വോട്ടിന് നോട്ട്; ദൃശ്യം മീഡിയവണിന് എങ്ങനെ കിട്ടി? റിപ്പോര്‍ട്ടറെ പൊലീസ് ചോദ്യം ചെയ്യണം'. മീഡിയവണിനെ പഴിച്ച് ശോഭാ സുരേന്ദ്രന്‍

ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളും പുറത്തുവിട്ടില്ലേയെന്ന് മാധ്യമപ്രവർത്തകർ

Update: 2026-04-08 09:51 GMT

പാലക്കാട്: പാലക്കാട്ടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം നല്‍കിയ സംഭവത്തില്‍ മീഡിയവണിനെ പഴിച്ച് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ദൃശ്യം ആദ്യം മീഡിയവണിന് എങ്ങനെ കിട്ടിയെന്നും ദൃശ്യം പുറത്തുവന്നതില്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറെ ചോദ്യംചെയ്യണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

'തനിക്കെതിരെ ഉണ്ടാക്കിയ വിവാദങ്ങളെല്ലാം ഉണ്ടയില്ലാ വെടികള്‍ മാത്രമാണ്. ബിജെപിയുടെ വിജയം സുനിശ്ചിതമായപ്പോള്‍ സഹിക്കാനാവാത്ത ചിലരാണ് ഇതിനെല്ലാം പിന്നില്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കാനറിയാത്ത ഒരാളൊന്നുമല്ല ഞാന്‍. ഇതെന്റെ പത്താമത്തെ തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന് കണ്ടപ്പോള്‍ ഇങ്ങനെയൊരു നാടകം എഴുതിത്തയ്യാറാക്കി മണിക്കൂറുകളോളം തന്നെ പിന്തുടരാന്‍ ഇവര്‍ക്കാരാണ് അധികാരം നല്‍കിയത്? അവര്‍ എവിടെ നിന്നുള്ളവരായിരുന്നു? ഇത് തെളിയിക്കാന്‍ മാധ്യമസുഹൃത്തുക്കള്‍ തന്നോടൊപ്പം നില്‍ക്കണം'. ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. എന്നാൽ, പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ മുൻനിർത്തി മാധ്യമങ്ങൾ ചോദ്യമാവർത്തിച്ചതോടെ പതറുകയായിരുന്നു. 

Advertising
Advertising

'താന്‍ ഒരു കാന്‍സര്‍ രോഗിയെ കാണാനാണ് വന്നത്. അതിനിടെയാണ് തന്നെ പിന്തുടര്‍ന്ന് ഇവരെത്തിയത്. പാലക്കാട്ടെ വോട്ടര്‍മാരെ അപമാനിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഈ വിവാദങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ വേട്ടയാടാനാണ് ഇവരുടെ നീക്കം. ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടവരെന്ന നിലയ്ക്ക് മീഡിയവണ്‍ ചാനലിന്റെ റിപ്പോര്‍ട്ടറെ ആദ്യം ചോദ്യം ചെയ്യണം. ദൃശ്യങ്ങള്‍ എങ്ങനെയാണ് മീഡിയവണിന് മാത്രം ലഭിച്ചത്? റിപ്പോര്‍ട്ടര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തിന് തന്നെ പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും. കേരളത്തില്‍ ഇത്രയും കാലം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടും എല്ലാ തരത്തിലും തന്നെ തകര്‍ക്കാനായി ഇതുപോലൊരു മാധ്യമപ്രവര്‍ത്തകനല്ലാതെ മറ്റൊരാളും ശ്രമിച്ചിട്ടില്ല. ഈ മാധ്യമപ്രവര്‍ത്തകനെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കും'. ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

വോട്ടർമാർക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ബിജെപി സ്ഥാനാർഥിക്ക് കാര്യമായ മറുപടികളുണ്ടായിരുന്നില്ല. പണം നൽകിയത് രോഗിയായ സ്ത്രീയുടെ വലിയമ്മയ്ക്കായിരുന്നെന്നും ശോഭ പ്രതികരിച്ചു. 

ഇന്ന് രാവിലെയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. പിന്നാലെ, പിരായിരിയില്‍ വോട്ടര്‍മാര്‍ക്ക് സാരി വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News