'പി.മോഹനാ ഓർത്തോളൂ, പ്രസ്ഥാനത്തിന് നേരേ വന്നാൽ, നോക്കി നിൽക്കാനാവില്ല'; പി.മോഹനനും കെ.കെ ലതികക്കുമെതിരെ കുറ്റ്യാടിയില്‍ സി.പിഎം പ്രവർത്തകരുടെ പ്രകടനം
കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കൊടുത്ത തീരുമാനത്തിനെതിരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഇന്നും തെരുവിലിറങ്ങിയത്.
സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെനെയും ഭാര്യയും മുന്‍ എം.എല്‍.എയുമായ കെ.കെ ലതികയെയും പേരെടുത്ത് വിമർശിച്ച് കുറ്റ്യാടിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ പ്രകടനം. ഇരുവരെയും വ്യക്തിപരമായി ആക്രമിക്കുന്ന മുദ്രാവാക്യങ്ങളോടെയുള്ള പ്രകടനത്തില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
'പി.മോഹനാ ഓർത്തോളൂ, ഒന്നോ രണ്ടോ ലക്ഷം കിട്ടിയാൽ, മോനേം മക്കളും വിക്കൂലേ, പി മോഹനാ ഓര്‍ത്തോളൂ. പ്രസ്ഥാനത്തിന് നേരേ വന്നാൽ, നോക്കി നിൽക്കാനാവില്ല, ഓര്‍ത്തുകളിച്ചോ തെമ്മാടി, പ്രസ്ഥാനത്തിന് നേരെ വന്നാല്‍, കൈയ്യും കെട്ടി നില്‍ക്കില്ല' എന്നിങ്ങനെയാണ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കൊടുത്ത തീരുമാനത്തിനെതിരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഇന്നും തെരുവിലിറങ്ങിയത്. ഇന്ന് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് വീണ്ടും പ്രതിഷേധമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തേക്കാള്‍ വലിയ പ്രതിഷേധമാണ് ഇന്നുണ്ടായത്. കുറ്റ്യാടിയുടെ പല ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്നു. പാര്‍ട്ടി കൊടികളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയിൽ നിന്ന് കത്ത് അയച്ചിരുന്നു. സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് കത്ത് നൽകിയത്. കുറ്റ്യാടി സീറ്റിൽ സിപിഎം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സിപിഎം സ്ഥാനാര്‍ഥി തന്നെ കുറ്റ്യാടിയില്‍ വേണമെന്നും മണ്ഡലത്തില്‍ ജോസ് വിഭാഗത്തിന് സ്വാധീനമില്ലെന്നുമാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.