റഷീദ ബീഗം കലാതിലകപട്ടം ചൂടുമ്പോൾ

അര്‍ഹതയുണ്ടായിട്ടും കലാ തിലക പട്ടം ലഭിക്കാതെ മകൾ കരഞ്ഞ് പിൻവാങ്ങുന്നത് കണ്ട് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് പിതാവ് അബ്ദുല്‍ ജബ്ബാര്‍.

Update: 2022-09-22 11:38 GMT
Click the Play button to listen to article

വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിലൂടെ ഒരു സമ്മാനo നേടിയെടുത്ത സന്തോഷത്തിലാണ് ലക്ഷദ്വീപിലെ റഷീദ ബീഗവും അവളുടെ ഉപ്പയും. കൈവിട്ട് പോയ കലാതിലക പട്ടത്തിനായി ഒരു ഉപ്പയുടെയും മകളുടെയും നിയമ പോരാട്ടം തുടങ്ങിയത് 2015 ലാണ്. 2015ലെ ലക്ഷദ്വീപ് സ്‌കൂള്‍ കലോത്സവവേദിയിലാണ് കലാതിലകപട്ടം ലഭിക്കാതെ കവരത്തി ഗവ. സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ആന്ത്രോത്ത് പുത്തലം തൗഫീഖ് മന്‍സില്‍ സി.പി റഷീദ ബീഗമെന്ന പെൺകുട്ടി സങ്കടപെട്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കലാതിലകമായി ആന്ത്രോത്ത് മുന്‍സിഫ് കോടതി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

അര്‍ഹതയുണ്ടായിട്ടും കലാ തിലക പട്ടം ലഭിക്കാതെ അന്ന് മകൾ കരഞ്ഞ് പിൻവാങ്ങുന്നത് കണ്ട് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് പിതാവ് അബ്ദുല്‍ ജബ്ബാര്‍.

പൊസിഷന്‍ പോയന്റിലും ഗ്രേഡ് പോയന്റിലും മുന്നിലായിരുന്നു റഷീദ. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സംഘാടകര്‍ കലാതിലകപട്ടം നിഷേധിച്ചു .പിന്നീട് നിരവധി പരാതികൾ വിദ്യാഭ്യാസ വകുപ്പില്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ അപ്പീല്‍ നല്‍കി, കലക്ടറേയും അഡ്മിനിസ്‌ട്രേറ്ററേയും സമീപിച്ചു; എന്നിട്ടും തീരുമാനമൊന്നും ഉണ്ടായില്ല. ഒടുവിൽ ആന്ത്രോത്ത് മുന്‍സിഫ് കോടതിയില്‍ കേസ് ഫയൽ ചെയ്തു.

കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ മുന്‍സിഫ് സ്ഥലം മാറിപോയി. പുതിയ മുന്‍സിഫ് ചാര്‍ജെടുക്കാന്‍ വൈകി. പല കാരണങ്ങൾ കൊണ്ട് കേസ് പിന്നെയും നീണ്ടു. . ഏഴ് വർഷത്തിന് ശേഷം കോടതി റഷീദയെ കലാതിലക പട്ടം നൽകാൻ പറഞ്ഞു. ഉചിതമായ വേദിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കാനാണ് ആന്ത്രോത്ത് മുന്‍സിഫ് കോടതി ഉത്തരവ്.

പ്ലസ് ടുവിന് തുടങ്ങിയ നിയമ പോരാട്ടമാണ്. റഷീദയിപ്പോൾ ബംഗളൂരു ഗവ. ഹോമിയോ കോളജില്‍ പഠനം കഴിഞ്ഞു അവിടെ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. ഏഴ് വർഷം എന്നത് ഒരു ചെറിയ കാലയളവല്ല എന്ന് റഷീദ ബീഗം പറയുന്നു. സംഭവം താൻ തന്നെ മറന്നു തുടങ്ങിയിരുന്നു. പക്ഷേ, പിതാവ് നിയമ പോരാട്ടവുമായി മുന്നോട്ടു പോയി. പിതാവിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മുഹമ്മദ് നിസാമുദ്ദീൻ പിന്തുണ റഷീദ ബീഗം എടുത്തു പറയുന്നു. എത്ര വൈകിയലും തനിക്കവകാശപെട്ട സമ്മാനം നേരിട്ടെത്തി വാങ്ങാനാണ് റഷീദയുടെ തീരുമാനം


Full View



Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഷബ്‌ന സിയാദ്

contributor

Similar News