ബിരിയാണി ചെമ്പില്‍ വന്ന വാര്‍ത്തകള്‍

സ്വപ്നയുടെ എച്ച്.ആര്‍.ഡി.എസ് വേദികളിലെ വാര്‍ത്താ സമ്മേളനങ്ങളും അഭിഭാഷകനെ തിരഞ്ഞെടുത്ത കാര്യത്തിലുമെല്ലാം പലവിധി സംശയങ്ങള്‍ ജനിപ്പിക്കുന്നവയാണ്. സാധാരണയില്‍ നിന്ന് വിത്യസ്തമായി ഈ കേസില്‍ കോടതികളെ ഉപയോഗിച്ച് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും പിന്നീട് പല പല ഹരജികളിലൂടെ അത് ആളി കത്തിക്കുകയും ചെയ്യുന്നതാണിപ്പോള്‍ കാണുന്നത്.

Update: 2022-09-23 05:21 GMT
Click the Play button to listen to article

സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനെത്തുന്നു. തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ മജിസ്േ്രടറ്റിന് മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് സ്വപനയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുന്നു. ആദ്യ ദിവസത്തെ മൊഴി രേഖപെടുത്തലിന് ശേഷം കോടതിയില്‍ നിന്നിറങ്ങിയ സ്വപ്ന പറയുന്നു, രണ്ടാം ദിവസം കോടതിയില്‍ വരേണ്ടതുണ്ട് അപ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ടെന്ന്. തുടര്‍ന്നാണ് എല്ലാ മാധ്യമങ്ങളും തയാറെടുപ്പുകളോടെ എറണാകുളം ജില്ലാ കോടതി പരിസരത്ത് സ്വപ്നയെ കാത്ത് നില്‍ക്കുന്നത്. അവര്‍ പറഞ്ഞതിലും വൈകിയാണെത്തിയത്. പിന്നീട്, കോടതിയില്‍ രഹസ്യമൊഴി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു.

കാമറക്ക് മുന്നിലെത്തിയ സ്വപ്ന സംസാരിച്ച് തുടങ്ങുന്നത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍മന്ത്രി കെ.ടി ജലീല്‍, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കര്‍, നളിനിനെറ്റോ തുടങ്ങിയവര്‍ക്കെതിരെയാണ് താന്‍ മൊഴി നല്‍കിയതെന്നാണ്. ഇവരുടെ സ്വര്‍ണക്കടത്തിലെ പങ്കിനെ പറ്റി അന്വേഷിക്കണമെന്ന് പറയുന്നു. കൂട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയിലേക്ക് കോണ്‍സല്‍ ജനറലിന്റെ വസതിയില്‍ നിന്നും ബിരിയാണി ചെമ്പ് പലതവണ കൊണ്ടുപോയിട്ടുണ്ടെന്ന് പറയുന്നത്. ഈ ബിരിയാണി ചെമ്പിനൊപ്പം മെറ്റലുകളുമുണ്ടായിരുന്നതായി സ്വപ്ന പറയുന്നു. അപ്പോള്‍ തന്നെ ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോയെന്ന ചോദ്യത്തിന് സ്വഭാവാകിമായും വീട്ടിലേക്ക് കൊണ്ടുവരുന്നതിനെ പറ്റി അറിയാമായിരിക്കുമല്ലോയെന്നാണ് സ്വപനയുടെ മറുപടി. ഇതെല്ലാം കോടതിക്ക് രഹസ്യമൊഴിയായി നല്‍കിയെന്നാണ് സ്വപന അവകാശപെടുന്നത്. കൂടുതല്‍ കാര്യങ്ങള്‍ രഹസ്യമൊഴിയിലുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സ്വപ്ന ഒരു സസ്‌പെന്‍സ് ബാക്കിയാക്കിയാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നത്.


സ്വപ്ന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണ് ഇത്തരത്തില്‍ പറഞ്ഞതെന്ന് അവര്‍ തന്നെ പറയുന്നു. ഈ രഹസ്യമൊഴിയുടെ നടപടിക്രമങ്ങള്‍ നിയമപരമായിരുന്നോ എന്ന സംശയം നിയമവ്യത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സാധാരണ നിലയില്‍ കുറ്റ സമമ്മതം നടത്തികൊണ്ടുള്ള കണ്‍ഫഷന്‍ സ്റ്റേറ്റ്‌മെന്റ് സി.ആര്‍.പി.സി 164 പ്രകാരം നല്‍കാറുണ്ട്. അതുമല്ലങ്കില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി രഹസ്യമൊഴി നല്‍കും. ഇതു രണ്ടുമല്ലാതെയാണ് സ്വപ്നയുടെ രഹസ്യമൊഴി. കൂടാതെ ഇ.ഡി കേസ് അന്വേഷിച്ച് പ്രാഥമികമായി കംപ്ലയ്ന്റ് ഫയല്‍ ചെയ്ത് കഴിഞ്ഞ കേസാണിത്. ഈ കേസിലെ രഹസ്യമൊഴിയുടെ നിയമ സാധുത എത്രയുണ്ടെന്ന കാര്യത്തിലുള്ള സംശയം നിലനില്‍ക്കുന്നുണ്ട്.

