അരങ്ങിലെ 'ഗന്ധർവൻ'

കാവാലം നാരായണപ്പണിക്കരുടെ സോപാനത്തിലൂടെ സ്റ്റേജിന്റെ ശക്തിസൗന്ദര്യങ്ങൾ കീഴടക്കി വന്ന നടനായതുകൊണ്ടാവണം അരങ്ങിൽ നെടുമുടി വേണു ഒരു ഗന്ധർവൻ തന്നെയായിരുന്നു

Update: 2021-10-11 14:37 GMT
Advertising

അഭിനയ മികവിന്റെ കൊടുമുടി കയറിയ നടനാണ് നെടുമുടി വേണുവെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. സിനിമയിലെ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും നിമിഷങ്ങളും സംഭാഷണങ്ങളുമെല്ലാം സിനിമാപ്രേമികൾക്ക് സുപരിചിതം തന്നെ. അനന്യവും ഒന്നിനൊന്നു വ്യത്യസ്തവുമായ അഭിനയശൈലി. തമ്പു മുതൽ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം സ്‌നേഹിച്ചും നോവിച്ചും വെറുപ്പിച്ചും അത്ഭുതപ്പെടുത്തിയും അനാദികാലം ഇവിടെത്തന്നെയുണ്ടാകും.

എന്നാൽ, ഇതൊന്നുമല്ലാതെ, വിസ്മയിപ്പിക്കുന്ന ഒരനുഭൂതി ലോകം സിനിമയുടെ വെള്ളിവെളിച്ചത്തിനു വെളിയിൽ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. കാവാലം നാരായണപ്പണിക്കരുടെ സോപാനത്തിലൂടെ സ്റ്റേജിന്റെ ശക്തിസൗന്ദര്യങ്ങൾ കീഴടക്കി വന്ന നടനായതുകൊണ്ടാവണം അരങ്ങിൽ അദ്ദേഹം ഒരു ഗന്ധർവ്വൻ തന്നെയായിരുന്നു. താളബോധത്തോടെ, രംഗബോധത്തോടെ ഒരു കളിത്തട്ടിന്റെ രംഗസാധ്യതകൾ എല്ലാം എത്ര തന്മയത്വത്തോടെയാണ് വേണുച്ചേട്ടൻ കൈകാര്യം ചെയ്തിരുന്നത് എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.


ഈസ്റ്റ് കോസ്റ്റ് വിജയൻ ചേട്ടൻ വഴിയാണ് വേണുച്ചേട്ടനെ പരിചയപ്പെടുന്നത്. ഈസ്റ്റ്‌കോസ്റ്റിന്റെ ബാനറിൽ ഗൾഫ് രാജ്യങ്ങളിലും നാട്ടിലുമൊക്കെ നിറയെ സ്റ്റേജ് ഷോകളും വീഡിയോ ആൽബങ്ങളും ഒരുങ്ങുന്ന സമയമായിരുന്നു അത്. ദുബൈയിൽ വ്യവസായിയായിരുന്ന വിജയൻ ചേട്ടന് സ്റ്റേജ് ഇവൻസിലേക്കും എന്റർടെയ്ൻമെന്റ് മേഖലയിലേക്കും വഴികാട്ടിയായത് നെടുമുടി വേണുച്ചേട്ടനാണ്. ആദ്യ സ്റ്റേജ്‌ഷോ, വീഡിയോ ആൽബം, സിനിമ എന്നിവയ്‌ക്കെല്ലാം നിമിത്തമായതും വേണുച്ചേട്ടൻ തന്നെ.


അരങ്ങിലായാലും സിനിമയിലായാലും ഒരു ആൽബം പാട്ടിലായാലും അദ്ദേഹത്തിന്റെ ചെറിയ ചില നിർദ്ദേശങ്ങൾ വരും. അത് വളരെ കൃത്യവും സൗന്ദര്യാത്മകവുമായിരിക്കും. എഴുത്തിലും സംഭാഷണങ്ങളിലുമൊക്കെ ചെറിയ തിരുത്തലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ജനങ്ങൾ സമുദ്രങ്ങളാവുന്ന സ്റ്റേജുകളിൽപോലും സഹപ്രവർത്തകരുടെ ചെറിയ പോരായ്മകൾ നിഷ്പ്രയാസം മറച്ചുവച്ച് അദ്ദേഹം രംഗംപിടിക്കും.


നെടുമുടി വേണുവിന്റെ വിയോഗം തീരാനഷ്ടമാകുന്നത് മലയാള സിനിമയ്ക്ക് മാത്രമല്ല. സാംസ്‌കാരിക മേഖലയ്ക്കും നവ നാടകപ്രസ്ഥാനങ്ങൾക്കും അരങ്ങുത്സവങ്ങൾക്കും വാദ്യകലകൾക്കും മാത്രമല്ല; സിനിമയും സ്റ്റേജും സ്വപ്നംകണ്ട് ആവേശത്തോടെ കുതിച്ചിറങ്ങുന്ന യുവരക്തങ്ങൾക്കും കൂടിയാണ്. കാരണം പുതുതലമുറയിലെ തുടക്കക്കാരനുപോലും അദ്ദേഹം കൊടുക്കുന്ന പരിഗണനയും ഉപദേശങ്ങളും കണ്ടിട്ടുള്ള ഒരാളെന്ന നിലയിൽ പറഞ്ഞാൽ നമ്മുടെ നഷ്ടം അതിന്റെ കൊടുമുടി കയറിനിൽക്കുന്നു. സമ്പൂർണ്ണ കലാകാരന് വിട...

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Byline - സുബാഷ് അഞ്ചൽ

മാധ്യമപ്രവര്‍ത്തകന്‍, ഇവന്‍റ് ഡയരക്ടര്‍

Similar News