കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു
ഹാഥ്റസ് കലാപ ശ്രമ കേസിൽ ഫണ്ട് കൈമാറിയത് റൗഫ് ആണെന്നാണ് കേസ്.
ഹാഥ്റസ് കലാപക്കേസിൽ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. റൗഫിനെതിരെ നേരത്തെ പ്രൊഡക്ഷൻ വാറൻറ് വാങ്ങിയിരുന്നു. ഹാഥ്റസ് കലാപ ശ്രമ കേസിൽ ഫണ്ട് കൈമാറിയത് റൗഫ് ആണെന്നാണ് കേസ്.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ റൗഫ് ശരീഫിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ലഖ്നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുകയും ചെയ്തു. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ ലഖ്നൌ കോടതിയിലാണ് കേസ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഹഥ്റാസ് യാത്രക്കായുള്ള ഫണ്ട് കൈമാറിയത് റൗഫ് ശരീഫ് ആണെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. കാമ്പസ് ഫ്രണ്ടിന്‍റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നത് റൗഫ് വഴിയാണെന്നും ഇതിനായി വിദേശത്ത് നിന്നടക്കം റൗഫിന്‍റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയെത്തിയെന്നും ഇ.ഡി ആരോപിക്കുകയുണ്ടായി. പിന്നാലെയാണ് യു.പി പൊലീസ് റൗഫിനെ കസ്റ്റഡിയിലെടുത്തത്.