മലയാളം സർവ്വകലാശാലയിൽ പി.എച്ച്.ഡി പ്രബന്ധം കത്തിച്ച് ഉദ്യോഗാർഥിയുടെ പ്രതിഷേധം
ഉന്നത യോഗ്യതകളും മതിയായ പ്രവർത്തി പരിചയവും ഉണ്ടായിട്ടും തന്നെ തഴഞ്ഞെന്നാരോപിച്ചായിരുന്നു ഉദ്യോഗാർഥിയുടെ പ്രതിഷേധം
തിരൂർ മലയാള സർവകലാശാലയിൽ ഉദ്യോഗാർത്ഥിയുടെ പ്രതിഷേധം. സാഹിത്യ പഠനം ഡിപ്പാർട്ട്മെൻ്റിൽ അസി.പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥി കെ.എം. അജിയാണ് തൻ്റെ പി.എച്ച്.ഡി പ്രബന്ധം കത്തിച്ച് പ്രതിഷേധിച്ചത്. പിൻവാതിൽ നിയമനത്തിനു വേണ്ടി ചുരുക്കപ്പട്ടികയിൽ പോലും തന്നെ ഉൾപ്പെടുത്തിയില്ലെന്നാണ് കെ.എം.അജിയുടെ പരാതി.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല കാമ്പസിലായിരുന്നു, മെറിറ്റ് മറികടന്ന് പിൻവാതിൽ നിയമന നീക്കം ആരോപിച്ച് ഉദ്യോഗാർഥിയുടെ പ്രതിഷേധം. അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥി, കെ.എം. അജി, പ്രതിഷേധത്തിൻ്റെ ഭാഗമായി തൻ്റെ പി.എച്ച്.ഡി പ്രബന്ധം സർവ്വകലാശാല കാമ്പസിൽ നിലത്തിട്ട് കത്തിച്ചു.
ഉന്നത യോഗ്യതകളും മതിയായ പ്രവർത്തി പരിചയവും ഉണ്ടായിട്ടും തന്നെ തഴഞ്ഞെന്നാരോപിച്ചായിരുന്നു ഉദ്യോഗാർഥിയുടെ പ്രതിഷേധം. സാഹിത്യ പഠനം ഡിപ്പാർട്ട്മെൻ്റിലെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് 100 ഉദ്യോഗാർഥികളിൽ നിന്ന് തെരഞ്ഞെടുത്ത 25 പേരുടെ ചുരുക്കപ്പട്ടികയിൽ പോലും താൻ ഇടം പിടിക്കാത്തത് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് ഉദ്യോഗാർത്ഥി ആരോപിച്ചു.
കാമ്പസിനകത്ത് പ്രബന്ധം കത്തിച്ച് പ്രതിഷേധം തുടർന്ന ഉദ്യോഗാർഥിയെ പിന്നീട് സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ച് മാറ്റി. അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിശ്ചിത സമയ പരിധി കഴിഞ്ഞ ശേഷം ഉദ്യോഗാർത്ഥി അപേക്ഷ സമർപ്പിച്ചതിനാലാണ് അഭിമുഖത്തിന് ഉൾപ്പെടുത്താതിരുന്നതെന്നും സർവ്വകലാശാല വൈസ് ചാൻസലർ പ്രതികരിച്ചു.