അസാധാരണ പ്രഖ്യാപനം, മണിക്കൂറുകള്‍ക്കകം മലക്കം മറിച്ചില്‍; ശ്രീധരനെ ബിജെപി ഇനി എന്തു ചെയ്യും?
തന്റെ പ്രസ്താവന വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്ന് സുരേന്ദ്രൻ
മെട്രോമാൻ ഇ ശ്രീധരനെ ചൊല്ലി കേരള ബിജെപിയിൽ ഉൾപ്പോര്. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മലക്കം മറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ഇ ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്ന് വെള്ളിയാഴ്ച സുരേന്ദ്രൻ വിശദീകരിച്ചു. തന്റെ പ്രസ്താവന വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുരേന്ദ്രൻ തിരുവല്ലയിൽ പറഞ്ഞത്
'എന്നാൽ എൻഡിഎയുടെ വികസനമാതൃക 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ട പാലാരിവട്ടം പാലം അഞ്ചു മാസം കൊണ്ട് മെട്രോമാൻ ഇ ശ്രീധരൻ പൂർത്തിയാക്കിയിരിക്കുകയാണ്. അഴിമതിയില്ലാതെ അഞ്ചു മാസം കൊണ്ട് ആ പാലാം മെട്രോമാൻ പൂർത്തിയാക്കിയിരിക്കുകയാണ്. അതു കൊണ്ടാണ് ഞങ്ങൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ ശ്രീധരൻ കേരളത്തിൽ വരണമെന്ന് അദ്ദേഹത്തോടും പാർട്ടിയോടും അഭ്യർത്ഥിച്ചത്. മെട്രോമാൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് ഈ വികസന മാതൃക, അഴിമതിയില്ലാത്ത വികസന മാതൃക കേരളത്തിന് വേണം എന്നുള്ളതു കൊണ്ടാണ്'
ശ്രീധരനെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു എന്ന അർത്ഥം തന്നെയാണ് സുരേന്ദ്രന്റെ വാക്കുകളിൽ ഉണ്ടായിരുന്നത്. അത്തരമൊരു അഭ്യർത്ഥന പാർട്ടി കേന്ദ്ര നേതൃത്വത്തോടും ശ്രീധരനോടും നടത്തി എന്നും ഈ വാക്കുകളിലുണ്ടായിരുന്നു. തീവ്രഹിന്ദുത്വത്തിന് ഒപ്പം വികസന അജണ്ട കൂടി മുമ്പിൽ വയ്ക്കുക എന്ന ലക്ഷ്യവും പ്രഖ്യാപനത്തിന് പിന്നിലുണ്ടായിരുന്നു.
സുരേന്ദ്രന്റെ പ്രസ്താവനയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടും എന്നായിരുന്നു ട്വിറ്ററിൽ മന്ത്രി കുറിച്ചത്. എന്നാൽ എന്നാൽ അസാധാരണമായ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾ മാത്രമേ ആയുസ്സുണ്ടായുള്ളൂ.
ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്ത വന്നതോടെയാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ ഇടപെട്ടത്. കേരളത്തിന്റെ ചുമതലയുള്ള പ്രൽഹാദ് ജോഷിയും വിവരം നേതൃത്വത്തെ അറിയിച്ചു. ഇതോടെ, ഇരുവരും പ്രസ്താവനയിൽ നിന്ന് പിന്നോട്ടു പോകാൻ നിർബന്ധിതമാകുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണഗതിയിൽ അത്തരമൊരു പ്രഖ്യാപനം നടത്തുന്നത് കേന്ദ്രനേതൃത്വമാണ്.
മുന്നിൽനിന്ന് നയിക്കുമെന്ന് തിരുത്ത്
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഇ ശ്രീധരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് സുരേന്ദ്രൻ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇ ശ്രീധരനെ പോലുള്ള ഒരു നേതാവിന്റെ സാമീപ്യവും അദ്ദേഹത്തിന്റെ സാന്നിധ്യവും കേരളം ആഗ്രഹിക്കുന്നു, കേരള പ്രവർത്തകർ ആഗ്രഹിക്കുന്നു എന്നാണ്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. അല്ലാതെ ഒരു പ്രഖ്യാപനവും ഞാൻ നടത്തിയിട്ടില്ല. അഴിമതി രഹിത പ്രതിച്ഛായയുള്ള ഒരു നേതാവിന്റെ സാന്നിധ്യം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. ഇ ശ്രീധരൻ മുന്നിൽ നിന്ന്് നയിക്കണമെന്ന് കേരള ജനത ആഗ്രഹിക്കുന്നു. കേരളത്തിൽ ബിജെപി ഗവൺമെന്റുണ്ടാകും. ഇ ശ്രീധരനെ പോലുള്ള ആളുകൾ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യും' - എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.