോൾ ഉയർന്ന നിലയിലാണെന്നും അയാൾ അഭിമാനത്തോടെ പറയുന്നുണ്ട്. മറ്റ് പെൺകുട്ടികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാകാൻ വേണ്ടി എന്തുകൊണ്ട് സഹായിച്ചുകൂടാ എന്ന ചിന്തയാണ് താൻ ഊബർ ഡ്രൈവറായതിന് പിന്നിലെ കാരണമായി അദ്ദേഹം പറയുന്നത്. ഇന്ത്യക്കാരനായ തന്റെ പിതാവ് 1929ൽ വെറും അഞ്ച് പൗണ്ടുമായാണ് ബിസിനസ് ആരംഭിച്ചത്. എന്തെങ്കിലും ചെയ്യുമ്പോൾ അതിൽ നിങ്ങൾ നിങ്ങളോട് തന്നെ പൂർണമായും സത്യസന്ധമായിരിക്കണമെന്ന് പിതാവ് തന്നെ ഉപദേശം താൻ ഇപ്പോഴും കൊണ്ടുനടക്കുന്നു'. അദ്ദേഹം പറഞ്ഞു.
യാത്രക്കിടയിൽ 86കാരനുമായി നടത്തിയ സംഭാഷണത്തിന്റെ വിഡിയോയും നവ് ഷാ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ത്യയിലെ പെൺകുട്ടികളെ പഠിപ്പിക്കാൻ ഞാൻ ഈ പണം അയയ്ക്കുന്നു. ഓരോ യാത്രയും മറ്റൊരാൾക്ക് സ്‌കൂളിൽ പോകാനുള്ള സഹായമാണ്.'' എന്തുകൊണ്ടാണ് ഇപ്പോഴും ഡ്രൈവറായിരിക്കുന്നതെന്ന് നവ് ഷാ ചോദിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.
'പോസിറ്റീവ് ആയിരിക്കുക, സന്തോഷവാനായിരിക്കുക, സത്യസന്ധത പുലർത്തുക. ജീവിതത്തിൽ നിങ്ങൾക്ക് വേണ്ടത് അതാണ്.സമ്പത്തും ബിസിനസുമെല്ലാമുണ്ടായിട്ടും ദയയിലും ലക്ഷ്യബോധത്തിലും അധിഷ്ടിതമായി മുന്നോട്ട് പോകുന്ന മനുഷ്യൻ. യഥാർഥ വിജയം സമ്പത്തിലോ പ്രശസ്തിയിലോ അല്ല. നിങ്ങൾ എത്ര ഉയരത്തിൽ നിൽക്കുന്നു എന്നതിലുമല്ല,ആ വഴിയിൽ നിങ്ങൾ എത്ര ആളുകളെ കൈപിടിച്ച് കയറ്റുന്നു എന്നതിലാണ്..' വിഡിയോ പങ്കുവെച്ച് കൊണ്ട് നവ് ഷാ കുറിച്ചു.
വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറലായി. ജീവിച്ചിരിക്കുന്ന ഇതിഹാസമെന്നാണ് ചിലർ കമന്റ് ചെയ്തത്. ഇദ്ദേഹം ശരിക്കുമൊരു പ്രചോദനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.