എസ്.ശര്‍മ്മക്ക് സീറ്റില്ല, പി.രാജീവ് കളമശ്ശേരിയില്‍ മത്സരിക്കും
മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു എന്നിവര്‍ സി.പി.എം സ്ഥാനാര്‍ത്ഥികളാകും
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ്, മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു എന്നിവര്‍ സി.പി.എം സ്ഥാനാര്‍ത്ഥികളാകും. കൊയിലാണ്ടിയില്‍ മുന്‍ എം.എല്‍.എ എം.ദാസന്റെ ഭാര്യയും മുന്‍ എം.പിയുമായ പി.സതീദേവി മല്‍സരിക്കും. വൈപ്പിന്‍ എം.എല്‍.എ എസ്.ശര്‍മ്മക്ക് പകരം കെ.എന്‍ ഉണ്ണികൃഷ്ണന്‍ മല്‍സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് സ്ഥാനാര്‍ത്ഥിയാകും.
അഴീക്കോട് കെ വി സുമേഷ്, കോങ്ങാട് പി പി സുമോദ്, കല്യാശേരി എം വിജിന്‍, മാവേലിക്കര എം എസ് അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളായേക്കും. ഗുരുവായൂരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും മല്‍സരിക്കും.
ഏറ്റുമാനൂര്‍ വി.എന്‍ വാസവന്‍, കോട്ടയം അഡ്വ. കെ അനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. കായംകുളത്ത് നിലവിലെ എം.എല്‍.എ യു പ്രതിഭ വീണ്ടും മല്‍സരിക്കും. രണ്ട് ടേമില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.