മുംബൈ: രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തിൽ മരിക്കുന്നതിന് തൊട്ടുമുമ്പ് മഹരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞത് എന്താണ്...? മരണത്തിന് ഏതാനും മിനിറ്റുകൾക്ക് ഒരു പാർട്ടി പ്രവർത്തകനുമായി പവാർ ഫോണിൽ സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ് എൻസിപി. ശ്രിജീത് പവാർ എന്ന പ്രവർത്തകനെ വിളിച്ച് പവാർ സംസാരിച്ചതിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
തന്റെ അവസാന സംഭാഷണത്തിൽ ഐക്യത്തിന്റെയും സമത്വത്തിന്റേയും സന്ദേശം നൽകിയ അജിത് പവാർ, എല്ലാ മതങ്ങളെയും ജാതികളേയും ഒരുമിച്ച് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തെന്ന് എൻസിപി പറയുന്നു. രാവിലെ 8.45നാണ് അപകടമുണ്ടാകുന്നത്. 8.19ന് താൻ ഒരു മെസേജ് അയച്ചതായും 8.37ന് വിമാനം നെറ്റ്‌വർക്ക് കവറേജ് ഉള്ള സ്ഥലത്ത് എത്തിയപ്പോൾ പവാർ തനിക്ക് കോൾ ചെയ്തതായും ശ്രിജീത് പറഞ്ഞു. തുടർന്ന്, വെറും എട്ട് മിനിറ്റുകൾക്ക് ശേഷമായിരുന്നു വിമാനം ദുരന്തത്തിലേക്ക് തെന്നിമാറിയത്.
ഞാനും അജിത് ദാദയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം എനിക്ക് കോൾ ചെയ്തു. എല്ലാ ജാതികളെയും മതങ്ങളേയും പാർട്ട് ഒപ്പം ചേർത്ത് കൊണ്ടുപോവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരുവും തമ്മിലുള്ള സംഭാഷണം ഇങ്ങനെ...
അജിത് പവാർ: എല്ലാ ജാതികളെയും മതങ്ങളേയും നമ്മൾ ചേർത്തുനിർത്തുന്നുണ്ട്.
ശ്രിജീത് പവാർ: അല്ല ദാദാ... എനിക്ക് തോന്നിയത് ഞാൻ പറഞ്ഞെന്ന് മാത്രം...
അജിത് പവാർ: ജില്ലാ പരിഷത്തിൽ മാലി സമുദായത്തിന് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. എല്ലാവർക്കും നീതി നൽകാൻ നമ്മൾ ശ്രമിച്ചു.
ശ്രിജീത് പവാർ: ശരിയാണ് ദാദാ... നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് നിങ്ങൾ ചെയ്തോളൂ...
അതേസമയം, പാർട്ടി ജനങ്ങളിലേക്ക് എത്തണമെന്ന് പവാർ ആഗ്രഹിച്ചിരുന്നെന്ന് അറിയിക്കാനാണ് എൻസിപി ഓഡിയോ പരസ്യമാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇരു വിഭാഗം എൻസിപികളുടെ ലയനവും അജിത് പവാർ ആഗ്രഹിച്ചിരുന്നതായി പാർട്ടി നേതാക്കൾ അറിയിച്ചിരുന്നു. ഫെബ്രുവരി 12ന് ലയനം ഉണ്ടാകണമെന്ന് അജിത് പവാർ പറഞ്ഞിരുന്നതായി ശരദ് പവാറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം അമ്മാവൻ ശരദ് പവാറിന്റെ ജന്മദിനത്തിൽ (ഡിസംബർ 12) ഒരു സമ്മാനം എന്ന നിലയിൽ രണ്ട് എൻസിപി വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നതായും എന്നാൽ ഒരുമിക്കൽ ആ സമയത്ത് നടന്നില്ലെന്നും എൻസിപി (എസ്‌പി) നേതാവ് അങ്കുഷ് കകഡെയും പറഞ്ഞിരുന്നു. എൻസിപികളുടെ ഒന്നിപ്പെന്നത് മാസങ്ങളായി ഇരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടേയും ആവശ്യമാണ്. ഇതനുസരിച്ച് ഇരു വിഭാഗം നേതാക്കളും പ്രാരംഭ ചർച്ചകളും ആരംഭിച്ചിരുന്നു. ലയനത്തിന്റെ ആദ്യപടിയായി പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരു എൻസിപികളും സഖ്യമായി മത്സരിക്കുകയും ചെയ്തിരുന്നു.
ജനുവരി 28ന് രാവിലെ 8.45ന് മുംബൈ ബാരാമതി വിമാനത്താവളത്തിന് സമീപമായിരുന്നു അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടം. എട്ട് മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 45 മിനിറ്റിനുശേഷം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അജിത് പവാറും അംഗരക്ഷകരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടു.
വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ വിടി-എസ്എസ്കെ ലിയർജെറ്റ് 45 എന്ന വിമാനമാണ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. രണ്ടായി പിളർന്ന വിമാനം തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാലാവസ്ഥയിലെ പ്രശ്നം കാരണം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജന്മനാടായ ബാരാമതിയിൽ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാനിരിക്കെയായിരുന്നു അജിത് പവാറിന്റെ മരണം.