ഓഹരിവിപണിയില്‍ തരംഗം സൃഷ്ടിച്ച് സൊമാറ്റോയുടെ അരങ്ങേറ്റം

ഫുഡ് ഡെലിവറി വിഭാഗത്തില്‍ രാജ്യത്തെ ആദ്യ ലിസ്റ്റിങ് ആണ് സൊമാറ്റോയുടേത്. നിക്ഷേപകരില്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ്, മാര്‍ക്കറ്റ് ഷെയര്‍ നേടുന്നതിലെ സ്ഥിരത എന്നിവയാണ് സൊമാറ്റോയുടെ അരങ്ങേറ്റത്തിന് പിന്തുണ നല്‍കുന്നത്.

Update: 2021-07-23 13:25 GMT

ഓഹരിവിപണയില്‍ വന്‍ കുതിപ്പോടെ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ അരങ്ങേറ്റം. ആദ്യ ദിവസം തന്നെ സൊമാറ്റോയുടെ ഐ.പി.ഒ വില 76 രൂപയില്‍ നിന്ന് 66 ശതമാനം അഥവാ 50 രൂപയാണ് ഉയര്‍ന്നത്. വ്യാപാരം അവസാനിക്കുമ്പോള്‍ 126 രൂപയാണ് സൊമാറ്റോയുടെ ഓഹരി വില.

മുംബൈ ഓഹരിസൂചികയില്‍ 51.32 ശതമാനം നേട്ടത്തോടെ 116 രൂപക്കാണ് സൊമാറ്റോ വ്യാപാരം തുടങ്ങിയത്. വ്യാപാരം തുടങ്ങിയ ഉടന്‍ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കടന്നു. 1,08,067.35 കോടി രൂപയാണ് സൊമാറ്റോയുടെ വിപണിമൂല്യം. 9,375 കോടി രൂപയുടെ ഓഹരികളാണ് സൊമാറ്റോ വില്‍പനക്ക് വെച്ചത്.

Advertising
Advertising

ഫുഡ് ഡെലിവറി വിഭാഗത്തില്‍ രാജ്യത്തെ ആദ്യ ലിസ്റ്റിങ് ആണ് സൊമാറ്റോയുടേത്. നിക്ഷേപകരില്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ്, മാര്‍ക്കറ്റ് ഷെയര്‍ നേടുന്നതിലെ സ്ഥിരത എന്നിവയാണ് സൊമാറ്റോയുടെ അരങ്ങേറ്റത്തിന് പിന്തുണ നല്‍കുന്നത്. ഓഹരിവിപണിയില്‍ ബി.പി.സി.എല്‍, ശ്രീ സിമന്റ്‌സ് എന്നീ കമ്പനികളെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ സൊമാറ്റോയുടെ സ്ഥാനം.

ഇന്ത്യയടക്കം 24 രാജ്യങ്ങളിലാണ് സൊമാറ്റോ പ്രവര്‍ത്തിക്കുന്നത്. 2021 മാര്‍ച്ച് വരെ ഇന്ത്യയിലെ 525 നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. 3,89,932 റെസ്റ്റോറന്റുകളാണ് സൊമാറ്റോക്ക് കീഴിലുള്ളത്. ഭക്ഷ്യവിതരണ മേഖലയില്‍ നിന്നാണ് സൊമാറ്റോയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നത്. കോവിഡ് സാഹചര്യത്തില്‍ സൊമാറ്റോയുടെ വരുമാനത്തില്‍ 23.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഓഹരിവിപണിയിലെ അരങ്ങേറ്റവും വിപണിമൂല്യം വര്‍ധിച്ചതും കമ്പനിക്ക് നേട്ടമാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News