ഈ രഹസ്യമൊഴി തന്നെ ഗൂഢാലോചനയാണെന്ന് കാണിച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയില്‍ പൊലിസ് സ്വപ്നക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നു. ഈ കേസും നിയമവിരുദ്ധമാണെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. കോടതി രഹസ്യമൊഴി പരശോധിച്ചുകൊണ്ടിരിക്കെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നാണ് സ്വപ്ന തന്നെ വാദിക്കുന്നത്. ഇതിനിടെയാണ് സ്വപ്നക്ക് വീണ് കിട്ടിയ അവസരം പോലെ, ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹരജി നല്‍കാന്‍ അവസരം വരുന്നത്. സാധാരണ നിലയില്‍ കേസിനെ കുറിച്ച് മാത്രം സൂചിപ്പിച്ചാണ് പലപ്പോഴും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഇതിനു പകരം കിട്ടിയ അവസരം പാഴാക്കാതെ രാഷ്ട്രീയ വിവാദങ്ങള്‍ക്കെല്ലാം തിരികൊടുക്കുന്ന രീതിയില്‍ നീണ്ടൊരു ജാമ്യാപേക്ഷയാണ് സ്വപ്ന ഹൈക്കോടതിയില്‍ നല്‍കുന്നത്. ഇതിലാണ് ഷാജ് കിരണിനെ പോലൊരു സുഹ്യത്തിനെ കുറിച്ച് പറയുന്നതും. ഷാജ് കിരണ്‍ സ്വപ്നയുടെ സുഹ്യത്താണെന്ന് സമ്മതിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതോടെ പിന്നെയും വിവാദങ്ങള്‍ മുറുകി. ഇതിനിടെ സ്വപ്നക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചേര്‍ത്താണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സരിത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിക്കുന്നു. അതോടെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തീര്‍പ്പാക്കി.


ജാമ്യം ലഭിക്കുന്ന കേസാണ് ചുമത്തിയിട്ടുള്ളതെന്നിരിക്കെ അറസ്റ്റ് ഭയക്കാന്‍ കാരണങ്ങളില്ലെങ്കിലും ഉന്നത സ്ഥാനത്തുള്ള വ്യക്തികളെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യത്തോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് ഹരജി നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുകയും ചെയ്തു. ഇതോടെ കോടതിയെ ഉപയോഗിച്ച് സ്വപ്‌നക്ക് പറയാനുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യം നിറവേറി. പിന്നെയും പരസ്യ പ്രസ്താവനകളും പഴിചാരലുകളും ആവശ്യത്തിലധികം നടന്നു. ഇനിയും തീര്‍ന്നിട്ടില്ല കോടതിയിലെ നടപടികള്‍.


മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് വീണ്ടും ഹൈക്കോടതിയിലെത്തുന്നു. ഇത്തവണ പക്ഷെ, ഹരജിയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ രൂപത്തിലൊന്നുമില്ല. ആദ്യം പറഞ്ഞതിന്റെ ആവര്‍ത്തനം മാത്രം. കെ. ടി ജലിലിനെതിരെ എന്തല്ലാമോ പറയുമെന്ന സസ്‌പെന്‍സ് ഇട്ടതിനാല്‍ ഈ ഹരജിയിലതുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ, കൂടുതലൊന്നുമില്ല. ഇതിനിടെ സ്വപ്ന പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു. കോടതി കേസെടുക്കുമ്പോള്‍ സംസ്ഥാന പൊലിസിനെ വിശ്വാസമില്ലാത്തതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ സംരക്ഷണം വേണമെന്ന് പറയുന്നു. ഇതിനിടെ സ്വപ്നക്ക് വേണ്ടി ഹാജരായ അഭിഭാഷകനെതിരെയും ധാരാളം പരാതിയുരുന്നുണ്ട്. മതനിന്ദ നടത്തിയെന്ന കേസില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സ്വപ്നയുടെ എച്ച്.ആര്‍.ഡി.എസ് വേദികളിലെ വാര്‍ത്താ സമ്മേളനങ്ങളും അഭിഭാഷകനെ തിരഞ്ഞെടുത്ത കാര്യത്തിലുമെല്ലാം പലവിധി സംശയങ്ങള്‍ ജനിപ്പിക്കുന്നവയാണ്. സാധാരണയില്‍ നിന്ന് വിത്യസ്തമായി ഈ കേസില്‍ കോടതികളെ ഉപയോഗിച്ച് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും പിന്നീട് പല പല ഹരജികളിലൂടെ അത് ആളി കത്തിക്കുകയും ചെയ്യുന്നതാണിപ്പോള്‍ കാണുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷബ്‌ന സിയാദ്

contributor

Similar News