പ്രഖ്യാപനത്തിന് മുമ്പേ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി ചുവരെഴുത്ത്
അങ്കമാലി, പിറവം നിയോജക മണ്ഡലങ്ങളിലാണ് വോട്ട് അഭ്യര്‍ഥിച്ച് ചുവരെഴുതിയിരിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്‍പ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി ചുവരെഴുത്ത്. അങ്കമാലി, പിറവം നിയോജക മണ്ഡലങ്ങളിലെ സിറ്റിംഗ് സീറ്റുകളിലാണ് വോട്ട് അഭ്യര്‍ഥിച്ച് ചുവരെഴുതിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇതിനിടയിലാണ് രണ്ട് സിറ്റിംഗ് സീറ്റുകളില്‍ പ്രചാരണം ആരംഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി റോജി എം ജോണിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചുവരെഴുത്ത്. മറ്റൂർ വിമാനത്താവള റോഡിൽ പിരാരൂരിലെ മതിലിലാണ് എഴുതിയിരിക്കുന്നത്. യുവ നായകന്റെ വിജയത്തിന് പിരാരൂരിന്റെ കയ്യൊപ്പ് എന്ന ടാഗ് ലൈനോടെയാണ് ചുവരെഴുതിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെന്നി ബഹന്നാൻ എംപിക്കു വേണ്ടി ആദ്യ ചുവരെഴുത്ത് നടത്തിയതും ഇവിടെയായിരുന്നു.
പിറവം മണ്ഡലത്തിലാണ് അനൂബ് ജേക്കബിനായി ചുവരെഴുതിയിരിക്കുന്നത്. പിറവം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇതിനകം അനൂബ് ജേക്കബിനായി ചുവരെഴുതി കഴിഞ്ഞു.