തൃശൂരിൽ വീണ്ടും ബിജെപി കിറ്റ്? കാച്ചേരിയിലെ അച്ചാർ കമ്പനിയിൽ വിതരണത്തിനായി കിറ്റുകൾ തയ്യാറാക്കിവെച്ചിരിക്കുന്നെന്ന് സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി അബിന്‍സിന്റെ സഹോദരന്റേതാണ് സ്ഥാപനം

Update: 2026-04-08 12:05 GMT

തൃശൂര്‍: വോട്ടർമാരെ സ്വാധീനിക്കുന്നതിനായി തൃശൂരില്‍ വീണ്ടും കിറ്റ് ആരോപണം. കാച്ചേരിയിലെ അച്ചാര്‍ കമ്പനിക്കുള്ളില്‍ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകള്‍ ഉണ്ടെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി അബിന്‍സിന്റെ സഹോദരന്റേതാണ് സ്ഥാപനം.

അരി, പഞ്ചസാര, സോപ്പ് എന്നിങ്ങനെ അവശ്യസാധനങ്ങളടങ്ങിയ നൂറോളം കിറ്റുകളാണ് അച്ചാര്‍ കമ്പനിക്കകത്ത് തയ്യാറാക്കിവെച്ചിരിക്കുന്നത്. ഈ കിറ്റുകളൊക്കെയും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ബിജെപി തയ്യാറാക്കിയതാണെന്നാണ് സിപിഎം ആരോപണം. ഇതുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ മത്സരിച്ചയാളുടെ സഹോദരന്റെ അച്ചാര്‍ കമ്പനിയിലാണ് കിറ്റുകള്‍ കണ്ടെത്തിയതെന്ന് സിപിഎം ആരോപിച്ചു.

Advertising
Advertising

'കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയുടെ സഹോദരന്റെതാണ് കാച്ചേരിയിലെ കമ്പനി. ഈ കിറ്റുകളെല്ലാം മറ്റ് ബൂത്തുകളിലേക്കും പ്രദേശങ്ങളിലേക്കും സപ്ലൈ ചെയ്യുകയാണ്. ഒരു അച്ചാര്‍ കമ്പനിയില്‍ ഉണ്ടാവേണ്ട സാധനങ്ങളല്ല ഈ കിറ്റുകളിലുള്ളതെന്ന് പരിശോധിക്കുന്ന ഏതൊരാള്‍ക്കും അറിയാനാകും. കുളിക്കാനും അലക്കാനുമുള്ള വ്യത്യസ്ത സോപ്പുകള്‍, അരി, പഞ്ചസാര എന്നിങ്ങനെയുള്ള സാധനങ്ങളാണ് കിറ്റിലുള്ളത്. ഇത് ജനാധിപത്യത്തെ പണാധിപത്യമായി കാണുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് രീതിയുടെ തെളിവാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെയും ബിജെപി സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന്റെയും അറിവോടെയാണ് ഈ കിറ്റുകള്‍ തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.' സിപിഎം പ്രാദേശിക നേതാവ് സുമേഷ് പ്രതികരിച്ചു.

സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്നും അച്ചാര്‍ കമ്പനിയേക്കാളുപരി ഫുഡ് കമ്പനിയെന്ന നിലയിലാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു സ്ഥാപനത്തിന്റെ ഉടമ അനീഷിന്റെ പ്രതികരണം. കൊല്ലം പത്തനാപുരത്തേക്കുള്ള ഓര്‍ഡറുകളാണ് തയ്യാറാക്കിവെച്ചിട്ടുള്ളതെന്നും അനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും സംയുക്തമായി പരിശോധന തുടരുകയാണ്.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ബിജെപി കിറ്റുകള്‍ തയ്യാറാക്കിയെന്ന് ആരോപിച്ച് നേരത്തെയും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ വാടാനപ്പള്ളിയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാകുകയും ചെയ്തു. പ്രതിഷേധത്തോടനുബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപനെ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും തൃശൂരില്‍ കിറ്റ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News